അയ്യേ ഇത് കള്ള കളി 😳😳മഴയത്തും കളി ഇന്ത്യക്ക് അനുകൂലമാക്കിയെന്ന് ബംഗ്ലാദേശ് ആരാധകർ വിമർശനം

പരാജയത്തിൽ കലി അടങ്ങാതെ ബംഗ്ലാദേശ് ക്രിക്കറ്റ് ആരാധകർ ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിനെതിരെ ഒത്തുകളി ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ, മഴ വില്ലനായി എത്തിയെങ്കിലും ഡിആർഎസ് നിയമപ്രകാരം ഓവർ ചുരുക്കുകയും ബംഗ്ലാദേശിന് വിജയലക്ഷ്യം മാറ്റി നൽകുകയും ചെയ്ത മത്സരത്തിൽ, 5 റൺസിനാണ് ഇന്ത്യ വിജയിച്ചത്. എന്നാൽ, ഇന്ത്യയുടെ വിജയം അംഗീകരിക്കാൻ ആകില്ല എന്ന നിലപാടിലാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ആരാധകർ.

കനത്ത മഴ പെയ്തിട്ടും മത്സരം ഉപേക്ഷിക്കാനോ, കൂടുതൽ സമയം നീട്ടിവെക്കാനോ അമ്പയർമാർ തയ്യാറാകാതിരുന്നത് ഇന്ത്യൻ ടീമിന്റെ സമ്മർദ്ദം മൂലമാണെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ്‌ ആരാധകർ ആരോപിച്ചു. ഗ്രൗണ്ടിൽ ഈർപ്പം ഉണ്ടായിരുന്നിട്ടും, മത്സരം അതിവേഗം തുടരാൻ അമ്പയർ തിടുക്കം കാണിച്ചു എന്നാരോപിച്ച ബംഗ്ലാദേശ് ആരാധകർ, മത്സരത്തിലെ മാൻ ഓഫ് ദി മാച്ച് അമ്പയർക്ക് നൽകണം എന്നും പരിഹസിച്ചു.

മഴ ആരംഭിക്കുന്നതിന് മുൻപ് ബംഗ്ലാദേശ് 7 ഓവറിൽ 66/0 എന്ന നിലയിലായിരുന്നു. എന്നാൽ, മഴക്ക് ശേഷം മത്സരം ആരംഭിച്ചതിന് പിന്നാലെ, അർധസെഞ്ച്വറി പ്രകടനവുമായി തിളങ്ങി നിന്ന ബംഗ്ലാദേശ് ഓപ്പണർ ലിറ്റൺ ദാസ്‌ റൺ ഔട്ടിൽ കുരുങ്ങി പുറത്തായിരുന്നു. രണ്ടാമത്തെ റൺസിന് ഓടുന്നതിനിടെ സ്ലിപ് ആയത് മൂലമാണ് ലിറ്റൺ ദാസിന്റെ വിക്കറ്റ് നഷ്ടമായത്. ഇക്കാരണങ്ങളെല്ലാം ചൂണ്ടിക്കാണിച്ചാണ് ബംഗ്ലാദേശ് ആരാധകർ ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്.

ഗ്രൗണ്ടിൽ ഈർപ്പം ഉണ്ട് എന്ന് ബംഗ്ലാദേശ് ക്യാപ്റ്റൻ ശാക്കിബ് അൽ ഹസ്സൻ അമ്പയറെ അറിയിച്ചിരുന്നെങ്കിലും, അമ്പയർ മത്സരം പുനരാരംഭിക്കുവാൻ ഉള്ള തീരുമാനത്തിൽ ഉറച്ചുനിൽക്കുകയായിരുന്നു. തന്റെ അഭിപ്രായം അമ്പയർ മാനിച്ചില്ല എന്ന് മത്സരശേഷം ബംഗ്ലാദേശ് ക്യാപ്റ്റൻ തുറന്നടിക്കുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് ബംഗ്ലാദേശിനെ പരാജയപ്പെടുത്തിയത് ഇന്ത്യയുടെ പണാധിപത്യം കൊണ്ടുള്ള കളിയാണെന്ന് ബംഗ്ലാദേശ് ആരാധകർ ആരോപിക്കുന്നത്.