സച്ചിനൊപ്പം റെക്കോർഡ് ബുക്കിൽ😱😱 വീണ്ടും സ്ഥാനം നേടി ഋതുരാജ് ഗെയ്ക്ഗ്വാദ്

പൂനെയിലെ എംസിഎ സ്റ്റേഡിയത്തിൽ പുരോഗമിക്കുന്ന ഐപിഎൽ 2022-ലെ 29-ാം മത്സരത്തിൽ ഗുജറാത്ത്‌ ടൈറ്റൻസിനെതിരെ ചെന്നൈ സൂപ്പർ കിംഗ്സ് 170 റൺസ് വിജയലക്ഷ്യം ഉയർത്തി. ഓപ്പണർ രതുരാജ് ഗെയ്ക്വാദ് (73), അമ്പാട്ടി റായിഡു (46) എന്നിവരുടെ ബാറ്റിംഗ് മികവിലാണ് ടോസ് നഷ്ടമായി ആദ്യം ബാറ്റിംഗിനിറങ്ങിയ സിഎസ്കെ നിശ്ചിത ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 169 റൺസ് കണ്ടെത്തിയത്.

ഈ സീസണിൽ ഫോം കണ്ടെത്താൻ പാടുപെട്ടിരുന്ന യുവ ബാറ്റർ രതുരാജ് ഗെയ്ക്വാദ് ഫോം കണ്ടെത്തിയത് സിഎസ്കെയ്ക്ക് വലിയ ആശ്വാസമായി. കഴിഞ്ഞ സീസണിലെ ഓറഞ്ച് ക്യാപ് ജേതാവായ ഗെയ്ക്വാദ്, ഈ സീസണിൽ നേരത്തെ കളിച്ച 5 ഇന്നിംഗ്സുകളിൽ നിന്ന് 35 റൺസ് മാത്രമാണ് നേടിയിരുന്നത്. എന്നാൽ, ഗുജറാത് ടൈറ്റൻസിനെതിരെയായ മത്സരത്തിൽ 48 പന്തിൽ 5 ഫോറും 5 സിക്സും ഉൾപ്പടെ 152.08 സ്ട്രൈക്ക് റേറ്റോടെ 73 റൺസ് നേടി ഗെയ്ക്വാദ് തന്റെ ഫോം വീണ്ടെടുത്തു.

പുരോഗമിക്കുന്ന ഗുജറാത് ടൈറ്റൻസിനെതിരായ മത്സരത്തിൽ ടോപ് ഓർഡർ ബാറ്റർമാരായ റോബിൻ ഉത്തപ്പ (3), മൊയീൻ അലി (1) എന്നിവരെ നഷ്ടമായ സിഎസ്കെയെ വലിയ തകർച്ചയിൽ നിന്ന് കരകയറ്റി മാന്യമായ ടോട്ടലിൽ എത്തിക്കുന്നതിൽ വലിയ പങ്ക് വഹിച്ചത് അർധ സെഞ്ച്വറി നേട്ടവുമായി തിളങ്ങിയ ഗെയ്ക്വാദ് ആണ്.

ഈ ബാറ്റിംഗ് പ്രകടനത്തോടെ സാക്ഷാൽ സച്ചിൻ ടെൻടുൽക്കർക്കൊപ്പം എത്തിയിരിക്കുകയാണ് രതുരാജ് ഗെയ്ക്വാദ്. 28 ഐപിഎൽ മത്സരങ്ങളിൽ നിന്ന് 900 റൺസ് മറികടന്ന ബാറ്റർമാരുടെ എലൈറ്റ് പട്ടികയിലാണ് ചെന്നൈ സൂപ്പർ കിംഗ്സ് ഓപ്പണർ ഇടം നേടിയിരിക്കുന്നത്. ഗെയ്ക്വാദിനെ കൂടാതെ പട്ടികയിൽ മുൻ മുംബൈ ഇന്ത്യൻസ് താരമായിരുന്ന ഇതിഹാസ താരം സച്ചിൻ ടെൻടുൽക്കർ മാത്രമേ ഈ നേട്ടത്തിന് അർഹനായിട്ടുള്ളു എന്നത്, ഗെയ്ക്വാദിന്റെ നേട്ടത്തെ കൂടുതൽ ശ്രദ്ധേയമാക്കുന്നു.