ആ ബാറ്റ്സ്മാൻ ഗ്രൗണ്ടിലേക്ക് വരുന്നത് കണ്ടപ്പോൾ ഞാൻ ആകെ ഞെട്ടിപ്പോയി ; അയാളെ താൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല എന്ന് സുനിൽ ഗവാസ്‌കർ

ബുധനാഴ്ച അഹമ്മദാബാദിൽ നടന്ന വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ഏകദിനത്തിൽ രോഹിത് ശർമ്മയെയും ഋഷഭ് പന്തിനെയും ഓപ്പണർമാരായി കൊണ്ടുവന്ന ടീം ഇന്ത്യയുടെ തീരുമാനത്തിൽ ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സുനിൽ ഗവാസ്‌കർ തൃപ്തനല്ല. ക്യാപ്റ്റൻ രോഹിതും മധ്യനിര ബാറ്ററായ പന്തും ഇന്ത്യയുടെ ബാറ്റിംഗ് ഓപ്പൺ ചെയ്ത് ആരാധകരെ അത്ഭുതപ്പെടുത്തിയെങ്കിലും ടീമിന് മികച്ച തുടക്കം നൽകുന്നതിൽ പരാജയപ്പെട്ടിരുന്നു. മത്സരത്തിൽ, രോഹിത്തിന് 5-ഉം, പന്തിന് 18 റൺസും എടുക്കാനേ കഴിഞ്ഞുള്ളൂ.

സ്റ്റാർ സ്‌പോർട്‌സിന്റെ മിഡ് മാച്ച് ഷോയിൽ സംസാരിച്ച ഗവാസ്‌കർ രോഹിതിനെയും പന്തിനെയും ഓപ്പണർമാരായി പരീക്ഷിക്കുന്നത് ഏറ്റവും അവസാന ഓപ്ഷനായി മാത്രമേ പരിഗണിക്കാവു എന്ന് പറഞ്ഞു. “ഞാൻ രോഹിത് – പന്ത് ഓപ്പണിങ് ജോഡി ഒരു അവസാന ഓപ്ഷനായി മാത്രമേ കാണുന്നുള്ളു. രോഹിത്തിനൊപ്പം ബാറ്റിംഗ് ഓപ്പൺ ചെയ്യുന്നതിനുള്ള എന്റെ തിരഞ്ഞെടുപ്പ് ഒന്നുകിൽ രാഹുലോ അല്ലെങ്കിൽ ശിഖർ ധവാനോ ആയിരിക്കും. അതല്ല, ഇനി ടോപ് ഓർഡറിൽ ഒരു ഇടംകയ്യനെ ആണ് ആവശ്യമെങ്കിൽ, ഞാൻ ഇഷാൻ കിഷനിലേക്ക് പോകും,” ഗവാസ്‌കർ പറഞ്ഞു.

കോവിഡ് 19 ബാധിതനായ ഋതുരാജ് ഗെയ്‌ക്‌വാദ്, അസുഖത്തിൽ നിന്ന് സുഖം പ്രാപിച്ചുകഴിഞ്ഞാൽ, താൻ ഗെയ്‌ക്‌വാദിനെ ഒരു ഓപ്പണിംഗ് ഓപ്ഷനായി പരിഗണിക്കും എന്ന് ഗവാസ്‌കർ പറഞ്ഞു. “ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഓപ്പണിംഗ് ബാറ്റർമാരുടെ കാര്യത്തിൽ നിരവധി ഓപ്ഷനുകൾ ഉണ്ട്. നിർഭാഗ്യവശാൽ ഋതുരാജ് ഗെയ്‌ക്‌വാദ് കൊവിഡ് കാരണം ഫിറ്റല്ല. അവൻ തിരിച്ചെത്തിയാൽ ടീമിന് മികച്ച സംഭാവന അവനിൽ നിന്ന് പ്രതീക്ഷിക്കാം. ഐപിഎല്ലിന്റെ കഴിഞ്ഞ രണ്ട് സീസണുകളിൽ നമ്മൾ അദ്ദേഹത്തിന്റെ പ്രകടനം കണ്ടതാണ്,” ഗവാസ്‌കർ കൂട്ടിച്ചേർത്തു.

മൂന്ന് മത്സരങ്ങൾ അടങ്ങിയ ഏകദിന പരമ്പരയിൽ ആദ്യ രണ്ട് മത്സരവും വിജയിച്ച ഇന്ത്യ, പരമ്പരയിൽ വെസ്റ്റ് ഇൻഡീസിനെ 2-0 ത്തിന് മുന്നിലാണ്. പരമ്പരയിലെ അവസാന ഏകദിന മത്സരം അഹ്‌മദാബാദിൽ നടക്കും. ഈ മാസം അവസാനം ഇരു ടീമുകളും മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പരയിലും ഏറ്റുമുട്ടും.