സഞ്ജുവിനെ ബിസിസിഐയുടെ ശത്രു ആക്കുന്നത് മലയാളികൾ ; തുറന്നടിച്ച് പരിശീലകൻ

ഇന്ത്യൻ ക്രിക്കറ്റ് ലോകത്ത് നിലവിൽ തുടരുന്ന ഏറ്റവും വലിയ ചർച്ചയും തർക്കവും ആണ്, വൈറ്റ് ബോൾ ഫോർമാറ്റിൽ സഞ്ജു സാംസണിനാണോ ഋഷഭ് പന്തിനാണോ അവസരം നൽകേണ്ടത് എന്നത്. മുൻ ക്രിക്കറ്റർമാർക്കും ആരാധകർക്കും ഇടയിൽ നടക്കുന്ന ഈ ചർച്ചയിൽ ഒരു വിഭാഗം സഞ്ജുവിനെ അനുകൂലിക്കുമ്പോൾ മറ്റൊരു വിഭാഗം ഋഷഭ് പന്തിനെ ന്യായീകരിക്കുകയും ചെയ്യുന്നു. എന്നിരുന്നാലും, അവസരം ലഭിക്കുമ്പോൾ എല്ലാം മികവ് കാട്ടുന്ന സഞ്ജു, തുടർച്ചയായി ബാറ്റിംഗിൽ പരാജയപ്പെടുന്ന പന്തിനേക്കാൾ ടീമിൽ അവസരം അർഹിക്കുന്നു എന്ന് ഭൂരിഭാഗം പേരും അഭിപ്രായപ്പെടുന്നു.

എന്നാൽ, മലയാളി ആരാധകരെ അപ്പാടെ തള്ളി പറഞ്ഞിരിക്കുകയാണ് സഞ്ജുവിന്റെ ബാല്യകാല പരിശീലകനായിരുന്ന ബിജു. മലയാളി ആരാധകരാണ് സഞ്ജുവിനെ ബിസിസിഐയുടെ ശത്രുവായി ചിത്രീകരിക്കുന്നത് എന്നും ബിജു കുറ്റപ്പെടുത്തി. “യഥാർത്ഥത്തിൽ മലയാളി ക്രിക്കറ്റ് ആരാധകരുടെ പെരുമാറ്റമാണ് ശരിയല്ലാത്തത്. ഋഷഭ് പന്തിനെ അനാവശ്യമായി വിമർശിച്ചും പരിഹസിച്ചും, മലയാളികൾ സഞ്ജുവിനെ ബിസിസിഐയുടെ ശത്രു ആക്കി ചിത്രീകരിക്കാൻ ശ്രമിക്കുന്നു,” ബിജു പറഞ്ഞു.

“എന്റെ അഭിപ്രായത്തിൽ ഋഷഭ് പന്ത് മൂന്ന് ഫോർമാറ്റുകളിലും മികച്ച താരമാണ്. സഞ്ജുവിനെ ഇന്ത്യൻ ടീമിൽ ഒരു ബാറ്റർ ആയി ആണ് പരിഗണിക്കുന്നത്. അതേസമയം ഒരു മികച്ച ബാറ്റർ എന്നതിൽ ഉപരി, വിക്കറ്റിന് പിറകിലും ഋഷഭ് പന്ത് വളരെ മികച്ച പ്രകടനമാണ് നടത്തുന്നത്. വിക്കറ്റിന് പിന്നിൽ അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് അടുത്തൊന്നും വലിയ പിഴവുകൾ ഞാൻ കണ്ടിട്ടില്ല. അതുകൊണ്ടുതന്നെ ടീമിലെ വിക്കറ്റ് കീപ്പറുടെ സ്ഥാനം ഇപ്പോൾ അർഹിക്കുന്നത് ഋഷഭ് പന്ത് തന്നെയാണ്,” സഞ്ജുവിന്റെ ബാല്യകാല പരിശീലകൻ പറഞ്ഞു.

“ഋഷഭ് പന്തിനെ ഇകഴ്ത്തി കാണിക്കാൻ ശ്രമിക്കുന്ന മലയാളികളുടെ രീതി അവസാനിപ്പിക്കണം. കേരളത്തിൽ എല്ലാ കാര്യങ്ങൾക്കും രാഷ്ട്രീയം ആണ്, സഞ്ജു അതിന്റെ ഇരയാണ്. ഇപ്പോൾ, വിവിഎസ് ലക്സ്മണെ പോലെ ഒരാൾ സഞ്ജുവിനെ പോലെ ഒരു പ്രതിഭാശാലിയെ മനപ്പൂർവ്വം ടീമിൽനിന്ന് ഒഴിവാക്കും എന്ന് ഞാൻ കരുതുന്നില്ല. ഇതെല്ലാം ടീമിന്റെ ടാക്ടിക്സിന്റെ ഭാഗമായിട്ടാണ്,” ബിജു പറഞ്ഞു.

Rate this post