IPL AUCTION;ചെന്നൈ സൂപ്പർ കിംഗ്സിൽ നിന്ന് ഫാഫ് ഡ്യൂപ്ലസിസിനെ അടർത്തിയെടുത്ത് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ; ലക്ഷ്യം ക്യാപ്റ്റൻ സ്ഥാനം
മുൻ ചെന്നൈ സൂപ്പർ കിംഗ്സ് താരം ഫാഫ് ഡ്യൂപ്ലസിസിനെ സ്വന്തമാക്കി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ. 2 കോടി അടിസ്ഥാന വില ഉണ്ടായിരുന്ന മുൻ ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റനെ 7 കോടി രൂപയ്ക്കാണ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ സ്വന്തമാക്കിയത്.
ചെന്നൈ സൂപ്പർ കിംഗ്സ് ആദ്യ ബിഡ് ഇട്ട് ഡ്യൂപ്ലസിസിനായുള്ള ഓക്ഷന് തുടക്കമിട്ടെങ്കിലും, പിന്നാലെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും ഡൽഹി ക്യാപിറ്റൽസും ലേലത്തിന് ആക്കം കൂട്ടുകയായിരുന്നു. ഒടുവിൽ 7 കോടി രൂപയ്ക്ക് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ താരത്തെ സ്വന്തമാക്കി.
ഇതോടെ പുതിയ ക്യാപ്റ്റനെ തേടുന്ന റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് വലിയ ആശ്വാസമാണ് ഡ്യൂപ്ലസിസിന്റെ വരവ് സമ്മാനിക്കുന്നത്. ദക്ഷിണാഫ്രക്കയെ നയിച്ച് മുൻ പരിചയമുള്ള ഡ്യൂപ്ലസിസ് നിരവധി ഫ്രാഞ്ചൈസി ലീഗുകളിൽ വ്യത്യസ്ത ടീമുകളുടെ ക്യാപ്റ്റനും ആയിട്ടുണ്ട്. വിരാട് കോഹ്ലി ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ ഒഴിവിലേക്ക് പരിചയസമ്പന്നനായ ക്യാപ്റ്റനെ ആണ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ പരിഗണിക്കുന്നതെങ്കിൽ ഫാഫ് ഡ്യൂപ്ലസിസിനെ അടുത്ത സീസണിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ ക്യാപ്റ്റനായി കാണാം.
#PlayBold #WeAreChallengers #IPLMegaAuction #IPL2022 #IPLAuction pic.twitter.com/U1rOkaTnAB
— Royal Challengers Bangalore (@RCBTweets) February 12, 2022
ഐപിഎല്ലിൽ 100 മത്സരങ്ങൾ കളിച്ച ഡ്യൂപ്ലസിസ് 34.9 ശരാശരിയിൽ 131.1 സ്ട്രൈക്ക് റേറ്റോടെ 2,935 റൺസ് നേടിയിട്ടുണ്ട്. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ ഓപ്പണർ ആയിരുന്ന ദേവ്ദത് പടിക്കലിനെ രാജസ്ഥാൻ റോയൽസ് എടുത്തതോടെ, ഫാഫ് ഡ്യൂപ്ലസിസ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് ഒരു മികച്ച ഓപ്പണർ തിരഞ്ഞെടുപ്പ് കൂടിയാണ്.