ഒന്നാം ടി :20 മത്സരം ഇന്ന്!! സഞ്ജു ഓപ്പണർ റോളിൽ എത്തുമോ?? ഓപ്പണിങ്ങിൽ പുതിയ പ്ലാനിങ്

ഇന്ത്യ – ന്യൂസിലാൻഡ് ടി20 പരമ്പരയ്ക്ക് ഇന്ന് തുടക്കമാവുകയാണ്. ടി20 ലോകകപ്പിലെ സെമി ഫൈനൽ മത്സരത്തിൽ പരാജയപ്പെട്ട് പുറത്തായതിനു ശേഷം ടീം ഇന്ത്യ നിരവധി വിമർശനങ്ങൾക്ക് വിധേയരായിരുന്നു. പ്രധാനമായും ക്യാപ്റ്റൻ രോഹിത് ശർമ്മ അടങ്ങിയ ഇന്ത്യയുടെ ഓപ്പണിങ് സഘ്യമാണ് ഏറ്റവും കൂടുതൽ പഴി കേട്ടത്. പവർപ്ലേ ഓവറുകളിലെ മെല്ലെ പോക്ക് ആയിരുന്നു കെഎൽ രാഹുൽ – രോഹിത് ശർമ്മ ഓപ്പണിങ് സഘ്യത്തിന് വിനയായത്.

പല മത്സരങ്ങളിലും വലിയ ടോട്ടൽ കണ്ടെത്തുന്നതിൽ നിന്ന് ഇന്ത്യയ്ക്ക് തിരിച്ചടിയായത് ഇന്ത്യയുടെ ഓപ്പണിംഗ് സഘ്യത്തിന്റെ ഈ ബാറ്റിംഗ് ശൈലി തന്നെയായിരുന്നു. അടുത്ത ടി20 ലോകകപ്പിന് ഇനി ഏകദേശം രണ്ടു വർഷത്തോളം സമയം ഉണ്ട് എന്നതിനാൽ തന്നെ, ടീമിൽ കാര്യമായ അഴിച്ചുപണികൾക്കാണ് മാനേജ്മെന്റ് ശ്രമിക്കുന്നത്. ന്യൂസിലൻഡിനെതിരെ ആരംഭിക്കാനിരിക്കുന്ന ടി20 പരമ്പരയിൽ സീനിയർ താരങ്ങൾക്ക് വിശ്രമം നൽകി, യുവതാരങ്ങൾക്ക് അവസരം നൽകിയിട്ടുണ്ട്.

എന്നാൽ, ന്യൂസിലാൻഡ് പര്യടനത്തിൽ ഇന്ത്യയുടെ പരിശീലകനായ വിവിഎസ് ലക്ഷ്മണ് ഇപ്പോഴും തലവേദന ആയിട്ടുള്ളത് ഇന്ത്യയുടെ ഓപ്പണിങ് സഘ്യം തന്നെയാണ്. ശുഭ്മാൻ ഗിൽ, ഇഷാൻ കിഷൻ എന്നിവരുൾപ്പെടെ ഇനിങ്സിലെ ആദ്യ ബോൾ മുതൽ ഹിറ്റ്‌ ചെയ്ത് കളിക്കാൻ കെൽപ്പുള്ള ധാരാളം ബാറ്റർമാർ സ്‌ക്വാഡിൽ ഉണ്ട് എന്നതിനാൽ തന്നെ, ഓപ്പണർമാരായി ആരെയൊക്കെ ഇറക്കണം എന്നതാണ് ലക്ഷ്മൺ നേരിടുന്ന കൺഫ്യൂഷൻ. പരിശീലകൻ പരീക്ഷണങ്ങൾക്കൊന്നും തയ്യാറായില്ലെങ്കിൽ ശുഭ്മാൻ ഗില്ലും ഇഷാൻ കിഷനും ചേർന്ന് തന്നെയായിരിക്കും ഇന്ത്യയുടെ ഇന്നിംഗ്സ് ഓപ്പൺ ചെയ്യുക.

ഇടങ്കയ്യൻ ബാറ്റർ എന്ന ആനുകൂല്യം ഇഷാൻ കിഷന് മുതൽക്കൂട്ടാവും. അതേസമയം, ഗില്ലിന് പകരം മറ്റൊരാളെ കുറിച്ച് ചിന്തിച്ചാൽ, ദീപക് ഹൂഡ ലക്ഷ്മണ് മുന്നിലുള്ള ഒരു ഓപ്ഷൻ ആണ്. അതല്ലെങ്കിൽ, വിക്കറ്റ് കീപ്പർ ഋഷഭ് പന്ത്, സഞ്ജു സാംസൺ എന്നീ ഹിറ്റർമാരെയും ഓപ്പണർമാരായി ലക്ഷ്മണ് പരിഗണിക്കാവുന്നതാണ്. ഗിൽ തന്നെ ഇഷാനൊപ്പം ഇന്നിംഗ്സ് ഓപ്പൺ ചെയ്താൽ, സഞ്ജു മൂന്നാം നമ്പറിലും, പന്ത് അഞ്ചാം നമ്പറിലും കളിക്കാനാണ് സാധ്യത.