“ഇല്ല ഇതുവരെ പുറത്തായിട്ടില്ല”സന്തോഷ വാക്കുകളുമായി സൗരവ് ഗാഗുലി

ടി20 ലോകകപ്പിന് തയ്യാറെടുക്കുന്ന ഇന്ത്യൻ ടീമിന് കനത്ത നിരാശ പകരുന്ന വാർത്തയായിരുന്നു കഴിഞ്ഞദിവസം പുറത്തുവന്നത്. സ്റ്റാർ പേസർ ജസ്‌പ്രീത് ബുംറ പരിക്കിന്റെ പിടിയിൽ നിന്ന് മോചനം നേടാത്തതിനെ തുടർന്ന്, അദ്ദേഹത്തിന് ലോകകപ്പ് നഷ്ടമാകും എന്നായിരുന്നു ഏറ്റവും ഒടുവിൽ വന്ന റിപ്പോർട്ട്. ഇതോടെ, ബുംറക്ക് പകരം മറ്റൊരു പേസർ ആയ മുഹമ്മദ് സിറാജിനെ ടി20 സ്‌ക്വാഡിലേക്ക് ഉൾപ്പെടുത്തുകയും ചെയ്തിരുന്നു.

എന്നാൽ, ബുംറയുടെ കാര്യത്തിൽ ഇപ്പോഴും പ്രതീക്ഷ കൈവിട്ടിട്ടില്ല എന്ന് പങ്കുവെക്കുകയാണ് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. ബുംറയെ ഇതുവരെ ഇന്ത്യൻ ടീമിൽ നിന്ന് പുറത്താക്കിയിട്ടില്ല എന്നും, ഓസ്ട്രേലിയയിലേക്കുള്ള ഫ്ലൈറ്റിൽ ബുംറ ഉണ്ടാകണം എന്നാണ് താൻ ആഗ്രഹിക്കുന്നത് എന്നും ഗാംഗുലി ട്വിറ്ററിലൂടെ പ്രതികരിച്ചു. “ഇല്ല, ബുംറ ഇതുവരെ ലോകകപ്പിൽ നിന്ന് പുറത്തായിട്ടില്ല. എന്താണ് സംഭവിക്കുന്നതെന്ന് നമുക്ക് നോക്കാം,” ഗാംഗുലി റെവ്സ്‌പോർട്സിന്റെ ട്വീറ്റർ ഹാൻഡിൽ പങ്കുവെച്ച വീഡിയോയിൽ പറഞ്ഞു.

“അവൻ ഓസ്ട്രേലിയയിലേക്ക് പോകുമോ എന്നത് എനിക്കറിയില്ല, ഞങ്ങൾ 3-4 ദിവസത്തിനുള്ളിൽ അതിൽ വ്യക്തത വരുത്തും. എന്തായാലും അവനെ ഇതുവരെ പുറത്താക്കിയിട്ടില്ല (ലോകകപ്പ് ടീമിൽ നിന്ന്),” സൗരവ് ഗാംഗുലി കൂട്ടിച്ചേർത്തു. ബിസിസിഐ പ്രസിഡന്റിന്റെ വാക്കുകളിൽ ഏറെ പ്രതീക്ഷകളാണ് ഉള്ളത്. പരിക്കേറ്റ ബുംറക്ക് കഴിഞ്ഞ ഏഷ്യ കപ്പ് നഷ്ടമായിരുന്നു. ഏഷ്യ കപ്പിൽ ദയനീയ പ്രകടനം കാഴ്ചവച്ച ഇന്ത്യ, ലോകകപ്പിൽ ഗംഭീരമായ തിരിച്ചുവരവ് നടത്തുമെന്ന ആരാധകരുടെ പ്രതീക്ഷക്കാണ് ബുംറ പരിക്കിൽ നിന്ന് മോചിതനായില്ല എന്ന വാർത്ത ചെറിയ രീതിയിൽ മങ്ങൽ ഏൽപ്പിച്ചത്.

അതേസമയം, പരിക്കേറ്റ സ്റ്റാർ ഓൾറൗണ്ടർ രവീന്ദ്ര ജഡേജ ലോകകപ്പിന് ഉണ്ടായിരിക്കില്ല എന്ന കാര്യം നേരത്തെ തന്നെ ഉറപ്പായിരുന്നു. എന്നാൽ, അക്സർ പട്ടേൽ ഒരു പരിധിവരെ ജഡേജയുടെ വിടവ് നികത്തി മികച്ച പ്രകടനം പുറത്തെടുക്കുന്നതിനാൽ തന്നെ, ഓസ്ട്രേലിയയിൽ ജഡേജയുടെ നഷ്ടം ഇന്ത്യൻ ടീമിൽ വലിയ രീതിയിൽ പ്രകടമാകില്ല എന്നാണ് കരുതുന്നത്. സൗരവ് ഗാംഗുലിയുടെ വാക്കുകൾ കടമെടുത്താൽ, ജസ്‌പ്രീത് ബുംറ ലോകകപ്പിന് ഉണ്ടാകുമോ ഇല്ലയോ എന്നറിയാൻ കുറച്ചുദിവസം കൂടി കാത്തിരിക്കാം.