എന്തിനാണ് ഈ ദീപക് ഹൂഡയെ ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്? വിമർശനം ഉന്നയിച്ച് ഗൗതം ഗംഭീർ

ടി20 ലോകകപ്പ് ടീമിൽ ഓൾറൗണ്ടർ ദീപക് ഹൂഡയെ ഉൾപ്പെടുത്തിയതിനെ വിമർശിച്ച് മുൻ ഇന്ത്യൻ ഓപ്പണർ ഗൗതം ഗംഭീർ. ആദ്യ രണ്ട് മത്സരങ്ങളിലും ദീപക് ഹൂഡക്ക് അവസരം നൽകിയിരുന്നില്ലെങ്കിലും, ദക്ഷിണാഫ്രിക്കക്കെതിരായ മത്സരത്തിൽ അക്സർ പട്ടേലിന് പകരം ഹൂഡക്ക് പ്ലെയിങ് ഇലവനിൽ അവസരം നൽകിയിരുന്നു. എന്നാൽ, സ്പിൻ ഓൾറൗണ്ടർ എന്ന ലേബലിൽ ആണ് ഹൂഡക്ക് അവസരം നൽകിയതെങ്കിലും, മത്സരത്തിൽ ഒരു ഓവർ പോലും ഹൂഡയെക്കൊണ്ട് ബൗൾ ചെയ്യിപ്പിച്ചിരുന്നില്ല.

ഈ പശ്ചാത്തലത്തിലാണ് ഗൗതം ഗംഭീർ ഹൂഡയെ ടീമിൽ ഉൾപ്പെടുത്തിയതിനെ ചോദ്യം ചെയ്തത്. ഹൂഡ ഒരു ടോപ് ഓർഡർ ബാറ്റർ ആയതുകൊണ്ട് തന്നെ, അദ്ദേഹത്തെ 7-ാം നമ്പറിൽ ഒക്കെ ബാറ്റ് ചെയ്യാൻ ഇറക്കാൻ തീരുമാനിച്ചാൽ അത് ശുദ്ധ മണ്ടത്തരമാണെന്നും ഗംഭീർ പറഞ്ഞു. ദക്ഷിണാഫ്രിക്കക്കെതിരായ മത്സരത്തിൽ അഞ്ചാമനായി ബാറ്റ് ചെയ്യാൻ എത്തിയ ഹൂഡ, റൺ ഒന്നും എടുക്കാതെ പുറത്തായിരുന്നു.

“ഹൂഡയെ ടീമിൽ ഉൾപ്പെടുത്തിയത് കൊണ്ട് എന്ത് ഇമ്പാക്ട് ആണ് കൊണ്ടുവരാൻ ശ്രമിക്കുന്നത് എന്ന് എനിക്ക് മനസ്സിലാകുന്നില്ല. അവൻ ഒരു ടോപ് ഓർഡർ ബാറ്റർ ആണ്. അവനെ, ബോട്ടം ഓർഡറിൽ ഇറക്കിയാൽ അത് ടീമിന് ഗുണം ചെയ്യില്ല. പിന്നെ എന്തിനാണ് അക്സർ പട്ടേലിന് പകരം ഹൂഡയെ പ്ലെയിങ് ഇലവനിൽ ഉൾപ്പെടുത്തിയത്,” ഗൗതം ഗംഭീർ സ്റ്റാർ സ്പോർട്സിനോട് പറഞ്ഞു. അതേസമയം, അക്സർ പട്ടേലിന് ഇനിയും പ്ലെയിങ് ഇലവനിൽ അവസരം നൽകണമെന്ന അഭിപ്രായം ഗംഭീറിന് ഇല്ല.

“അക്സർ പട്ടേലിന് പകരം, ടീമിന് ഗുണം ചെയ്യുന്ന ഒരു പകരക്കാരനെയാണ് സ്റ്റാർട്ടിങ് ഇലവനിൽ ഉൾപ്പെടുത്തേണ്ടത്,” ഗംഭീർ പറഞ്ഞു. പാകിസ്ഥാനെതിരായ മത്സരത്തിൽ അക്സർ പട്ടേൽ പരാജയം ആയിരുന്നെങ്കിലും, നെതർലൻഡ്സിനെതിരായ മത്സരത്തിൽ അക്സർ പട്ടേൽ മികവ് കാട്ടിയിരുന്നു. രവീന്ദ്ര ജഡേജ പരിക്ക് കാരണം ലോകകപ്പ് ടീമിൽ നിന്ന് പിന്മാറിയതിനെ തുടർന്നാണ് അക്സർ പട്ടേലിനെ ടീമിൽ ഉൾപ്പെടുത്തിയത്.