“ന്യൂ ഇന്ത്യൻ കോച്ച് ധോണി “ധോണി പരിശീലകനാകുവാൻ വാദിച്ച് മുൻ പാകിസ്ഥാൻ കോച്ച്
ഐസിസി ടി20 ലോകകപ്പിന്റെ ഫൈനൽ കാണാതെ പുറത്തായതിന് പിന്നാലെ ടീം ഇന്ത്യയുടെ എല്ലാ തലങ്ങളിലും വലിയ അഴിച്ചുപണികൾ നടന്നുകൊണ്ടിരിക്കുകയാണ്. അതിന്റെ പ്രാഥമിക നടപടി എന്നിരിക്കെ, ബിസിസിഐ നിലവിലെ ഇന്ത്യയുടെ സെലക്ഷൻ കമ്മിറ്റി പിരിച്ചുവിട്ടിരിക്കുന്നു. ടി20 ഫോർമാറ്റിൽ ഇന്ത്യയുടെ ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് രോഹിത് ശർമയെ മാറ്റണമെന്ന ആവശ്യം ആരാധകരുടെ ഭാഗത്ത് നിന്നും ഇന്ത്യൻ താരങ്ങളുടെ ഭാഗത്തുനിന്നും ഉയർന്നുവരുന്നുമുണ്ട്.
അതിനിടെ, ചില കോണുകളിൽ നിന്ന് പരിശീലകൻ രാഹുൽ ദ്രാവിഡിനെ മാറ്റണമെന്ന ആവശ്യവും ഉയരുന്നു. ടി20 ലോകകപ്പിന് ടി20 ഫോർമാറ്റിന് യോജിക്കാത്ത കളിക്കാരെ തിരഞ്ഞെടുത്തു എന്നും, തുടർച്ചയായുള്ള പരമ്പരകളിൽ വ്യത്യസ്ത ക്യാപ്റ്റന്മാരെ പരീക്ഷിക്കുന്നത് ടീമിന് അനുയോജ്യമല്ല എന്നും, യുവതാരങ്ങൾ ഉൾപ്പെടെയുള്ളവർക്ക് സ്ഥിരമായി അവസരങ്ങൾ നൽകുന്നില്ല എന്നും തുടങ്ങിയ വിമർശനങ്ങൾ ആണ് പരിശീലകൻ രാഹുൽ ദ്രാവിഡിനെതിരെ ഉയരുന്നത്.

ഈ വേളയിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന് പുതിയ പരിശീലകനെ നിർദ്ദേശിച്ചിരിക്കുകയാണ് മുൻ പാകിസ്ഥാൻ ക്യാപ്റ്റൻ സൽമാൻ ഭട്ട്. മുൻ ഇന്ത്യൻ ക്യാപ്റ്റൻ ആയിരുന്ന മഹേന്ദ്ര സിംഗ് ധോണിയെ ആണ് ഇന്ത്യയുടെ അടുത്ത പരിശീലകനായി സൽമാൻ ഭട്ട് നിർദ്ദേശിച്ചിരിക്കുന്നത്. “വിരേന്ദർ സെവാഗ്, വിവിഎസ് ലക്സ്മൺ എന്നിവരെല്ലാം വളരെ മികച്ച കളിക്കാരാണ്. എന്നാൽ, ഒരു പരിശീലകൻ ആകാൻ മികച്ച ഗെയിം പ്ലാൻ വേണം. ധോണിക്ക് അത് ഉണ്ട് എന്ന് അദ്ദേഹം നേരത്തെ തന്നെ തെളിയിച്ചതാണ്,” സൽമാൻ ഭട്ട് പറയുന്നു.
“എന്റെ അഭിപ്രായത്തിൽ ധോണി ഇന്ത്യയുടെ പരിശീലകൻ ആയി സ്ഥാനം നൽകണം. ഒരു പരിശീലകന് വേണ്ട മെയിൻ ക്വാളിറ്റികൾ മികച്ച ഗെയിം പ്ലാൻ ഒരുക്കുക എന്നതും കളിക്കാർക്ക് ഒരു മെന്റർ ആയി മാറുക എന്നതുമാണ്. ധോണിക്ക് ആ കഴിവുകൾ ഉണ്ട് എന്ന് ഞാൻ കരുതുന്നു. ഇന്ത്യയെ നിരവധി ലോക കിരീടങ്ങളിലേക്ക് നയിച്ച ധോണിക്ക്, ഇന്ത്യയുടെ പരിശീലകനായും മികവ് തെളിയിക്കാൻ സാധിക്കും,” സൽമാൻ ഭട്ട് പറഞ്ഞു. ധോണിയെ ഉടനെ പരിശീലകൻ ആക്കാൻ സാധ്യതയില്ലെങ്കിലും, ഏതെങ്കിലും മാനേജ്മെന്റ് റോളിൽ കൊണ്ടുവരാൻ ബിസിസിഐ ആലോചിക്കുന്നുണ്ട്.