ഫിഫ്റ്റി അടിച്ചുതുടങ്ങി ഫാഫ് :സൂപ്പർ ബാറ്റിംഗുമായി ബാംഗ്ലൂർ ബാറ്റ്‌സ്മാൻമാർ

ഐപിഎൽ 15-ാം പതിപ്പ് ആരംഭിക്കാൻ വിരലിലെണ്ണാവുന്ന ദിവസങ്ങൾ മാത്രം ഭാക്കിനിൽക്കെ എല്ലാ ഫ്രാഞ്ചൈസികളും പരിശീലന സെഷനുകൾ ആരംഭിച്ചിരിക്കുകയാണ്. മറ്റു ടീമുകളുടെ പരിശീലന സെഷനുകളുമായി താരതമ്യപ്പെടുത്തുമ്പോൾ, അൽപ്പം വ്യത്യസ്തമായ രീതിയിലുള്ള പരിശീലന രീതികളാണ് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ആവിഷ്കരിച്ചിരിക്കുന്നത്. യഥാർത്ഥ മത്സരങ്ങളെ അനുകരിക്കുന്ന മാച്ച് സിമുലേഷൻ രീതിയാണ് ആർസിബി ഒരുക്കിയിരിക്കുന്നത്.

മാച്ച് സിമുലേഷൻ രീതിയിലുള്ള പരിശീലനം ടീം അംഗങ്ങൾക്കിടയിൽ ശക്തമായ ബന്ധം സൃഷ്ടിക്കാനും, സ്‌ക്വാഡ് ഘടന നിർണ്ണായിക്കാനും സഹായിക്കുമെന്ന് ഹെഡ് കോച്ച് സഞ്ജയ് ബംഗാർ അഭിപ്രായപ്പെട്ടു. ഒരു ഇന്നിംഗ്‌സിന്റെ ആദ്യ 10 ഓവറകൾക്ക് സമാനമായ സാഹചര്യം സൃഷ്ടിച്ച്, 80-90 റൺസ് എന്ന ലക്ഷ്യം സ്ഥാപിച്ചു. തുടർന്ന്, ടോപ് ഓർഡർ ബാറ്റ്‌സ്മാൻമാരായ ഫാഫ് ഡു പ്ലെസിസിനെയും അനുജ് റാവത്തിനെയും ഈ ലക്ഷ്യം നിറവേറ്റാനുള്ള വെല്ലുവിളി ഏൽപ്പിച്ചു.

എന്നാൽ, 10 ഓവറിൽ 90 റൺസ് മതിയോ എന്ന ചോദ്യം ഉന്നയിക്കുന്നതിന് സമാനമായിരുന്നു ക്യാപ്റ്റൻ ഡു പ്ലെസിസിന്റെ പ്രകടനം. 10 ഓവറിൽ ക്യാപ്റ്റനും റാവത്തും ചേർന്ന് 117 റൺസ് എടുത്ത് ലക്ഷ്യം മറികടന്നപ്പോൾ, 77 റൺസുമായി ഡു പ്ലെസിസ്‌ പുറത്താകാതെ നിന്നു. അവസാന ഓവറിൽ പുറത്തായ റാവത്ത് 40 റൺസ് നേടി. ഇതോടെ 37-കാരനായ മുൻ ദക്ഷിണാഫ്രിക്കൻ താരമായ ഡു പ്ലെസിസിന് ഐപിഎല്ലിൽ എത്രത്തോളം തിളങ്ങാൻ സാധിക്കുമെന്നൊക്കെയുള്ള എല്ലാ സംശയങ്ങൾക്കും മറുപടി ആയിരിക്കുകയാണ്.

“ഞങ്ങൾ ചെയ്യാൻ ശ്രമിക്കുന്നത് ഒരു റിഹേഴ്സൽ പോലെയാണ്, കാരണം ഞങ്ങളുടെ ടീമിലേക്ക് പുതിയ കളിക്കാർ എത്തിയിരിക്കുന്നു. അവർ തമ്മിൽ കളിക്കളത്തിൽ പരസ്‌പരം പരിചയപ്പെടാനും ബന്ധം സ്ഥാപിക്കാനും ഈ പരിശീലന രീതി സഹായിക്കും. ഉദാഹരണത്തിന്, ആദ്യ സാഹചര്യത്തിൽ, ഫാഫും അനുജും ഒരുമിച്ചാണ് ബാറ്റ് ചെയ്യുന്നത്, ഇതിന് മുമ്പ് അവർ ഒരിക്കലും ഒരുമിച്ച് ബാറ്റ് ചെയ്തിട്ടില്ല. ഇരുവർക്കും പരസ്പരം ശരീരഭാഷ മനസ്സിലാക്കാനും, അവർ എങ്ങനെ പരസ്പരം വിളിക്കുന്നു എന്നും, അവർ സ്കോർ ചെയ്യാൻ ആഗ്രഹിക്കുന്ന മേഖലകൾ ഏതൊക്കെയാണെന്നും മനസ്സിലാക്കാനുള്ള ആദ്യ അവസരമാണിത്,” ബംഗാർ പറഞ്ഞു.