പക്വതയില്ലല്ലോ കോഹ്ലിക്ക്‌ :വിരാട് കോഹ്‌ലിക്കെതിരെ ആഞ്ഞടിച്ച് മുൻ ഇന്ത്യൻ ഓപ്പണർ ഗൗതം ഗംഭീർ

കേപ്ടൗണിൽ നടന്ന ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ടെസ്റ്റിനിടെ വിവാദമായ ഡിആർഎസ് തീരുമാനത്തോടുള്ള അതിരുകടന്ന പ്രതികരണത്തിന്, ഇന്ത്യൻ ടെസ്റ്റ് നായകൻ വിരാട് കോഹ്‌ലിയെ വിമർശിച്ച് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. കോഹ്‌ലിയുടെ പ്രതികരണം അതിശയോക്തി കലർന്നതും പക്വതയില്ലാത്തതുമാണെന്ന് മുൻ ഇന്ത്യൻ ഓപ്പണിംഗ് ബാറ്റർ പറഞ്ഞു. സംഭവത്തിന്റെ പേരിൽ മൈക്കിൽ വോഗൻ, സയീദ് അജ്മൽ, ആകാശ് ചോപ്ര തുടങ്ങി നിരവധി മുൻ താരങ്ങൾ കോഹ്ലിക്കെതിരെ രംഗത്തെത്തി.

കേപ്ടൗൺ ടെസ്റ്റിന്റെ നാലാം ഇന്നിംഗ്സിൽ ദക്ഷിണാഫ്രിക്കൻ നായകൻ ഡീൻ എൽഗറിന്റെ എൽബിഡബ്ല്യു തീരുമാനം അസാധുവാക്കാൻ വിവാദമായ ഡിആർഎസ് കോൾ സഹായിച്ചതിനെത്തുടർന്ന് കോഹ്ലി ഉൾപ്പടെയുള്ള ഇന്ത്യൻ കളിക്കാർ നടത്തിയ രോഷപ്രകടനമാണ് ഗംഭീറിനെ അസ്വസ്ഥനാക്കിയത്. കളി അവസാനിച്ചതിന് ശേഷം സ്റ്റാർ സ്‌പോർട്‌സിൽ നടന്ന ഒരു സംഭാഷണത്തിലാണ് ഗംഭീർ ഇന്ത്യയുടെ ടെസ്റ്റ്‌ ക്യാപ്റ്റനെതിരെ തുറന്നടിച്ചത്.

“കോഹ്‌ലി ചെയ്തത് വളരെ മോശമാണ്. സ്റ്റംപ് മൈക്കിനടുത്ത് ചെന്ന് ആ രീതിയിൽ പ്രതികരിച്ചത് ശരിക്കും അപക്വമാണ്. ഒരു അന്താരാഷ്ട്ര ക്യാപ്റ്റനിൽ നിന്ന്, അല്ലെങ്കിൽ ഒരു ഇന്ത്യൻ ക്യാപ്റ്റനിൽ നിന്ന് ഇത്തരം പെരുമാറ്റങ്ങൾ ആരുംതന്നെ പ്രതീക്ഷിക്കുന്നതല്ല. സാങ്കേതികവിദ്യ നിങ്ങളുടെ കൈയിലല്ല. ലെഗ് സൈഡിൽ ഒരു വിക്കറ്റ് കീപ്പർ ക്യാച്ച് അപ്പീൽ ഉണ്ടായപ്പോഴും നിങ്ങൾ അതേ രീതിയിൽ പ്രതികരിച്ചു. എന്നാൽ, ഡീൻ എൽഗർ ഒരിക്കലും നിയന്ത്രണം വിട്ട് പ്രതികരിച്ചില്ല,” ഗംഭീർ പറഞ്ഞു.കോഹ്‌ലിയുടെ പ്രവർത്തിക്കെതിരെ മുഖ്യ പരിശീലകൻ രാഹുൽ ദ്രാവിഡ് മൗനം വെടിയും എന്ന് പ്രതീക്ഷിക്കുന്നതായി ഗംഭീർ കൂട്ടിച്ചേർത്തു.

“ആര് എന്ത് പറഞ്ഞാലും ഈ പ്രതികരണം അതിശയോക്തി കലർന്ന ഒന്നായിരുന്നു, ഈ രീതിയിൽ കോഹ്ലിക്ക് ഒരു മാതൃകയാകാൻ കഴിയില്ല. വളർന്നുവരുന്ന ക്രിക്കറ്റ് കളിക്കാരും ക്യാപ്റ്റനിൽ നിന്ന് ഇത്തരത്തിലുള്ള പ്രതികരണം കാണാൻ ആഗ്രഹിക്കില്ല. രാഹുൽ ദ്രാവിഡിന് കോഹ്ലിയോട് ഇക്കാര്യത്തെ കുറിച്ച് പറയാൻ ഉണ്ടെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. കാരണം, ദ്രാവിഡ് ക്യാപ്റ്റൻ ആയിരിക്കുമ്പോൾ, ഒരിക്കലും ഈ രീതിയിൽ പ്രതികരിച്ചിട്ടില്ല,” ഗംഭീർ പറഞ്ഞു.