ഒരു റൺസകലെ സെഞ്ച്വറി നഷ്ടം വിങ്ങിപൊട്ടി സ്റ്റേഡിയം 😱😱സച്ചിനൊപ്പം റെക്കോർഡ് ബുക്കിലിടം നേടി ഗെയ്ക്ഗ്വാദ്

പൂനെയിലെ എംസിഎ സ്റ്റേഡിയത്തിൽ പുരോഗമിക്കുന്ന ഐപിഎൽ 2022-ലെ 46-ാം മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ മികച്ച ബാറ്റിംഗ് പ്രകടനം കാഴ്ചവെച്ച് ചെന്നൈ സൂപ്പർ കിംഗ്സ്. ഓപ്പണർ ഋതുരാജ് ഗെയ്ക്വാദിന് ഒരു റൺസ് അകലെ സെഞ്ച്വറി നഷ്ടമായി എന്ന് ഒഴിച്ച് നിർത്തിയാൽ, ഓപ്പണിങ് വിക്കറ്റിൽ 182 റൺസ് കെട്ടിപ്പടുത്ത ഗെയ്ക്വാദും കോൺവെയും മികച്ച തുടക്കമാണ് സിഎസ്‌കെക്ക് നൽകിയത്.

ഇന്നത്തെ പ്രകടനത്തോടെ ഏറ്റവും വേഗത്തിൽ 1000 ഐപിഎൽ റൺസ് പിന്നിട്ട ഇന്ത്യൻ ബാറ്ററായി ഋതുരാജ് ഗെയ്ക്വാദ് മാറി. 31 ഇന്നിംഗ്സുകളിൽ നിന്ന് 1000 ഐപിഎൽ റൺസ് നേടിയ സച്ചിൻ ടെൻടുൽക്കർക്കൊപ്പമാണ് ഗെയ്ക്വാദ് എലൈറ്റ് പട്ടികയിൽ സ്ഥാനം കണ്ടെത്തിയിരിക്കുന്നത്. 34 ഇന്നിംഗ്സുകളിൽ നിന്ന് നേട്ടം കൈവരിച്ച സുരേഷ് റെയ്ന പട്ടികയിൽ മൂന്നാമനാണ്. ദേവ്ദത് പടിക്കൽ, റിഷഭ് പന്ത് (35 ഇന്നിംഗ്സ്), ഗംഭീർ (36 ഇന്നിംഗ്സ്), രോഹിത് ശർമ്മ, ധോണി, രഹാനെ (37 ഇന്നിംഗ്സ്) എന്നിവരാണ് ഈ പട്ടികയിൽ തുടർന്നുള്ള സ്ഥാനങ്ങളിൽ ഇരിക്കുന്നത്.

എന്നാൽ, മൊത്തത്തിലുള്ള കളിക്കാരെ കണക്കിലെടുത്താൽ 8-ാമതാണ് ഗെയ്ക്വാദിന്റെ സ്ഥാനം. മുൻ കിംഗ്സ് ഇലവൻ പഞ്ചാബ് താരം ഷോൺ മാർഷ് (21 ഇന്നിംഗ്സ്) ആണ് ഐപിഎൽ ചരിത്രത്തിലെ വേഗതയേറിയ 1000 റൺസ് വേട്ടക്കാരൻ. പട്ടികയിൽ സിമ്മൺസ് (23 ഇന്നിംഗ്സ്), മാത്യു ഹയ്ഡൻ (25 ഇന്നിംഗ്സ്), ബയർസ്റ്റോ (26), ക്രിസ് ഗെയ്ൽ (27), കെയ്ൻ വില്യംസൺ (28), മൈക് ഹസ്സി (30) എന്നിവർ തുടർന്നുള്ള സ്ഥാനങ്ങൾ വഹിക്കുന്നു.

മത്സരത്തിലേക്ക് വന്നാൽ, 57 പന്തിൽ 6 ഫോറും 6 സിക്സും സഹിതം 99 റൺസാണ് ഗെയ്ക്വാദ് നേടിയത്. നടരാജന്റെ ബോളിൽ ബുവനേഷ്വർ കുമാറിന് വിക്കറ്റ് നൽകി ഇന്നിംഗ്സിന്റെ 18-ാം ഓവറിലാണ് ഗെയ്ക്വാദ് മടങ്ങിയത്. മികച്ച പ്രകടനം പുറത്തെടുത്ത കോൺവെ, അർദ്ധ സെഞ്ച്വറി നേട്ടവുമായി പുറത്താകാതെ തുടരുകയാണ്.