പരമ്പര ഇന്ത്യ 4-0 വാരും 😵‍💫😵‍💫മഹാ പ്രവചനവുമായി ദാദ

വലിയ രീതിയിൽ വെല്ലുവിളികളുമായി എത്തിയ ഓസ്ട്രേലിയൻ ടീമിന്റെ നട്ടെല്ലൊടിക്കുന്ന പ്രകടനമാണ് ഇന്ത്യ ആദ്യ രണ്ട് ടെസ്റ്റുകളിലും കാഴ്ചവെച്ചിട്ടുള്ളത്. ബോർഡർ-ഗവാസ്കർ ട്രോഫി രണ്ട് ടെസ്റ്റുകൾക്ക് ശേഷം തന്നെ നിലനിർത്താൻ ഇന്ത്യ ടീമിന് സാധിച്ചിട്ടുണ്ട്. ആദ്യ ടെസ്റ്റുകളിലെ പരാജയം ഓസ്ട്രേലിയൻ ടീമിനെ വളരെയധികം പിന്നോട്ടടിച്ചിട്ടുണ്ട് എന്നതും വ്യക്തമാണ്. ഈ സാഹചര്യത്തിൽ, വരുന്ന മത്സരങ്ങളിൽ ഓസ്ട്രേലിയ തിരികെയെത്തുമോ എന്നതിനുള്ള ഉത്തരം നൽകുകയാണ് ഇന്ത്യയുടെ മുൻ നായകൻ സൗരവ് ഗാംഗുലി.

വരുന്ന മത്സരങ്ങളിലും മറ്റൊരു അത്ഭുതം സംഭവിക്കില്ലെന്നും, ഇന്ത്യ 4-0ന് പരമ്പര തൂത്തുവാരുമെന്നുമാണ് സൗരവ് ഗാംഗുലി ഇപ്പോൾ പറയുന്നത്. ഇന്ത്യയിലെ സാഹചര്യങ്ങളിൽ ഇന്ത്യയെ പരാജയപ്പെടുത്തുക എന്നത് ഓസിസിനെ കൊണ്ട് സാധിക്കാത്ത കാര്യമാണ് എന്ന് സൗരവ് വിശ്വസിക്കുന്നു. “ഇന്ത്യ ഈ പരമ്പര 4-0ന് നേടുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. ഇന്ത്യയെ പരാജയപ്പെടുത്തുക എന്നത് ഓസീസിനെ സംബന്ധിച്ച് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. പ്രത്യേകിച്ച് ഈ സാഹചര്യത്തിൽ ഇന്ത്യ ഒരു വമ്പൻ ടീം തന്നെയാണ്.”- സൗരവ് ഗാംഗുലി പറഞ്ഞു.

ലോക ടെസ്റ്റ്‌ ചാമ്പ്യൻഷിപ്പ് ഫൈനലിൽ എത്താനായി കുറഞ്ഞത് മൂന്നു മത്സരങ്ങളിലെങ്കിലും ഇന്ത്യ വിജയിക്കണമെന്ന രീതിയിലായിരുന്നു പരമ്പര ആരംഭിച്ചത്. എന്നാൽ ആദ്യ രണ്ടു മത്സരങ്ങളിലും ഇന്ത്യ വിജയിച്ചതോടുകൂടി ലോക ടെസ്റ്റ്‌ ചാമ്പ്യൻഷിപ്പ് ഫൈനലിലെത്താനുള്ള സാധ്യതകൾ അങ്ങേയറ്റം വർദ്ധിച്ചിട്ടുണ്ട്. ഇനിയും നടക്കാനിരിക്കുന്ന രണ്ടു മത്സരങ്ങളിൽ ഏതെങ്കിലും ഒന്നിൽ വിജയം നേടിയാൽ ഇന്ത്യയ്ക്ക് മറ്റു റിസൾട്ട്കളെ ആശ്രയിക്കാതെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിലെത്താൻ സാധിക്കും.

മറുവശത്ത് പ്രതിസന്ധിയുടെ അങ്ങേയറ്റത്താണ് ഓസ്ട്രേലിയൻ ടീം. ആദ്യ രണ്ടു ടെസ്റ്റുകളിലും യാതൊരു സമയത്തും ഇന്ത്യൻ നിരയ്ക്ക് മുകളിൽ ആധിപത്യം ചെലുത്താൻ ഓസ്ട്രേലിക്ക് സാധിച്ചിട്ടില്ല. വലിയൊരു തിരിച്ചുവരവ് നടത്താൻ സാധിച്ചില്ലെങ്കിൽ അവരുടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ പ്രതീക്ഷകളെ പോലും ഇത് ബാധിക്കും എന്നത് ഉറപ്പാണ്.

Rate this post