ഇന്ത്യ കിരീടം നേടണമെങ്കിൽ കളിക്കേണ്ടത് വിരാട് കോഹ്‌ലിയോ സൂര്യകുമാർ യാദവോ അല്ല; മുൻ ഇന്ത്യൻ ഓപ്പണർ ഗൗതം ഗംഭീർ പറയുന്നു

ഓസ്ട്രേലിയയിൽ പുരോഗമിക്കുന്ന ടി20 ലോകകപ്പിൽ സെമിഫൈനലിൽ എത്തിയിരിക്കുകയാണ് ടീം ഇന്ത്യ. ഏറെ നാൾക്കു ശേഷം ഒരു ഐസിസി കിരീടം എന്ന ലക്ഷ്യം നിറവേറ്റാൻ, ഇനി രണ്ട് മത്സരങ്ങൾ മാത്രമാണ് ഇന്ത്യക്ക് മുന്നിലുള്ളത്. നവംബർ 10-ന് നടക്കാനിരിക്കുന്ന സെമിഫൈനലിൽ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്താൻ ആയാൽ, നവംബർ 12 ഞായറാഴ്ച നടക്കാനിരിക്കുന്ന ഫൈനലിൽ, പാകിസ്ഥാൻ – ന്യൂസിലാൻഡ് സെമിഫൈനൽ മത്സരത്തിലെ വിജയിയെ ഇന്ത്യക്ക് നേരിടാം.

ബൗളിംഗ് ഡിപ്പാർട്ട്മെന്റ് വളരെ മികച്ച പ്രകടനം നടത്തുന്നുണ്ടെങ്കിലും, വിരാട് കോഹ്ലി, സൂര്യകുമാർ യാദവ് എന്നിവർ ഒഴികെ മറ്റു ബാറ്റർമാർ ആരും സ്ഥിരത പുലർത്താത്തത് ഇന്ത്യക്ക് തിരിച്ചടിയാവുന്നുണ്ട്. എന്നാൽ, ആദ്യ മൂന്നു കളികളിലും സമ്പൂർണ്ണ പരാജയമായിരുന്നു കെഎൽ രാഹുൽ, അവസാന രണ്ട് മത്സരങ്ങളിലും അർദ്ധ സെഞ്ച്വറി പ്രകടനം കാഴ്ചവെച്ചത് ഇന്ത്യക്ക് പ്രതീക്ഷ നൽകുന്നതാണ്. ഇത് സംബന്ധിച്ച് മുൻ ഇന്ത്യൻ ഓപ്പണർ ഗൗതം ഗംഭീർ ഇപ്പോൾ തന്റെ അഭിപ്രായം പങ്കുവെച്ചിരിക്കുകയാണ്.

ഒരു കളിക്കാരൻ ഒന്നോ രണ്ടോ മത്സരങ്ങളിൽ മോശമായാൽ, അവൻ ഒരു മോശം കളിക്കാരനാണ് എന്ന് കണക്കാക്കരുത് എന്ന് പറഞ്ഞ ഗംഭീർ, കെഎൽ രാഹുൽ തിളങ്ങിയാൽ ഇന്ത്യക്ക് കിരീടം നേടാൻ ആകും എന്നും പറഞ്ഞു. ഐപിഎല്ലിൽ കെഎൽ രാഹുൽ നായകനായ ലഖ്നൗ സൂപ്പർ ജിയന്റ്സിന്റെ പരിശീലകനാണ് ഗൗതം ഗംഭീർ. “ഒന്നോ രണ്ടോ മത്സരങ്ങൾ മോശമാകുമ്പോഴേക്കും ഒരാളെ മോശം കളിക്കാരൻ എന്ന് മുദ്രകുത്തരുത്. അതുപോലെതന്നെയാണ് ഒരാളെ അതിവേഗം മികച്ച കളിക്കാരനായും കണക്കാക്കാൻ സാധിക്കില്ല,” ഗൗതം ഗംഭീർ പറയുന്നു.

“കെഎൽ രാഹുൽ ഒരു മികച്ച കളിക്കാരനാണ്. അവൻ ഇപ്പോൾ ഫോം കണ്ടെത്തിയിരിക്കുന്നു. ഇനിയുള്ള മത്സരങ്ങളിൽ അവന് വലിയ സ്കോറുകൾ കണ്ടെത്താനായാൽ, അത് ഇന്ത്യയെ കിരീടത്തിലേക്ക് നയിക്കാൻ സഹായകമാകും. രാഹുൽ പോയിന്റിന് മുകളിലൂടെ കളിക്കുന്ന ഷോട്ടുകൾ തന്നെ അവൻ എത്രത്തോളം കഴിവുള്ളവനാണ് എന്ന് തെളിയിക്കുന്നു. രാഹുലിന് ഇനി വരുന്ന മത്സരങ്ങളിൽ സ്ഥിരത പുലർത്താൻ ആയാൽ, ഇന്ത്യ കിരീടം നേടും എന്ന കാര്യം ഉറപ്പാണ്,” ഗൗതം ഗംഭീർ പറഞ്ഞു.