മൂന്നാം ടെസ്റ്റിൽ അവനെ ഒഴിവാക്കൂ 😱നിർദ്ദേശം നൽകി ഗൗതം ഗംഭീർ

ടെസ്റ്റ്‌ ക്രിക്കറ്റിൽ ഫോമിലല്ലാത്ത സീനിയർ താരങ്ങൾക്ക് ഇന്ത്യ വീണ്ടും വീണ്ടും അവസരം നൽകുമ്പോൾ, ഫോം തെളിയിച്ചിട്ടും വളർന്നു വരുന്ന യുവതാരങ്ങൾക്ക് ഇന്ത്യൻ ടീമിൽ മതിയായ അവസരങ്ങൾ നൽകുന്നില്ല എന്ന് ഏറെ കാലമായി മുൻ താരങ്ങളും ആരാധകരും ഉയർത്തുന്ന വിമർശനമാണ്. വിരേന്ദർ സേവാഗിന് ശേഷം ഇന്ത്യക്ക് വേണ്ടി വെള്ളക്കുപ്പായത്തിൽ ട്രിപിൾ സെഞ്ച്വറി തികച്ച കരുൺ നായറിനെ പിന്നീട് ടെസ്റ്റ്‌ ക്രിക്കറ്റിൽ തഴഞ്ഞത് അന്ന് വലിയ വാർത്തയായിരുന്നുവെങ്കിൽ, ഇപ്പോൾ സമാന സാഹചര്യത്തിലൂടെ കടന്നു പോകുന്ന യുവതാരമാണ് ശ്രേയസ് അയ്യർ.

മാത്രമല്ല, രോഹിത്തിന്റെയും കോഹ്ലിയുടെയും ടെസ്റ്റ്‌ ടീമിലേക്കുള്ള മടങ്ങി വരവിൽ, മായങ്ക് അഗർവാളിന്റെയും ഹനുമ വിഹാരിയുടെയും ആദ്യ ഇലവനിലെ സ്ഥാനം നിലനിൽക്കുമോ എന്നതും കണ്ടറിയണം. എന്നാൽ, ഇക്കാര്യത്തിൽ തന്റെ അഭിപ്രായം വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. ഇന്ത്യ ദക്ഷിണാഫ്രിക്ക ടെസ്റ്റ്‌ പരമ്പരയിലെ കേപ്ടൗണിൽ ആരംഭിക്കാനിരിക്കുന്ന പരമ്പരയിലെ അവസാന മത്സരത്തിൽ ഹനുമ വിഹാരിയെ ഉൾപ്പെടുത്തണമെന്ന് മുൻ ഇന്ത്യൻ ഓപ്പണർ ഗൗതം ഗംഭീർ ആവശ്യപ്പെട്ടു.

ആന്ധ്ര ക്രിക്കറ്റ് താരം ജോഹന്നാസ്ബർഗിൽ മികച്ച പ്രകടനം പുറത്തെടുത്തത് കൊണ്ട്, അദ്ദേഹത്തിന് അടുത്ത മത്സരത്തിലും പ്ലെയിംഗ് ഇലവനിൽ ഇടം നേടാൻ അർഹതയുണ്ട് എന്നാണ് ഗംഭീർ അവകാശപ്പെടുന്നത്. ഇന്ത്യ എ-യുടെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ മികച്ച പ്രകടനം നടത്തിയ വിഹാരിയെ ബോക്‌സിംഗ് ഡേ ടെസ്റ്റിനുള്ള പ്ലെയിംഗ് ഇലവനിൽ നിന്ന് ഒഴിവാക്കിയത് ക്രിക്കറ്റ്‌ ആരാധകരെ അത്ഭുതപ്പെടുത്തിയിരുന്നു. തുടർന്ന്, വിരാട് കോഹ്‌ലി പരിക്ക് മൂലം രണ്ടാം മത്സരത്തിൽ നിന്ന് പുറത്തായതാണ്, ഹനുമ വിഹാരിക്ക് പരമ്പരയിൽ കളിക്കാനുള്ള അവസരം നൽകിയത്.

എന്നാൽ വിരാട് കോഹ്‌ലി തിരിച്ചെത്തുമ്പോൾ വിഹാരിക്ക് എന്ത് സംഭവിക്കുമെന്ന ചോദ്യത്തിന് ഗൗതം ഗംഭീർ ഇപ്പോൾ മറുപടി നൽകിയിരിക്കുകയാണ്. “അദ്ദേഹം (വിഹാരി) അടുത്ത ടെസ്റ്റ് കളിക്കുന്നില്ലെങ്കിൽ അത് വളരെ നിർഭാഗ്യകരമാണ്, കാരണം രഹാനെ അർദ്ധസെഞ്ച്വറി നേടിയിട്ടുണ്ടെങ്കിൽ, ഹനുമ വിഹാരിയും പുറത്താകാതെ 40 റൺസ് നേടിയിട്ടുണ്ട്. രഹാനെയ്‌ക്ക് പകരം ഹനുമ വിഹാരി ആ നമ്പറിൽ ബാറ്റ് ചെയ്‌തിരുന്നെങ്കിൽ, ഒരുപക്ഷേ അയാളും ഫിഫ്റ്റി സ്‌കോർ ചെയ്‌തേനെ. അതുകൊണ്ട് തന്നെ ഒരു യുവതാരത്തെ ഒരു മത്സരം കളിപ്പിച്ച് ആറ് മാസവും ഒരു വർഷവും ഒക്കെ പുറത്തിരുത്തുന്നത് നീതികേടാണ്. എന്റെ അഭിപ്രായത്തിൽ കോഹ്‌ലി വരുമ്പോൾ രഹാനെ മാറിനിൽക്കട്ടെ,” സ്റ്റാർ സ്‌പോർട്‌സിലെ ഒരു അഭിമുഖത്തിനിടെ ഗംഭീർ പറഞ്ഞു