കേരളത്തിന്റെ ബാറ്റിംഗിന് മുന്നിൽ തങ്ങൾക്ക് മുട്ട് മടക്കേണ്ടി വന്നു ; തുറന്ന് സമ്മതിച്ച് ഋതുരാജ് ഗെയ്ക്വാദ്

വിജയ് ഹസാരെ ട്രോഫിയിലെ എലൈറ്റ് ഗ്രൂപ്പ്‌ ഘട്ടത്തിൽ, 5 മത്സരങ്ങളിൽ നാല് സെഞ്ച്വറികൾ, സാക്ഷാൽ വിരാട് കോഹ്‌ലിയുടെ റെക്കോർഡിനൊപ്പം നിൽക്കുന്ന പ്രകടനമാണ് മഹാരാഷ്ട്ര നായകൻ ഋതുരാജ് ഗെയ്‌ക്‌വാദ് കാഴ്ച്ചവെച്ചത്. എന്നാൽ, ടൂർണമെന്റിലെ ഉയർന്ന റൺ വേട്ടക്കാരനായിട്ടും, വ്യക്തിഗത റെക്കോർഡുകൾക്കപ്പുറം ടീമിനെ ഗ്രൂപ്പ് ഡിയിൽ നിന്ന് വിജയ് ഹസാരെ ടൂർണമെന്റിന്റെ നോക്കൗട്ടിലേക്ക് യോഗ്യത നേടികൊടുക്കാൻ ഗെയ്‌ക്‌വാദിന്റെ സെഞ്ച്വറികൾക്കായില്ല.

അഞ്ച് മത്സരങ്ങളിൽ നിന്ന് 4 വിജയങ്ങളും ഒരു പരാജയവുമുള്ള മഹാരാഷ്ട്ര ഗ്രൂപ്പ്‌ ഡിയിൽ മൂന്നാമതായിയാണ് ഫിനിഷ് ചെയ്തത്. അവസാന മത്സരത്തിൽ ചണ്ഡീഗഡിനെ പരാജയപ്പെടുത്തിയിട്ടും, കേരളം , മധ്യപ്രദേശ് എന്നിവരോടൊപ്പം 16 പോയിന്റുമായി തുല്ല്യത പാലിച്ചെങ്കിലും, നിർഭാഗ്യവശാൽ റൺ റേറ്റ് അടിസ്ഥാനത്തിൽ മഹാരാഷ്ട്രക്ക്‌ മൂന്നാമത് എത്താനെ സാധിച്ചൊള്ളു. കേരളവും (+0.974), മധ്യപ്രദേശും (+0.485) റൺ റേറ്റ് അടിസ്ഥാനത്തിൽ ആദ്യ രണ്ട് സ്ഥാനങ്ങളിൽ ഫിനിഷ് ചെയ്തപ്പോൾ, മഹാരാഷ്ട്ര (+0.104) നോക്കൗട്ട് കാണാതെ പുറത്തായി.

ഈ അവസരത്തിൽ മഹാരാഷ്ട്ര പരാജയപ്പെട്ട ഏക മത്സരത്തെ കുറിച്ച് സംസാരിക്കുകയാണ് ഋതുരാജ് ഗെയ്ക്വാദ്. കേരളത്തിനെതിരെയാണ് മഹാരാഷ്ട്ര ടൂർണമെന്റിൽ ആകെ പരാജയപ്പെട്ടത്. മത്സരത്തിൽ ആദ്യം ബാറ്റിംഗിന് ഇറങ്ങിയ മഹാരാഷ്ട്ര ക്യാപ്റ്റൻ ഗെയ്ക്വാദിന്റെയും (124), ട്രിപാതിയുടെയും (99) ബാറ്റിംഗ് പ്രകടനത്തിൽ 291 റൺസ് നേടിയപ്പോൾ, മറുപടി ബാറ്റിംഗിന് ഇറങ്ങിയ കേരളം വിഷ്ണു വിനോദിന്റെ (100) സെഞ്ച്വറിയുടെ ബലത്തിൽ ലക്ഷ്യം മറികടക്കുകയായിരുന്നു. ഏഴാം വിക്കറ്റിൽ വിഷ്ണു വിനോദും സിജോമോൻ ജോസഫും (71) സൃഷ്ടിച്ച പാർട്ണർഷിപ് ആണ് കേരളത്തിന്‌ നാല് വിക്കറ്റ് വിജയം നേടിക്കൊടുത്തത്.

ഇതേ കുറിച്ചാണ് ഗെയ്ക്വാദ് ഇപ്പോൾ പ്രതികരിച്ചിരിക്കുന്നത്. “നല്ല കളി പുറത്തെടുത്തിട്ടും ടൂർണമെന്റിൽ പരാജയപ്പെട്ടത് നിർഭാഗ്യകരമാണ്. എന്നാൽ, ഇതെല്ലാം ക്രിക്കറ്റിൽ സ്വാഭാവികമാണ്. കേരളത്തിനെതെരെയുള്ള മത്സരത്തിൽ ഞങ്ങൾ പരാജയപ്പെട്ടു. അവരുടെ ബാറ്റിംഗ് നിര വളരെ സ്ട്രോങ്ങാണ്. അവരുടെ ഏഴാം വിക്കറ്റ് കൂട്ടുകെട്ട് തകർക്കാൻ ഞങ്ങൾ ഒരുപാട് പരിശ്രമിച്ചു. പക്ഷെ, അത്‌ നടന്നില്ല. അവരുടെ ആ കൂട്ടുകെട്ട് തകർക്കുന്നതിൽ ഞങ്ങൾ പരാജയപ്പെട്ടു,” കേരളത്തിന്റെ ബാറ്റിംഗിന് മുന്നിൽ പരാജയപ്പെട്ടതായി ഗെയ്ക്വാദ് സമ്മതിച്ചു. എന്നിരുന്നാലും, ടൂർണമെന്റിലെ ഗെയ്ക്വാദിന്റെ ബാറ്റിംഗ് പ്രകടനം ഇന്ത്യൻ ടീമിലേക്കുള്ള എൻട്രി സമ്മാനിച്ചു എന്ന് നമുക്ക് കരുതാം.