മൈതാനത്ത് ദക്ഷിണാഫ്രിക്കയുടെ വെടിക്കെട്ട് ; സ്റ്റേഡിയത്തിൽ ഇന്ത്യൻ കാണികളുടെ കയ്യാങ്കളി

ഡൽഹിയിലെ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യ – ദക്ഷിണാഫ്രിക്ക ടി20 പരമ്പരയിലെ കൂറ്റൻ സ്കോറുകളും വെടിക്കെട്ട് ബാറ്റിംഗ് പ്രകടനവും കണ്ട ആദ്യ മത്സരം, കാണികൾ തമ്മിലുള്ള കയ്യാങ്കളിക്കും വേദിയായി. ആദ്യം ബാറ്റ്‌ ചെയ്ത ഇന്ത്യ വമ്പൻ സ്കോർ നേടിയതുകൊണ്ട് തന്നെ, കാണികൾ ഒരു ഇന്ത്യൻ വിജയം കാണാൻ ആഗ്രഹിച്ചു. എന്നാൽ, ദക്ഷിണാഫ്രിക്കൻ ബാറ്റർമാർ വിജയം തട്ടിയെടുത്തത് ഇന്ത്യൻ കാണികൾക്ക് വലിയ നിരാശ സമ്മാനിച്ചു.

എന്നാൽ, മത്സരത്തിനിടെ തിങ്ങിനിറഞ്ഞ സ്റ്റേഡിയത്തിൽ കാണികളുടെ വികാരങ്ങൾ വ്രണപ്പെടുകയും, സ്റ്റേഡിയത്തിന്റെ ഈസ്റ്റ് ബ്ലോക്കിൽ ആരാധകർ തമ്മിൽ വഴക്കുണ്ടാകുകയും ചെയ്തു. കാണികളിൽ ഒരാൾ പകർത്തിയ ദൃശ്യം കഴിഞ്ഞ ദിവസമാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ ഇത് ഇന്ത്യൻ ക്രിക്കറ്റിന് തന്നെ നാണക്കേടായിരിക്കുകയാണ്.

വീഡിയോ ക്ലിപ്പിൽ, ഒരു കൂട്ടം ആരാധകർ ഒരാൾക്ക് നേരെ ആക്രമണം അഴിച്ചുവിടുന്നത് കാണാം. ഭാഗ്യവശാൽ, പോലീസുകാർ കൃത്യസമയത്ത് ഇടപെട്ടതു മൂലം കാര്യങ്ങൾ കൈ വിട്ടു പോയില്ല. വഴക്കിന്റെ കാരണം എന്താണെന്ന് വ്യക്തമായി അറിയില്ലെങ്കിലും, ഇത്തരം കാര്യങ്ങൾ ഇന്ത്യൻ ക്രിക്കറ്റിന് മോശം പേര് സമ്പാദിക്കും എന്നത് കൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ ഇനി നടക്കാതിരിക്കാൻ സ്റ്റേഡിയം അധികൃതർ നടപടി സ്വീകരിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.

ആദ്യ മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 212 റൺസ് വിജയലക്ഷ്യം ദക്ഷിണാഫ്രിക്കൻ ബാറ്റർമാരായ ഡേവിഡ് മില്ലറുടെയും വാൻ ഡർ ഡസ്സന്റെയും തകർപ്പൻ ബാറ്റിംഗ് പ്രകടനത്തിന്റെ പിൻബലത്തിൽ ദക്ഷിണാഫ്രിക്ക മറികടക്കുകയായിരുന്നു. ഇരു ടീമുകളും തമ്മിലുള്ള പരമ്പരയിലെ രണ്ടാമത്തെ മത്സരം ഇന്ന് (ജൂൺ 12) കട്ടക്കിൽ നടക്കും.