വിരാട് കോഹ്‌ലിയെ പൂർണ വിശ്വാസമുണ്ട്; വ്യക്തമാക്കി ദാദ

ഒരുപാട് നാളായി മികച്ച ഫോം കണ്ടെത്താനാകാതെ വിമർശനങ്ങൾക്ക് വിധേയനായിക്കൊണ്ടിരിക്കുന്ന ഇന്ത്യൻ സൂപ്പർ താരം വിരാട് കോഹ്‌ലിക്ക് പൂർണ പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ നായകനും ഇപ്പോൾ ബിസിസിഐ അധ്യക്ഷനുമായ സൗരവ് ഗാംഗുലി. വരുന്ന ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂർണമെന്റിൽ താരം തന്റെ ഫോം വീണ്ടെടുക്കുക തന്നെ ചെയ്യുമെന്ന ഉറച്ച വിശ്വാസം തനിക്കുണ്ടെന്ന് പറയുകയാണ് ഗാംഗുലി.

കഴിഞ്ഞ ഇംഗ്ലണ്ട് പര്യടനത്തിൽ തീർത്തും നിറം മങ്ങിയ കോഹ്‌ലി പിന്നീട് നടന്ന വെസ്റ്റിൻഡീസ് പരമ്പരയിൽ സ്വയം വിശ്രമം ചോദിച്ച് വാങ്ങുകയായിരുന്നു. കുടുംബത്തോടൊപ്പം അല്പം സമയം ചിലവിട്ട് പൂർവാധികം ശകതിയോടെ മത്സര ക്രിക്കറ്റിലേക്ക് തിരിച്ചെത്തും എന്ന പ്രതീക്ഷയോടെയാണ് അദ്ദേഹം അവധി എടുത്തത്. ഓഗസ്റ്റ് മാസം അവസാനം തുടങ്ങുന്ന ഏഷ്യ കപ്പിനായി താരം കഠിന പരിശീലനം തുടങ്ങിക്കഴിഞ്ഞു.

അദ്ദേഹം നന്നായി പരിശീലിക്കട്ടെ, ഇനിയും ഒരുപാട് മത്സരങ്ങൾ കളിക്കട്ടെ. വിരാട് കോഹ്‌ലി ഒരു മികച്ച താരമാണ്, ഇന്ത്യക്കായി ഒരുപാട് റൺസ് വാരിക്കൂട്ടിയ അദ്ദേഹത്തിന് ഇനിയും നേട്ടങ്ങൾ കൈവരിക്കാൻ കഴിയും. അദ്ദേഹം നഷ്ടമായ ഫോമിലേക്ക് തിരിച്ചെത്തും എന്ന് ഞാൻ കരുതുന്നു. ഒരു സെഞ്ചുറി അടിക്കാൻ കഴിയുന്നില്ല എന്നതാണ് എല്ലാവരും പറയുന്നത്, എങ്കിലും ഈ വരുന്ന ഏഷ്യ കപ്പിൽ അദ്ദേഹത്തിന്റെ മിന്നുന്ന പ്രകടനങ്ങൾ തീർച്ചയായും കാണാൻ സാധിക്കും എന്നും സ്പോർട്സ് ടക്കിന് അനുവദിച്ച അഭിമുഖത്തിൽ ദാദ വ്യക്തമാക്കി.

ഓഗസ്റ്റ് 18, 20, 22 തിയതികളിൽ നടക്കുന്ന സിംബാബ്‌വെക്കെതിരെയുള്ള ഏകദിന പരമ്പരയിലും കോഹ്‌ലി കളിക്കുന്നില്ല. ഓഗസ്റ്റ് 28 ന്‌ ഏഷ്യ കപ്പിലെ ആദ്യ മത്സരത്തിൽ പാക്കിസ്ഥാനെ നേരിടുമ്പോൾ ഒരു അപൂർവ റെക്കോർഡ് കൂടിയാണ് കോഹ്‌ലി നേടാൻ പോകുന്നത്. ഇന്ത്യക്കായി നൂറാം രാജ്യാന്തര ട്വന്റി ട്വന്റി മത്സരം കളിക്കുന്നു. രോഹിത് ശർമ മാത്രമാണ് ഈ നേട്ടം കൈവരിച്ച ഇന്ത്യക്കാരൻ. മാത്രവുമല്ല, ക്രിക്കറ്റിന്റെ മൂന്ന് ഫോർമറ്റിലും നൂറ് രാജ്യാന്തര മത്സരങ്ങൾ കളിക്കുന്ന ആദ്യ ഇന്ത്യക്കാരനും ലോകത്തിലെ രണ്ടാമത്തെ മാത്രം കളിക്കാരനും ആയിത്തീരും വിരാട് കോഹ്‌ലി. റോസ് ടെയ്‌ലർ മാത്രമാണ് ഈ നേട്ടം കൈവരിച്ചിട്ടുള്ളത്.