ക്രിക്കറ്റ്‌ റീ എൻട്രിയുമായി സൗരവ് ഗാംഗുലി; കൊൽക്കത്തയുടെ രാജകുമാരൻ ഇതാ വീണ്ടും വരുന്നു

ഇപ്പോഴത്തെ ബിസിസിഐ പ്രസിഡന്റും ഇന്ത്യയുടെ ഇതിഹാസ താരവുമായ സൗരവ് ഗാംഗുലി വീണ്ടും ബാറ്റ് കയ്യിലെടുക്കുന്നു. ആസാദീ കാ അമൃത് മഹോത്സവ് (ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 75 വർഷങ്ങൾ) ആഘോഷത്തിന്റെ ഭാഗമായി സ്ത്രീ ശാക്തീകരണത്തിന് കൂടി പ്രാധാന്യം നൽകിക്കൊണ്ട് സംഘടിപ്പിക്കുന്ന ഒരു ചാരിറ്റി മത്സരത്തിലാണ് ദാദ വീണ്ടും പാഡ് അണിയുന്നത്. സെപ്റ്റംബർ മാസത്തിൽ നടക്കുന്ന ലജൻഡ്‌സ്‌ ലീഗ് ക്രിക്കറ്റിന് ഇടയിൽ വച്ചാണ് ഈ മത്സരവും സംഘടിപ്പിക്കുന്നത്.

ദാദയുടെ ക്രീസിലേക്കുള്ള മടങ്ങിവരവ് ആരാധകരെ തെല്ലൊന്നുമല്ല ആവേശം കൊള്ളിച്ചിരിക്കുന്നത്. ഒരു കാലത്ത് ഇന്ത്യയുടെ യുവതലമുറയെ ക്രിക്കറ്റിലേക്ക് ആകർഷിച്ച അദ്ദേഹത്തിന്റെ ഇന്നിംഗ്സുകൾ ഇന്നും ആരാധകരെ സംബന്ധച്ചിടത്തോളം നിത്യഹരിത ഓർമകളാണ്. ഇന്ത്യയെ നിർഭയ ക്രിക്കറ്റ് കളിക്കാൻ പഠിപ്പിച്ച ക്യാപ്റ്റൻ ആയിരുന്നു ഗാംഗുലി. വിദേശ രാജ്യങ്ങളിൽ പര്യടനം നടത്തുമ്പോൾ നമ്മുടെ താരങ്ങൾ പലപ്പോഴും കളിയാക്കലുകൾക്ക് വിധേയരാകുന്ന കാഴ്ച സ്ഥിരം ആയിരുന്നു. ഇതിനെതിരെ ശക്തമായി നിലകൊണ്ടു അവരെ അതേ നാണയത്തിൽ മറുപടി നൽകാൻ ഊർജ്ജം പകർന്നു നൽകിയ നായകൻ

1996ൽ ഇംഗ്ലണ്ടിലെ പ്രസിദ്ധമായ ലോർഡ്സ് മൈതാനത്ത് അരങ്ങേറ്റം കുറിച്ച ഈ ഇടങ്കയ്യൻ ബാറ്റർ 131 റൺസ് വാരിക്കൂട്ടി തന്റെ വരവറിയിച്ചു. പിന്നീടൊരിക്കലും അദ്ദേഹത്തിന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. കുറച്ച് നാളുകൾക്ക് ശേഷം ഇന്ത്യൻ ക്യാപ്റ്റൻ ആവുകയും 2003 ODI ലോകകപ്പിൽ ടീമിനെ ഫൈനലിൽ എത്തിക്കുകയും ചെയ്തു. 2002ൽ ഇംഗ്ലണ്ടിൽ വച്ച് നടന്ന നാറ്റ് വെസ്റ്റ് ട്രോഫിയിൽ അട്ടിമറി വിജയം നേടിയതിന് ശേഷം ബാൽക്കണിയിൽ നിന്ന് ജഴ്‌സി ഊരി വീശുന്ന ദാദയുടെ ചിത്രം ഒരു ഇന്ത്യൻ ക്രിക്കറ്റ് ആരാധകനും മറക്കാൻ കഴിയില്ല.

നേരത്തെ സെപ്റ്റംബറിൽ ഇന്ത്യയിൽ വെച്ച് നടക്കുന്ന ക്രിക്കറ്റിൽ നിന്നും വിരമിച്ച താരങ്ങളുടെ ‘ ലജൻഡ്സ് ലീഗ് ക്രിക്കറ്റ് ‘ പരമ്പരയിൽ ഗാംഗുലിയും കളിക്കുന്നു എന്നൊരു വാർത്ത വന്നിരുന്നു. ടൂർണമെന്റ് അധികൃതർ അത് സമൂഹ മാധ്യമങ്ങളിലൂടെ അറിയിക്കുകയും ചെയ്തിരുന്നു. പക്ഷേ ഈ വാർത്ത നിഷേധിച്ചുകൊണ്ട് ഞാൻ ഒരു ലീഗിന്റെയും ഭാഗമല്ല എന്നുപറഞ്ഞ് ഗാംഗുലി രംഗത്തെത്തി. എന്നിരുന്നാലും കഴിഞ്ഞ ദിവസം തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഒരു ജിം വർക്കൗട്ട് ചിത്രത്തിന് താഴെ അടിക്കുറിപ്പായി ഒരു ചാരിറ്റി മത്സരത്തിൽ കളിക്കാനായി ഞാൻ തയ്യാറെടുക്കുന്നു എന്ന് ഗാംഗുലി വ്യക്തമാക്കി കഴിഞ്ഞു. ഓഫ്‌ സൈഡിൽ മായാജാലം കാട്ടുന്ന ആ ബാറ്റിങ്ങിനായി ആരാധകർ കാത്തിരിക്കുന്നു.