അവൻ ഇന്ത്യൻ ക്യാപ്റ്റനായാലും ഞെട്ടരുതേ!! വെളിപ്പെടുത്തി മുൻ താരം

സമീപഭാവിയിൽ ഇന്ത്യൻ ട്വന്റി ട്വന്റി ടീമിന്റെ സ്ഥിരം നായകനായി ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ നിയമിക്കപ്പെട്ടാലും അത്ഭുതപ്പെടില്ലെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് മുൻ ന്യൂസീലണ്ട്‌ താരവും ഇപ്പോൾ കമന്റേറ്ററുമായ സ്കോട്ട് സ്റ്റൈറിസ്. സ്പോർട്സ് 18 ചാനലിന്റെ ദൈനംദിന പരിപാടിയായ ‘സ്പോർട്സ് ഓവർ ദി ടോപ്പ്’ ഇൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

2022 എന്ന വർഷം പാണ്ഡ്യയെ സംബന്ധിച്ചിടത്തോളം വളരെ മികച്ച ഒരു വർഷമാണ്. ഒരു ഓൾറൗണ്ടർ എന്നതിലുപരി ഒരു നല്ല നായകൻ എന്ന നിലയിലേക്ക് വളർന്നതും ഇക്കാലത്താണ്. നവാഗതരായ ഗുജറാത്ത് ടൈറ്റൻസ് ഐപിഎൽ കിരീടം നേടുന്നതിൽ ബാറ്റുകൊണ്ടും ബോളുകൊണ്ടും നിർണായക സംഭാവനകൾ നൽകിയ ഹാർദിക് ഒരു നായകൻ എന്ന നിലയിലും മികച്ചുനിന്നു. ഇതോടെയാണ് ഏറെക്കാലമായി പരിക്കുമൂലം പുറത്തായിരുന്ന ഹാർദിക് ഇന്ത്യൻ ടീമിലേക്ക് മടങ്ങിയെത്തിയത്.

ഒരു ആറ് മാസം മുമ്പാണെങ്കിൽ നമ്മൾ സ്വപ്നത്തിൽ പോലും വിചാരിക്കാത്ത കാര്യമാണിത്. സാധാരണ ഫുട്ബോൾ ടീമിൽ ഒക്കെ കാണുന്ന പോലെ മികച്ച വ്യക്തിത്വവും സ്വഭാവവും ഉള്ള ഒന്നിൽ കൂടുതൽ താരങ്ങൾക്ക് ഊഴം അനുസരിച്ച് നായകന്റെ ആംബാൻഡ് നൽകാറുണ്ട്. കൂടുതൽ ഉത്തരവാദിത്വത്തോടെ കളിക്കാൻ താരങ്ങളെ അത് പ്രേരിപ്പിക്കുന്നു. അതുപോലെതന്നെ ഈ ഇന്ത്യൻ നിരയിൽ ഹാർദിക്കിന് നായകനെന്ന നിലയിൽ കുറച്ച് അവസരങ്ങൾ നൽകുന്നതിൽ തെറ്റില്ല. ഇപ്പോൾ വൈസ് ക്യാപ്റ്റൻ ആയിരിക്കുന്നു. അതുപോലെ ഭാവിയിൽ ഒരു നല്ല നായകനായി അവതരിപ്പിക്കണം, സ്റ്റൈറിസ് പറയുന്നു.

കഴിഞ്ഞ ഐപിഎൽ സീസണിൽ ഗുജറാത്തിനായി 15 മത്സരങ്ങളിൽ നിന്നും നാല് അർദ്ധ സെഞ്ചുറി അടക്കം 44.27 ശരാശരിയിൽ 487 റൺസ് ആണ് ഹാർദിക് അടിച്ചുകൂട്ടിയത്‌. അതുകൂടാതെ 8 വിക്കറ്റുകളും വീഴ്ത്തി. മത്സരത്തിന്റെ ഏത് ഘട്ടത്തിലും പന്തെറിയാൻ തനിക്ക് സാധിക്കും എന്ന് അദ്ദേഹം തെളിയിച്ചു. മാത്രമല്ല, ബാറ്റിങ്ങിൽ ഒരു ഫിനിഷർ ആയി കളിക്കാറുള്ള താരം, ഈ സീസണിൽ ടോപ് ഓർഡർ ബാറ്റർ ആയിട്ടാണ് കളിച്ചത്. ടീമിനായി ഏത് പൊസിഷനിൽ വേണമെങ്കിലും ഇറങ്ങാം എന്നും താരം കാണിച്ചുതന്നു. സീനിയർ താരങ്ങൾക്ക് വിശ്രമം നൽകി അയർലൻഡ് പര്യടനം നടത്തിയ ടീമിന്റെ നായകനായി തിരഞ്ഞെടുക്കപ്പെടുകയും 2-0 ത്തിന്‌ ട്വന്റി ട്വന്റി പരമ്പര സ്വന്തമാക്കുകയും ചെയ്തു. വെസ്റ്റിൻഡീസ് പര്യടനത്തിൽ ഫോമിലല്ലാത്ത ഋഷഭ് പന്തിന് പകരം പാണ്ഡ്യയാണ് രോഹിതിന്റെ അസിസ്റ്റൻറ് ആയി കളിച്ചത്.