‘Please Help ME ;താങ്കൾക്ക് എന്നെ സഹായിക്കാമോ” സച്ചിനോട് സഹായം അഭ്യർത്ഥിച്ച് മുൻ വെസ്റ്റ് ഇൻഡീസ് താരം

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ബോർഡ് ഏറെക്കാലമായി രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്നുണ്ട്. നേരത്തെ വെസ്റ്റ് ഇൻഡീസിന്റെ മുൻ നിര താരങ്ങളെല്ലാം വേതനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുടെ പേരിൽ ടീമിൽ നിന്ന് വിട്ടുനിൽക്കുന്ന സാഹചര്യം വരെ ഉണ്ടായിട്ടുണ്ട്. എന്നാൽ, ഇപ്പോൾ ഒരു പരിധിവരെ ക്രിക്കറ്റ് ബോർഡ് സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറി വരുന്നുണ്ടെങ്കിലും, ഇപ്പോഴും ബോർഡിന് സാമ്പത്തിക സ്ഥിരത വന്നിട്ടില്ല എന്നതാണ് യാഥാർത്ഥ്യം.

വെസ്റ്റ് ഇൻഡീസ്‌ ക്രിക്കറ്റ് ബോർഡ് നേരിടുന്ന സാമ്പത്തിക ബുദ്ധിമുട്ടുകളുടെ അനന്തരഫലം, വെസ്റ്റ് ഇൻഡീസ്‌ ക്രിക്കറ്റിന്റെ ഏറ്റവും താഴെ തട്ട് മുതൽ പ്രകടമാണ്. ഇപ്പോൾ, മുൻ വെസ്റ്റ് ഇൻഡീസ് താരം വിൻസ്റ്റൻ ബെഞ്ചമിൻ, തങ്ങളുടെ നാട്ടിൽ ക്രിക്കറ്റർമാരെ വളർത്തിയെടുക്കുന്നതിന് സഹായം ഉണ്ടാകണമെന്ന് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കോട് അഭ്യർത്ഥിച്ചിരിക്കുകയാണ്. ഒരു വീഡിയോയിലൂടെയാണ് ബെഞ്ചമിൻ അഭ്യർത്ഥിച്ചിരിക്കുന്നത്.

“മിസ്റ്റർ ടെൻടുൽക്കർ, താങ്കൾക്ക് എന്നെ സഹായിക്കാമോ. ഞാൻ 20,000 ഡോളർ ഒന്നും ചോദിക്കുന്നില്ല. എനിക്ക് പണമായിട്ടുള്ള സഹായം വേണ്ട. മറിച്ച്, ഞങ്ങളുടെ ചെറുപ്പക്കാർക്ക് നൽകാൻ 10-15 ബാറ്റുകൾ, മറ്റു ക്രിക്കറ്റ് ഉപകരണങ്ങൾ എന്നിവയാണ് വേണ്ടത്. അതുമാത്രമാണ് ഞാൻ ചോദിക്കുന്നത്. ഞങ്ങളുടെ നാട്ടിൽ പുതിയ ക്രിക്കറ്റർമാരെ വളർത്തിയെടുക്കണം എനിക്ക് അത് മാത്രം മതി,” ബെഞ്ചമിൻ പറഞ്ഞു. സഹായം ആരിൽ നിന്നും സ്വീകരിക്കും എന്നും ബെഞ്ചമിൻ പറഞ്ഞു.

തന്റെ ഡീറ്റെയിൽസും ബെഞ്ചമിൻ വീഡിയോക്കൊപ്പം പങ്കുവെച്ചിട്ടുണ്ട്. അതേസമയം, ഇതിനോടകം സഹായം എത്തിച്ച മുൻ ഇന്ത്യൻ ക്യാപ്റ്റൻ മുഹമ്മദ് അസ്ഹറുദ്ദീന് ബെഞ്ചമിൻ, വീഡിയോയിലൂടെ നന്ദി അറിയിക്കുകയും ചെയ്തു. “എന്റെ സുഹൃത്ത് അസ്ഹറുദ്ദീന് നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. അദ്ദേഹം ഞങ്ങൾക്ക് കുറച്ച് സാധനങ്ങൾ അയച്ചു തന്നിരുന്നു. അസ്ഹറുദ്ദീൻ, ഞാൻ നിന്നോട് നന്ദി പറയുന്നു,” ബെഞ്ചമിൻ വീഡിയോയിൽ പറഞ്ഞു.