ക്യാപ്റ്റൻ കിടിലം, ഹിറ്റ്‌മാൻ പോര ; രോഹിത് ശർമയെ വിലയിരുത്തി ദക്ഷിണാഫ്രിക്കൻ താരം

തന്റെ 15 വർഷത്തെ കരിയറിൽ ആദ്യമായി ഇന്ത്യയെ ഒരു ഐസിസി ലോകകപ്പിന് നയിക്കാൻ ഒരുങ്ങുകയാണ് രോഹിത് ശർമ. ഓസ്ട്രേലിയയിൽ നടക്കാനിരിക്കുന്ന ടി20 ലോകകപ്പിന് ഇന്ത്യയെ നയിക്കാൻ തയ്യാറെടുക്കുന്ന 35-കാരന്റെ മേൽ വലിയ ഉത്തരവാദിത്തങ്ങൾ ആണ് ഉള്ളത്. സമീപകാലത്ത് ഐസിസി കിരീടങ്ങൾ നേടുന്നതിൽ ഇന്ത്യ പരാജയപ്പെടുന്നു എന്ന നാണക്കേട് മാറ്റുക എന്നത് രോഹിത് ശർമ്മയുടെ മേൽ ഉള്ള സമ്മർദ്ദമാണ്.

എന്നാൽ, രാഹുൽ ദ്രാവിഡ് ഇന്ത്യയുടെ പരിശീലക സ്ഥാനം ഏറ്റെടുക്കുകയും, വിരാട് കോഹ്‌ലിക്ക് പകരം രോഹിത് ശർമ ഇന്ത്യയുടെ ക്യാപ്റ്റൻ സ്ഥാനത്തേക്ക് എത്തുകയും ചെയ്തതിനുശേഷം, ഇന്ത്യയുടെ ബാറ്റിംഗ് ശൈലിയിൽ വലിയ വ്യത്യാസമാണ് ഉണ്ടായിരിക്കുന്നത്. ഇന്ത്യൻ ബാറ്റർമാർ കൂടുതൽ ആക്രമണ ശൈലിയിലാണ് ഇപ്പോൾ മത്സരങ്ങളെ സമീപിക്കുന്നത്. അതേസമയം, ‘ഹിറ്റ്‌മാൻ’ എന്ന് ആരാധകർ വിളിക്കുന്ന രോഹിത് ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്തതിനു ശേഷം, തന്റെ ആക്രമണശൈലിയിൽ നിന്ന് പിൻവലിയുന്ന കാഴ്ചയാണ് കാണുന്നത്.

ഇത്‌ സംബന്ധിച്ച് ഇപ്പോൾ മുൻ ദക്ഷിണാഫ്രിക്കൻ ഓൾറൗണ്ടർ ലാൻസ് ക്ളസ്‌നർ അദ്ദേഹത്തിന്റെ അഭിപ്രായങ്ങൾ പങ്കുവെച്ചിരിക്കുകയാണ്. “വ്യത്യസ്തമായി കളിക്കാൻ രോഹിത്തിനോട് പറഞ്ഞിട്ടുണ്ടോ അതോ അങ്ങനെ തോന്നുന്നുണ്ടോ, അല്ലെങ്കിൽ കഴിഞ്ഞ 25-30 ഗെയിമുകളിൽ അവൻ ആഗ്രഹിച്ചത് പോലെ സ്ഥിരത പുലർത്തിയില്ല എന്നതാവാം വസ്തുത, എനിക്ക് ഉറപ്പില്ല,” മുൻ ദക്ഷിണാഫ്രിക്കൻ ഓൾറൗണ്ടർ പറഞ്ഞു.

“എന്നാൽ, രോഹിത്തിനുള്ള എന്റെ ഉപദേശം അദ്ദേഹം മുൻകാലങ്ങളിൽ എങ്ങനെ ചെയ്തുകൊണ്ടിരുന്നോ അത് തുടരുക എന്നതായിരിക്കും. അവൻ വേഗത്തിൽ പോകേണ്ട ആവശ്യമില്ല, വേണ്ടത്ര ആക്രമണശൈലിയിൽ നന്നായി കളിക്കുക. രോഹിത് വളരെ ശ്രദ്ധാലുവായിരിക്കണം എന്ന് ഞാൻ കരുതുന്നു, പ്രത്യേകിച്ച് പവർപ്ലേ പ്രയോജനപ്പെടുത്തുക. നിങ്ങൾ റൺ വർദ്ധിപ്പിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, മാച്ച് വിന്നറുടെ റോൾ വളരെ ശ്രദ്ധയോടെ മറ്റാരെങ്കിലെയും ഏൽപ്പിക്കുക,” ലാൻസ് ക്ളസ്‌നർ പറഞ്ഞു.