ഇന്ത്യക്ക് ലോകക്കപ്പിൽ എട്ടിന്റെ പണി അവർ തന്നേക്കും!!മുന്നറിയിപ്പ് നൽകി ഗംഭീർ

ടി20 ലോകകപ്പ് ഞായറാഴ്ച ആരംഭിക്കാനിരിക്കെ ക്രിക്കറ്റ് ലോകം മുഴുവൻ നോക്കുന്നത് ഒക്ടോബർ 23ന് നടക്കാനിരിക്കുന്ന ഇന്ത്യ – പാകിസ്ഥാൻ മത്സരത്തിലേക്കാണ്. ലോകകപ്പിൽ പാകിസ്ഥാന് ഇന്ത്യയെ പരാജയപ്പെടുത്താൻ സാധിച്ചിട്ടില്ല എന്ന് ഏറെക്കാലമായി ഇന്ത്യ അഭിമാനിച്ചിരുന്നെങ്കിലും, 2021 ടി20 ലോകകപ്പിൽ ഇന്ത്യയെ പരാജയപ്പെടുത്തി പാക്കിസ്ഥാൻ ഇന്ത്യയുടെ അഭിമാനകരമായ നേട്ടത്തിന് അറുതി വരുത്തിയിരുന്നു.

എന്നാൽ, ടി20 ലോകകപ്പിൽ ഇന്ത്യയ്ക്ക് ഭീഷണിയായേക്കാൻ സാധ്യതയുള്ള മറ്റൊരു ടീമിനെ കുറിച്ച് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. നിലവിലെ ഏഷ്യ കപ്പ് ജേതാക്കളായ ശ്രീലങ്ക അത്ഭുതങ്ങൾ സൃഷ്ടിക്കാൻ സാധിക്കുന്ന ടീമാണെന്ന് പറഞ്ഞ മുൻ ഇന്ത്യൻ ഓപ്പണർ, ശ്രീലങ്ക ടി20 ലോകകപ്പിൽ എല്ലാ എതിരാളികൾക്കും ഒരു ഭീഷണിയാകാൻ പോവുകയാണ് എന്ന് മുന്നറിയിപ്പും നൽകി.

കഴിഞ്ഞ ഏഷ്യ കപ്പിൽ ഇന്ത്യയെ പരാജയപ്പെടുത്തിയ ശ്രീലങ്ക, ഫൈനലിൽ ബാബർ അസം നായകനായ പാകിസ്ഥാനെ പരാജയപ്പെടുത്തി കിരീടം നേടിയിരുന്നു. ഇതിന്റെയെല്ലാം പശ്ചാത്തലത്തിലാണ് ദ്വീപ്കാരെ ഭയക്കണം എന്ന് മുൻ ഇന്ത്യൻ ഓപ്പണർ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ശ്രീലങ്കയുടെ ബൗളിംഗ് അപകടകരമാണ് എന്നും ഗൗതം ഗംഭീർ അഭിപ്രായപ്പെട്ടു.

“ഏഷ്യ കപ്പിൽ ശ്രീലങ്ക നേടിയ വിജയത്തിന് കാരണം, അവർ കളിക്കുന്ന രീതി, ശരിയായ സമയത്ത് അവർ ഉയർന്നുനിൽക്കുന്ന രീതി എന്നിവയാണ്. ഒപ്പം ചമീരയും ലാഹിരു കുമാരയും വന്നതോടെ അവർ അവരുടെ മിക്ക സ്ഥലങ്ങളും കവർ ചെയ്തു. അവർ ഒരു ഭീഷണിയാകാൻ പോവുകയാണ്, അതിനാൽ അവർ ടി20 ലോകകപ്പിലേക്ക് വളരെയധികം ആത്മവിശ്വാസം കൈക്കൊണ്ടാണ് വരുന്നത്,” ഗൗതം ഗംഭീർ സ്റ്റാർ സ്പോർട്സിനോട് പറഞ്ഞു.