പൂജാരയും അജിങ്ക്യ രഹാനെയും ഇനി ഇന്ത്യൻ ടീമിൽ തിരിച്ചെത്തില്ല ; കാരണം വെളിപ്പെടുത്തി സുനിൽ ഗവാസ്‌കർ

ശ്രീലങ്കയ്‌ക്കെതിരെ നടക്കാനിരിക്കുന്ന രണ്ട് ടെസ്റ്റ് മത്സരങ്ങളടങ്ങിയ ഹോം പരമ്പരയ്ക്കുള്ള ഇന്ത്യൻ ടെസ്റ്റ് ടീമിൽ നിന്ന് ചേതേശ്വർ പൂജാരയെയും അജിങ്ക്യ രഹാനെയെയും ഒഴിവാക്കിയതിനെക്കുറിച്ച് മുൻ ഇന്ത്യൻ നായകൻ സുനിൽ ഗവാസ്‌കർ തന്റെ അഭിപ്രായം വ്യക്തമാക്കി. ദക്ഷിണാഫ്രിക്കൻ ടെസ്റ്റ് പര്യടനത്തിലെ മോശം പ്രകടനത്തിന് ശേഷം താനും ഇത് പ്രതീക്ഷിച്ചിരുന്നുവെന്ന് വെളിപ്പെടുത്തിയ ഗവാസ്‌കർ, രണ്ട് വെറ്ററൻ ബാറ്റർമാർക്കും ടെസ്റ്റ് ടീമിലേക്കുള്ള തിരിച്ചുവരവ് ബുദ്ധിമുട്ടാണെന്നും കരുതുന്നു.

2021 ന്റെ തുടക്കം മുതലുള്ള കണക്കെടുത്താൽ, 16 ടെസ്റ്റുകൾ കളിച്ച പൂജാര, ഏഴ് അർദ്ധ സെഞ്ച്വറികളോടെ 27.93 ശരാശരിയിൽ ബാറ്റ് ചെയ്തപ്പോൾ, 15 മത്സരങ്ങൾ കളിച്ച രഹാനെ, മൂന്ന് അർദ്ധ സെഞ്ച്വറികളോടെ 20.25 ശരാശരിയാണ് നിലനിർത്തിയത്. ബാറ്റിംഗിൽ മോശം പ്രകടനങ്ങൾ തുടരുന്ന സാഹചര്യത്തിൽ, സെലക്ടർമാർ ഹോം പരമ്പരയ്ക്കായി പ്രഖ്യാപിച്ച 18 അംഗ ടീമിൽ നിന്ന് പൂജാരയെയും രഹാനെയെയും ഒഴിവാക്കിയിരുന്നു.കഴിഞ്ഞ മത്സരങ്ങളിൽ ഒരു സെഞ്ച്വറി, അല്ലെങ്കിൽ 80-90 റൺസ് നേടിയിരുന്നുവെങ്കിൽ അത് മറ്റൊരു കഥയാകുമായിരുന്നുവെന്ന് ഗവാസ്‌കർ കരുതുന്നു.

“ഇത് പ്രതീക്ഷിച്ചതാണ്. ദക്ഷിണാഫ്രിക്കയിൽ നടന്ന മൂന്ന് ടെസ്റ്റുകളിൽ അവരിൽ ഒരാൾ ഒരു സെഞ്ച്വറിയൊ അല്ലെങ്കിൽ 80-90 റൺസിന്റെ ഇന്നിംഗ്സൊ കളിച്ചിരുന്നെങ്കിൽ, അത് മറ്റൊരു കഥയാകുമായിരുന്നു. അതെ, അജിങ്ക്യ രഹാനെ ആകർഷകമായ ചില ഇന്നിംഗ്സുകൾ കളിച്ചു.എന്നാൽ, പ്രതീക്ഷിച്ച സമയത്തും ടീമിന് റൺസ് ആവശ്യമുള്ളപ്പോഴും അവരിൽ നിന്ന് വേണ്ടത്ര സംഭാവന ലഭിച്ചില്ല,” ഇന്ത്യാ ടുഡേയോട് സംസാരിക്കുമ്പോൾ ഗവാസ്‌കർ പറഞ്ഞു.ഒഴിവാക്കപ്പെട്ടെങ്കിലും, സൗരവ് ഗാംഗുലി ഇരുവരോടും രഞ്ജി ട്രോഫി കളിച്ച് പ്രകടനം മെച്ചപ്പെടുത്താൻ ആവശ്യപ്പെട്ടിരുന്നു. എന്നിരുന്നാലും, സീനിയർ ബാറ്റിംഗ് ജോഡിയുടെ തിരിച്ചുവരവിന് സമയം ഉണ്ടാകില്ലെന്നാണ് ഗവാസ്‌കർ കരുതുന്നത്.

“ശരിയാണ്, അവർക്ക് മടങ്ങി വരാൻ അവസരമുണ്ട്. അവർ മികച്ച ഫോം പ്രകടിപ്പിക്കുകയാണെങ്കിൽ, എല്ലാ രഞ്ജി ട്രോഫി മത്സരത്തിലും 200-250 സ്കോർ ചെയ്താൽ, തീർച്ചയായും ഒരു തിരിച്ചുവരവ് സാധ്യമാണ്. എന്നാൽ ഈ ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം, ഇംഗ്ലണ്ടിൽ ഒരു ടെസ്റ്റ് മാത്രമേയുള്ളൂ, അതിനുശേഷം ടി20 ലോകകപ്പ് വരും, അതിനാൽ നവംബർ, ഡിസംബർ മാസങ്ങളിലെ ഇന്ത്യക്ക് അടുത്ത ടെസ്റ്റ്‌ പരമ്പര വരൂ. അപ്പോഴേക്കും എന്ത് സംഭവിക്കുമെന്ന് ഇപ്പോൾ പറയാനാവില്ല,” ഗവാസ്‌കർ പറഞ്ഞു.