കോഹ്ലിയുമായി എന്തിന് അടിയുണ്ടാക്കി😱😱 കാരണം വെളിപ്പെടുത്തി ഗൗതം ഗംഭീർ

2013 ഏപ്രിൽ 11, റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയും കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ക്യാപ്റ്റൻ ഗൗതം ഗംഭീറും തമ്മിൽ ഐപിഎൽ മത്സരത്തിനിടെ മൈതാനത്ത് വാക്ക് തർക്കത്തിൽ ഏർപ്പെടുന്നു, അസാധാരണമായ കാഴ്ച്ചകൾക്കാണ് ആരാധകർ അന്ന് സാക്ഷ്യം വഹിച്ചത്. അടുത്തിടെ ജതിൻ സപ്രുമൊത്തുള്ള യൂട്യൂബ് ചാനലിലെ ഒരു സംഭാഷണത്തിൽ ഗംഭീർ അന്ന് നടന്ന സംഭവത്തെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ്.

2013-ൽ നടന്നതൊന്നും വ്യക്തിപരമല്ലെന്ന് ഗംഭീർ പറഞ്ഞു. “അന്ന് ഞാനും വിരാടും തമ്മിൽ വ്യക്തിപരമായി ഒരു പ്രശ്നവും ഉണ്ടായിരുന്നില്ല, ഞങ്ങൾ തമ്മിൽ പിന്നീട് ഒരിക്കലും വ്യക്തിപരമായ പ്രശ്നങ്ങൾ ഉണ്ടായിട്ടുമില്ല. ഞാൻ വീണ്ടും വീണ്ടും പറയുന്നു, അവന്റെ നേട്ടങ്ങളിൽ അതിശയിക്കാത്ത ഒരു വ്യക്തിയാണ് ഞാൻ. കാരണം, അവനെ നേരത്തെ കണ്ടപ്പോൾ തന്നെ അവൻ അത്തരത്തിലുള്ള കളിക്കാരനായിരുന്നു എന്ന് ഞങ്ങൾ തിരിച്ചറിഞ്ഞു. പിന്നീട്, അവൻ ഫിറ്റ്‌നസ് നിലനിർത്തുന്നതിൽ ജാഗ്രത പുലർത്തി, തന്റെ കഴിവുകളെ മെച്ചപ്പെടുത്തുന്നതിനായി കോഹ്‌ലി പ്രവർത്തിച്ച രീതി അതിശയകരമാണ്,” ഗംഭീർ പറഞ്ഞു.

അതേ അഭിമുഖത്തിൽ എംഎസ് ധോണിയുമായുള്ള അഭിപ്രായ വ്യത്യാസത്തെ ക്കുറിച്ചും ഗൗതം ഗംഭീർ സംസാരിച്ചു. മഹേന്ദ്ര സിംഗ് ധോണിയും ഗൗതം ഗംഭീറും ഒരുപാട് കാലം ഒരുമിച്ച് കളിച്ചവരാണ്. രണ്ട് താരങ്ങളും ചേർന്ന് നിരവധി വിജയങ്ങളിലേക്ക് ഇന്ത്യയെ നയിച്ചിട്ടുമുണ്ട്. 2007ലെ ടി20 ലോകകപ്പും 2011ലെ ഏകദിന ലോകകപ്പും ഇതിൽ ഉൾപ്പെടുന്നു.എന്നിരുന്നാലും, ഇരുവരും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങളെക്കുറിച്ച് എല്ലായ്പ്പോഴും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

എന്നാൽ, ഇതെല്ലാം അസംബന്ധമാണ് എന്ന് പറഞ്ഞ് തള്ളിക്കളയുകയാണ് ഗംഭീർ. ‘ഇതെല്ലാം അസംബന്ധമാണ്. എനിക്ക് അദ്ദേഹത്തോട് (ധോണി) വലിയ ബഹുമാനമുണ്ട്, എപ്പോഴും അങ്ങനെയായിരിക്കും. ഞാൻ ഇത് അത്തരം വാർത്തകൾ പ്രചരിക്കുമ്പോൾ തന്നെ ഔദ്യോഗികമായി പറഞ്ഞിട്ടുണ്ട്. തമ്മിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാവുന്നത് സ്വഭാവികമാണ്, എന്നാൽ അതൊന്നും വ്യക്തിപരമായ ഭിന്നതകൾക്ക് കാരണമാകുന്നില്ല,” ഗംഭീർ പറഞ്ഞു.