ധോണിയുമായി ശത്രുതയുണ്ടോ :ഒടുവിൽ ഉത്തരം നൽകി ഗംഭീർ

മുൻ ഇന്ത്യൻ ക്യാപ്റ്റൻ എംഎസ് ധോണിയുമായി മുൻ ഇന്ത്യൻ ഓപ്പണർ ഗൗതം ഗംഭീർ മൈതാനത്തിന് പുറത്ത് അത്ര നല്ല ബന്ധം കാത്തുസൂക്ഷിക്കുന്നില്ല എന്ന് ധോണിയെക്കുറിച്ച് ഗൗതം ഗംഭീർ മുൻപ് നടത്തിയ പല പരാമർഷങ്ങളിൽ നിന്നും ആരാധകർ മനസ്സിലാക്കിയിരുന്നു. അത് 2011 ലോകകപ്പ് ഫൈനലിലെ ഗംഭീറിന്റെ 97 റൺസ് പ്രകടനത്തെ കുറിച്ചുള്ള അദ്ദേഹത്തിന്റെ തന്നെ അഭിപ്രായത്തിൽ നിന്നും, 2012 സിബി പരമ്പരയിൽ ധോണിയുടെ ക്യാപ്റ്റൻസിയെ കുറിച്ചുള്ള ഗംഭീറിന്റെ പരാമർശത്തിൽ നിന്നും ഇരുവരും തമ്മിലുള്ള അസ്വാരസ്യങ്ങൾ പ്രകടമായിരുന്നു.

എന്നാൽ, കഴിഞ്ഞ ദിവസം ‘ഓവർ ആൻഡ് ഔട്ട്’ എന്ന യൂട്യൂബ് ഷോയിൽ ജതിൻ സപ്രുവിനോട് സംസാരിച്ച ഗംഭീർ, ധോണിയും താനും ഭിന്നതയിലാണെന്ന കിംവദന്തിയിൽ വ്യക്തത വരുത്തി. ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസത്തോട് തനിക്ക് ബഹുമാനമുണ്ടെന്നും ഞങ്ങൾ തമ്മിൽ പരസ്പര ബഹുമാനവും സൗഹൃദവും നിലനിൽക്കുന്നുണ്ട് എന്ന് പറഞ്ഞ ഗംഭീർ എല്ലാ കിംവദന്തികളും തള്ളിക്കളഞ്ഞു. ധോണി എന്ന വ്യക്തിയോടും ഇന്ത്യൻ ക്രിക്കറ്റിനുള്ള അദ്ദേഹത്തിന്റെ സംഭാവനയോടും തനിക്ക് ബഹുമാനമുണ്ടെന്ന് ഗംഭീർ വ്യക്തമാക്കി.

“എനിക്ക് അദ്ദേഹത്തോട് പരസ്പര ബഹുമാനമുണ്ട്, അത് എല്ലായ്പ്പോഴും നിലനിൽക്കും. ഞാൻ അത് നിങ്ങളുടെ ചാനലിൽ പറയുന്നു, 138 കോടി ജനങ്ങളുടെ മുമ്പിൽ എവിടെയും എനിക്ക് അത് പറയാം, എപ്പോഴെങ്കിലും ആവശ്യമുള്ളപ്പോൾ, അദ്ദേഹത്തിന് ഒരിക്കലും ആവശ്യമില്ലെന്ന് ഞാൻ പ്രതീക്ഷിക്കുന്നു, എന്നാൽ ജീവിതത്തിൽ എപ്പോഴെങ്കിലും ആവശ്യമുണ്ടെങ്കിൽ, ഇന്ത്യൻ ക്രിക്കറ്റിന് വേണ്ടി ഒരു മനുഷ്യനെന്ന നിലയിൽ അദ്ദേഹം ചെയ്ത കാര്യങ്ങൾ ഓരോന്നായി പറയാൻ പറഞ്ഞാൽ, അത് പറയാൻ അദ്ദേഹത്തോടൊപ്പം നിൽക്കുന്ന ആദ്യത്തെ ആൾ ഞാനായിരിക്കും,” ഗംഭീർ പറഞ്ഞു.

ഐ‌പി‌എൽ 2022 സീസണിൽ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിന്റെ മെന്ററായ മുൻ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ക്യാപ്റ്റൻ, ഇരുവരും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് സമ്മതിച്ചു, എന്നാൽ അത് തങ്ങൾ തമ്മിലുള്ള ബന്ധത്തിൽ വിള്ളലേൽപ്പിച്ചിട്ടില്ല എന്ന് വ്യക്തമാക്കി. “തമ്മിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാം, രണ്ടുപേരും ഗെയിമിനെ വ്യത്യസ്ത രീതിയിൽ നോക്കിയേക്കാം. എനിക്ക് എന്റെ സ്വന്തം അഭിപ്രായങ്ങളുണ്ട്, അദ്ദേഹത്തിന് അദ്ദേഹത്തിന്റെ സ്വന്തം അഭിപ്രായമുണ്ട്. യഥാർത്ഥത്തിൽ അദ്ദേഹം ക്യാപ്റ്റനായിരുന്നപ്പോൾ ഞാനായിരുന്നു ഏറ്റവും കൂടുതൽ കാലം വൈസ് ക്യാപ്റ്റൻ,” ഗംഭീർ പറഞ്ഞു.