ബുംറക്ക് ക്യാപ്റ്റൻസി നൽകിയത് ശരിയായില്ല ; അഭിപ്രായം പങ്കുവെച്ച് മുൻ ഇംഗ്ലണ്ട് താരം

ഇംഗ്ലണ്ടിനെതിരായ പുനക്രമീകരിച്ച ടെസ്റ്റ് മത്സരത്തിൽ രോഹിത് ശർമ്മയുടെ അഭാവത്തിൽ പ്രീമിയർ പേസർ ജസ്പ്രീത് ബുംറയ്ക്ക് ഇന്ത്യൻ ദേശീയ ക്രിക്കറ്റ് ടീം ക്യാപ്റ്റൻസി നൽകിയതിനെ കുറിച്ച് മുൻ ഇംഗ്ലണ്ട് ദേശീയ ക്രിക്കറ്റ് ടീം ഇടംകൈയ്യൻ സ്പിന്നർ ആഷ്‌ലി ഗിൽസ് തന്റെ കാഴ്ചപ്പാട് പങ്കിട്ടു.

ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ കോവിഡിന്റെ പിടിയിൽ ആയതുകൊണ്ട് ടെസ്റ്റ് മത്സരം തുടങ്ങുന്നതിന് തൊട്ടു തലേന്ന് (ജൂൺ 30) ആണ് ബിസിസിഐ ബുംറയാവും ഇന്ത്യയെ നയിക്കുക എന്ന് അറിയിച്ചത് ജസ്പ്രീത് ബുംറ നയിക്കുന്ന ഇന്ത്യ, ബെൻ സ്റ്റോക്‌സിന്റെ നേതൃത്വത്തിലുള്ള ഇംഗ്ലണ്ടുമായി പരമ്പരയിലെ അഞ്ചാമത്തെ ടെസ്റ്റ് മത്സരത്തിൽ ബർമിംഗ്ഹാമിലെ എഡ്ജ്ബാസ്റ്റണിൽ ഏറ്റുമുട്ടുമുമ്പോൾ, ബുംറയെ പോലൊരു ശക്തനായ സ്ട്രൈക്ക് ബൗളർക്ക് ക്യാപ്റ്റൻ സ്ഥാനം നൽകുന്നത് പേസർക്ക് മേൽ ആശയക്കുഴപ്പം സൃഷ്ടിക്കുമെന്ന് ഗിൽസ് പറഞ്ഞു.

“ഇതിലെ ഏറ്റവും രസകരമായ കാര്യം എന്തെന്നാൽ, നിങ്ങളുടെ ഏറ്റവും ശക്തനായ സ്ട്രൈക്ക് ബൗളർക്ക് ക്യാപ്റ്റൻസി നൽകുമ്പോൾ, അത് ബൗളർക്ക് മേൽ ക്യാപ്റ്റൻ എന്ന നിലയിലുള്ള ആശയക്കുഴപ്പങ്ങൾ വരാൻ കാരണമാകും. ഇക്കാര്യം നമ്മൾ മുമ്പും കണ്ടിട്ടുണ്ട്. എപ്പോഴാണ് അവർ സ്വയം ബൗൾ ചെയ്യേണ്ടത്, അവർ എത്രമാത്രം പന്തെറിയണം? ഇത്തരത്തിലുള്ള സംശയങ്ങൾ ബൗളർക്ക് ഉണ്ടാകും. അതുകൊണ്ടാണ് ടെസ്റ്റ് മത്സരങ്ങളിൽ അന്താരാഷ്ട്ര ടീമുകളെ നയിക്കുന്ന ഫാസ്റ്റ് ബൗളർമാരുടെ എണ്ണം വളരെ കുറവായിരിക്കുന്നത്,” ഗിൽസ് ESPNCricinfo-യോട് പറഞ്ഞു.

“എന്നാൽ വ്യക്തമായും, ഇന്ത്യ അവരുടെ വൈസ് ക്യാപ്റ്റനായി ബുംറയെ ഉപയോഗിച്ച രീതി, അവർ അദ്ദേഹത്തിന്റെ നേതൃപാടവത്തെ വിലയിരുത്തുന്നു, ആ ഉത്തരവാദിത്തത്തിൽ അദ്ദേഹത്തെ അണിനിരത്താൻ അവർ ശ്രമിക്കുന്നു, അതിനാൽ അദ്ദേഹത്തിന് ചുറ്റും ചില മികച്ച ആളുകളും ഉണ്ടായിരിക്കുമെന്നതിനാൽ, ഈ പരമ്പരയിൽ ബുംറ സുഖമായിരിക്കുമെന്ന് ഞാൻ കരുതുന്നു,” ഗിൽസ് കൂട്ടിച്ചേർത്തു. അതേസമയം, കപിൽ ദേവിന് ശേഷം ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയെ നയിക്കുന്ന ആദ്യ പേസറായിയാണ്‌ ബുംറ മാറിയിരിക്കുന്നത്.