പുത്തൻ റോളിൽ ഡ്യൂപ്ലസിസിന്റെ ആറാട്ട് ; ക്യാപ്റ്റൻ ഇന്നിംഗ്സിൽ ഒരു ലോഡ് നേട്ടങ്ങൾ

മുംബൈയിലെ ഡിവൈ പാട്ടീൽ സ്പോർട്സ് അക്കാദമി സ്റ്റേഡിയത്തിൽ നടന്നുകൊണ്ടിരിക്കുന്ന ഐപിഎൽ 2022 സീസണിൽ മൂന്നാം മത്സരത്തിൽ, പഞ്ചാബ് കിംഗ്സിനെതിരെ റോയൽ ചലഞ്ചേഴ്സ്‌ ബാംഗ്ലൂർ ആഞ്ഞടിച്ചു. പുതിയ ക്യാപ്റ്റൻമാർ തമ്മിലുള്ള പോരാട്ടമായ മത്സരത്തിൽ, ടോസ് ലഭിച്ച പഞ്ചാബ് ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.

തുടർന്ന്, ആദ്യം ബാറ്റ് ചെയ്ത ആർസിബിക്ക് വേണ്ടി ക്യാപ്റ്റൻ ഫാഫ് ഡ്യൂപ്ലസിസിന്റെ ബാറ്റിംഗ് കരുത്തിൽ 20 ഓവറിൽ 205/2 എന്ന കൂറ്റൻ ടോട്ടലിൽ എത്തുകയായിരുന്നു. ഓപ്പൺ ബാറ്ററായി ഇറങ്ങിയ ഡ്യൂപ്ലസിസ് 57 പന്തിൽ 88 റൺസ് എടുത്താണ് പുറത്തായത്. 154.39 സ്ട്രൈക്ക് റേറ്റിൽ ബാറ്റ് വീശിയ ദക്ഷിണാഫ്രിക്കൻ താരത്തിന്റെ ഇന്നിംഗ്സ്, 3 ഫോറും 7 സിക്സും അടങ്ങിയതാണ്.

കഴിഞ്ഞ 10 സീസണുകളിൽ ചെന്നൈ സൂപ്പർ കിംഗ്സ് താരമായിരുന്ന ഡ്യൂപ്ലസിസ്, ഇന്നത്തെ 88 റൺസ് നേട്ടത്തോടെ 3000 ക്ലബ്ബിൽ ദക്ഷിണാഫ്രിക്കൻ താരം ഇടം നേടി. ഐപിഎല്ലിൽ 3000 റൺസ് തികക്കുന്ന 19-ാമത്തെ താരമാണ് ഡ്യൂപ്ലസിസ്. മാത്രമല്ല, എബി ഡിവില്ല്യേഴ്സിന് ശേഷം ee നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ ദക്ഷിണാഫ്രിക്കൻ താരമായി മാറിയിരിക്കുകയാണ് ഡ്യൂപ്ലസിസ്. കൂടാതെ ക്യാപ്റ്റൻസി അരങ്ങേറ്റത്തിൽ ഏറ്റവും ഉയർന്ന സ്കോറർമാരുടെ പട്ടികയിൽ 4-ാമനായും ഡ്യൂപ്ലസിസ് മാറി.

മത്സരത്തിൽ, ഓപ്പണർമാരായ ഫാഫ് ഡ്യൂപ്ലസിസും അനുജ് റാവത്തും (21) ഒന്നാം വിക്കറ്റിൽ 50 റൺസ് കൂട്ടുകെട്ട് സൃഷ്ടിച്ചു. തുടർന്ന്, രണ്ടാം വിക്കറ്റിൽ ഡ്യൂപ്ലസിസ്‌ വിരാട് കോഹ്‌ലി (41) യുമായി ചേർന്ന് 118 റൺസ് കൂട്ടുകെട്ട് പടുത്തുയർത്തി. അവസാന ഓവറുകളിൽ ദിനേശ് കാർത്തിക് (32) തകർത്തടിച്ചതോടെ ടീം ടോട്ടൽ 205-ൽ എത്തി.