ലേലത്തിൽ ആരും എടുത്തില്ല 😳😳😳ഷാനക ബാറ്റിങ് വെടിക്കെട്ടിനെ പുകഴ്ത്തി ഗംഭീർ

ശ്രീലങ്കയുടെ ഇന്ത്യൻ പര്യടനത്തിൽ ലങ്കൻ നിരയിൽ ടി20 പരമ്പരയിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ചത് അവരുടെ ക്യാപ്റ്റനായ ദസുൻ ഷനകയാണ്. ഒരു അർദ്ധ സെഞ്ച്വറി പ്രകടനം ഉൾപ്പെടെ, മൂന്ന് മത്സരങ്ങളിൽ നിന്നായോ 124 റൺസ് ആയിരുന്നു ദസുൻ ഷനകയുടെ സമ്പാദ്യം. ഒരു മീഡിയം പേസ് ഓൾറൗണ്ടർ ആയ ദസുൻ ഷനക, കഴിഞ്ഞ മാസം കൊച്ചിയിൽ നടന്ന ഐപിഎൽ മിനി താരലേലത്തിൽ പങ്കെടുത്തിരുന്നെങ്കിലും, ഒരു ഫ്രാഞ്ചൈസിയും അദ്ദേഹത്തിനായി രംഗത്ത് എത്തിയിരുന്നില്ല.

50 ലക്ഷം രൂപയായിരുന്നു ദസുൻ ഷനകയുടെ അടിസ്ഥാന വില. ഫാസ്റ്റ് ബൗളിംഗ് ഇന്ത്യൻ ഓൾറൗണ്ടർമാർ കുറവായതിനാൽ തന്നെ, എല്ലാ ഐപിഎൽ ഫ്രാഞ്ചൈസികളും ഈ ഗണത്തിൽപ്പെടുന്ന വിദേശ താരങ്ങളെയാണ് പരിഗണിക്കാറുള്ളത്. ബെൻ സ്റ്റോക്സ്, സാം കറൻ, ക്യാമെറൂൺ ഗ്രീൻ, ജേസൺ ഹോൾഡർ തുടങ്ങിയ ഫാസ്റ്റ് ബോളിംഗ് വിദേശ ഓൾറൗണ്ടർമാരെയെല്ലാം പൊന്നും വിലക്ക് ഐപിഎൽ ഫ്രാഞ്ചൈസികൾ സ്വന്തമാക്കിയപ്പോൾ, ശ്രീലങ്കൻ ക്യാപ്റ്റനിൽ ആരും താൽപ്പര്യം പ്രകടിപ്പിക്കാതിരുന്നത് ആശ്ചര്യം ഉളവാക്കിയിരുന്നു.

എന്നാൽ, ഇപ്പോൾ നടന്ന ടി20 പരമ്പരക്ക് ശേഷമാണ് ഐപിഎൽ താരലേലം നടന്നതെങ്കിൽ, താൻ പ്രതിനിധീകരിച്ച ലക്നൗ സൂപ്പർ ജിയന്റ്സ് ഉൾപ്പെടെയുള്ള ഫ്രാഞ്ചൈസികൾ ദസുൻ ഷനകക്കായി ലേലത്തിൽ രംഗത്ത് വരുമായിരുന്നു എന്ന് മുൻ ഇന്ത്യൻ ഓപ്പണർ ഗൗതം ഗംഭീർ പറഞ്ഞു ദസുൻ ഷനകയെ സ്വന്തമാക്കാൻ പല ഐപിഎൽ ഫ്രാഞ്ചൈസികളുടെയും കയ്യിൽ പണം തികയാതെ വരുമായിരുന്നു എന്നും ഗൗതം ഗംഭീർ പറഞ്ഞു. സ്റ്റാർ സ്‌പോർട്സിൽ നടന്ന ഒരു ഷോയിലാണ് ഗംഭീർ ഇക്കാര്യം പറഞ്ഞത്.

“ഈ പരമ്പര ഐപിഎൽ താരലേലത്തിന് മുന്നേ ആയിരുന്നുവെങ്കിൽ, അല്ലെങ്കിൽ ഐപിഎൽ താരലേലം ഈ പരമ്പരയ്ക്ക് ശേഷമായിരുന്നുവെങ്കിൽ, ദസുൻ ഷനക ലേലത്തിൽ വരുന്ന കാഴ്ച നിങ്ങൾ ഒന്ന് ചിന്തിച്ചു നോക്കൂ. എന്റെ ഉൾപ്പെടെ പല ഫ്രാഞ്ചൈസികളുടെയും കയ്യിൽ അവനെ വാങ്ങിക്കാൻ പണം തികയാതെ വരുന്ന സാഹചര്യം ഉണ്ടായേനെ. എല്ലാവരും ദസുൻ ഷനകയിൽ ശ്രദ്ധ പുലർത്തിയേനെ,” ഗൗതം ഗംഭീർ പറഞ്ഞു.

5/5 - (1 vote)