മോശം ദിനമായി പോയി!!!ഞാൻ എന്റെ ടീമിൽ അഭിമാനിക്കുന്നു :മനസ്സ് തുറന്ന് സഞ്ജു സാംസൺ

ഇന്ത്യൻ പ്രീമിയർ ലീഗ് കിരീടം ഒരു മലയാളി ഉയർത്തുന്നത് കാണാൻ കാത്തിരുന്ന ക്രിക്കറ്റ്‌ പ്രേമികൾക്ക് എല്ലാം കടുത്ത നിരാശ. അത്യന്തം ആവേശം നിറഞ്ഞുനിന്ന ഫൈനൽ പോരാട്ടത്തിൽ ഏഴ് വിക്കറ്റിന് ഗുജറാത്തിനോട് തോൽവി വഴങ്ങി സഞ്ജുവിന്റെ രാജസ്ഥാൻ റോയൽസ് ടീം.

ഇന്നലെ നടന്ന ഫൈനൽ മത്സരത്തിൽ എല്ലാ അർഥത്തിലും പരാജയമായ രാജസ്ഥാൻ റോയൽസ് ടീമിന് നീണ്ട പതിനാല് വർഷങ്ങൾക്ക് ശേഷമുള്ള ഐപിൽ ഫൈനൽ ഒരു ദുസ്വപ്നമായി മാറി. കളിയിൽ ഉടനീളം ഗുജറാത്തിന്റെ അധിപത്യം തന്നെയാണ് കാണുവാൻ കഴിഞ്ഞത്. എന്നാൽ മത്സരശേഷം തന്റെ ടീമിനെ കുറിച്ചു അഭിമാനപൂർവ്വം ക്യാപ്റ്റൻ സഞ്ജു സാംസൺ പറഞ്ഞ വാക്കുകൾ ഏറ്റെടുക്കുകയാണ് ക്രിക്കറ്റ് ലോകം ഇപ്പോൾ.

“ഈ സീസൺ ഞങ്ങളെ സംബന്ധിച്ചിടത്തോളം സ്പെഷ്യൽ തന്നെയാണ്. അവസാന രണ്ട് മൂന്ന് സീസണുകളിൽ ഞങ്ങൾ കഠിനമായ ഒരു സമയത്തെ ആണ് നേരിട്ടത്. അതിനാൽ തന്നെ ഈ ഐപിൽ സീസണിൽ ടീമിന് സന്തോഷിക്കാൻ എന്തേലും ഒക്കെ നൽകാൻ കഴിഞ്ഞതിൽ സന്തോഷം. തീർച്ചയായും ഞാൻ ഈ ടീമിൽ അഭിമാനിക്കുന്നു. ഞങ്ങൾ ലേലത്തിൽ തന്നെ മികച്ച ബൗളർമാരെ സ്വന്തമാക്കാൻ തന്നെയാണ് പ്ലാനിട്ടത് ” സഞ്ജു തുറന്ന് പറഞ്ഞു

അതേസമയം കളിയിൽ തങ്ങളെ തോൽപ്പിച്ച് കിരീടം നേടിയ ഗുജറാത്തിനെ അഭിനന്ദിക്കാനും ക്യാപ്റ്റൻ സഞ്ജു തയ്യാറായി. സീസണിൽ പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനക്കാരായി എത്തിയ സഞ്ജുവും ടീമിനെയും ഒന്നാം ക്വാളിഫയറിലും ഗുജറാത്ത്‌ ടീം തോൽപ്പിച്ചിരുന്നു.

Rate this post