പുറത്തായിട്ടും രോഹിത്തിനും കോഹ്‌ലിക്കും ദ്രാവിഡിനും കയ്യടിച്ച് ആരാധകർ ; അതിനൊരു കാരണമുണ്ട്

ടി20 ക്രിക്കറ്റ് ലോകകപ്പിന്റെ സെമി ഫൈനലിൽ ഇംഗ്ലണ്ടിനോട് പരാജയപ്പെട്ട് നാണക്കേടോടെയാണ് ഇന്ത്യ ഓസ്ട്രേലിയയിൽ നിന്ന് മടങ്ങിയെത്തിയത്. എന്നാൽ, ഓസ്ട്രേലിയയിൽ നിന്നുള്ള ടീം ഇന്ത്യയുടെ മടക്കയാത്ര ഇപ്പോൾ വാർത്തകളിൽ ഇടം നേടിയിരിക്കുകയാണ്. ഇന്ത്യൻ ടീം ക്യാപ്റ്റൻ രോഹിത് ശർമ്മ, പരിശീലകൻ രാഹുൽ ദ്രാവിഡ്‌, വിരാട് കോഹ്‌ലി എന്നിവരുടെ തീരുമാനമാണ് ഇന്ത്യൻ ക്രിക്കറ്റ്‌ ആരാധകരുടെ കയ്യടിക്ക് അർഹമാക്കിയിരിക്കുന്നത്.

ഓസ്ട്രേലിയയിൽ നിന്നുള്ള ടീം ഇന്ത്യയുടെ മടക്കയാത്രക്കായി ഫ്‌ളൈറ്റിൽ ബിസിസിഐ മൂന്ന് ബിസിനസ് ക്ലാസ് ടിക്കറ്റുകൾ ആണ് ബുക്ക് ചെയ്തിരുന്നത്. പരിശീലകൻ രാഹുൽ ദ്രാവിഡ്‌, ക്യാപ്റ്റൻ രോഹിത് ശർമ്മ, വിരാട് കോഹ്‌ലി, ഹാർദിക് പാണ്ഡ്യ എന്നിവർക്കാണ് ഫ്ലൈറ്റിൽ ബിസിനസ് ക്ലാസ് ടിക്കറ്റുകൾ നൽകിയിരുന്നത്. എന്നാൽ, ടീമിൽ തങ്ങളെക്കാൾ കൂടുതൽ വിശ്രമം ആവശ്യമായുള്ളത് ബൗളർമാർക്കാണെന്ന് ബോധ്യമുള്ള താരങ്ങൾ അവരുടെ ടിക്കറ്റുകൾ കൈമാറുകയായിരുന്നു.

നീണ്ട കാലത്തെ പരിശീലനവും, കടുപ്പമേറിയ മത്സരങ്ങളും കഴിഞ്ഞു വരുന്ന ഫാസ്റ്റ് ബൗളർമാർക്കാണ് കൂടുതൽ വിശ്രമം ആവശ്യമുള്ളത് എന്ന് മുതിർന്ന താരങ്ങൾ നിലപാട് കൂടിയായിരുന്നു. നീണ്ട യാത്ര കണക്കിലെടുത്ത് പരിശീലകൻ ഉൾപ്പെടെയുള്ള മുതിർന്ന താരങ്ങൾ തങ്ങളുടെ ബിസിനസ് ക്ലാസ് ടിക്കറ്റുകൾ ബൗളർമാർക്ക് നൽകാൻ തീരുമാനിക്കുകയായിരുന്നു. ഇതോടെ, കോഹ്‌ലി, രോഹിത് ശർമ്മ, രാഹുൽ ദ്രാവിഡ്‌ എന്നിവർ തങ്ങൾക്ക് അനുവദിച്ച ബിസിനസ് ക്ലാസ്സ്‌ ടിക്കറ്റുകൾ ടീമിലെ ബൗളർമാർക്ക് കൈമാറി.

മുഹമ്മദ്‌ ഷമി, ഭൂവനേശ്വർ കുമാർ, അർഷദീപ് സിംഗ് എന്നിവർക്കാണ് ബിസിനസ് ക്ലാസ് ടിക്കറ്റുകൾ കൈമാറിയത്. ഇതോടെ, ഓസ്ട്രേലിയയിൽ നിന്ന് മടങ്ങിയ ഇന്ത്യൻ ടീമിന്റെ ഫ്ലൈറ്റിൽ മുഹമ്മദ്‌ ഷമി, ഭൂവനേശ്വർ കുമാർ, അർഷദീപ് സിംഗ്, ഹാർദിക് പാണ്ഡ്യ എന്നിവരാണ് ബിസിനസ് ക്ലാസ് ടിക്കറ്റുകൾ ഉപയോഗിച്ചത്. ഈ വാർത്ത പുറത്തുവന്നതോടെ, ഇന്ത്യൻ ടീമിന്റെ പരിശീലകനെയും മുതിർന്ന താരങ്ങളെയും ക്രിക്കറ്റ് ആരാധകർ അഭിനന്ദനങ്ങൾ കൊണ്ട് മൂടി.