എന്തിന് ഫാഫ് ഡു പ്ലെസിസിന് പിറകെ പോയി? കാരണം വെളിപ്പെടുത്തി ആർസിബി

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ (ഐ‌പി‌എൽ) 2022 പതിപ്പിന് മുന്നോടിയായി നടന്ന മെഗാ താരലേലത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ (ആർ‌സി‌ബി), മുൻ ചെന്നൈ സൂപ്പർ കിംഗ്സ് (സിഎസ്കെ) താരം ഫാഫ് ഡു പ്ലെസിസിനെ സ്വന്തമാക്കിയാണ് അക്കൗണ്ട് തുറന്നത്. സിഎസ്കെയ്ക്കൊപ്പം കഴിഞ്ഞ സീസൺ കളിച്ച ദക്ഷിണാഫ്രിക്കൻ താരം, 16 ഇന്നിംഗ്‌സുകളിൽ നിന്ന് 633 റൺസ് നേടി സിഎസ്‌കെയുടെ നാലാം കിരീട നേട്ടത്തിൽ നിർണ്ണായക പങ്ക് വഹിച്ചിരുന്നു.

അതുകൊണ്ട് തന്നെ, മുൻ ദക്ഷിണാഫ്രിക്കൻ നായകനെ സിഎസ്കെ തന്നെ ലേലത്തിൽ സ്വന്തമാക്കുമെന്നാണ് എല്ലാവരും കരുതിയിരുന്നത്. എന്നാൽ, ഡു പ്ലെസിസിന് വേണ്ടി സിഎസ്കെ ഒരു നിശ്ചിത സമയം വരെ ലേലം വിളിച്ചെങ്കിലും, ആർസിബി 7 കോടി രൂപയ്ക്ക് താരത്തെ സ്വന്തമാക്കുകയായിരുന്നു. ഇത്‌ ഐപിഎൽ ആരാധകർക്കിടയിൽ വലിയ കൗതുകം ജനിപ്പിക്കുകയും ചെയ്തു. ഇപ്പോഴിതാ, ഡു പ്ലെസിസിനെ സ്വന്തമാക്കാനുള്ള അവരുടെ പ്രീ-പ്ലാൻ വെളിപ്പെടുത്തിക്കൊണ്ട്, ആർ‌സി‌ബി ഒരു വീഡിയോ പങ്കിട്ടിരിക്കുകയാണ്.

അതിൽ ഫ്രാഞ്ചൈസിയുടെ ഡയറക്ടർ മൈക്ക് ഹെസ്സൻ അവർ ഡു പ്ലെസിക്കായി ലേലത്തിൽ സജീവമായതിന്റെ കാരണങ്ങളെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുന്നു. “ഞങ്ങളുടെ ടീമിലുണ്ടായിരുന്ന ഓപ്‌ഷനുകളും ലേലത്തിൽ ഉള്ള ഓപ്‌ഷനുകളും പരിഗണിക്കുമ്പോൾ, ഉയർന്ന പരിചയസമ്പന്നനായ ഫാഫ് ഡു പ്ലെസിസിനൊപ്പം ഞങ്ങൾക്ക് മികച്ച നേട്ടം കൈവരിക്കാനാകും എന്ന് ഞങ്ങൾ കരുതുന്നു. അദ്ദേഹം ദീർഘകാലം ദക്ഷിണാഫ്രിക്കയെ നയിച്ചിട്ടുണ്ട്, ഐ‌പി‌എൽ നിരവധി തവണ നേടി, അദ്ദേഹത്തിന്റെ സ്ഥിരതയാർന്ന ബാറ്റിംഗ് പ്രകടനത്തിലും തർക്കമില്ല, അവൻ ശക്തനും വളരെ ആദരണീയനുമാണ്. ഒരു നേതാവിൽ നമ്മൾ ആഗ്രഹിക്കുന്ന ആട്രിബ്യൂട്ടുകൾ ഇവയാണ്,” ഹെസ്സൻ പറഞ്ഞു.

“അവരുടെ എല്ലാ കളിക്കാരെയും നിലനിർത്താൻ ശ്രമിക്കുന്നത് പോലെ, സിഎസ്‌കെ അദ്ദേഹത്തെ തിരികെ കൊണ്ടുവരാൻ ശ്രമിക്കുമെന്ന് വളരെ വ്യക്തമായിരുന്നു. അദ്ദേഹവും മാർക്വീ ഗ്രൂപ്പിൽ ആണ് ഉണ്ടായിരുന്നത്. അതുകൊണ്ട് തന്നെ അദ്ദേഹത്തിന് വേണ്ടി മുന്നോട്ട് പോവാൻ, ഞങ്ങൾ കുറച്ച് അധികം ബജറ്റ് മാറ്റിവെച്ചിരുന്നു. സിഎസ്കെ അദ്ദേഹത്തിന് വേണ്ടി ശ്രമിക്കും എന്ന് എല്ലാവർക്കും ഉറപ്പായിരുന്നു, എന്നാൽ ഞങ്ങൾ അതിന് ശ്രമിക്കുമെന്ന് ആരും ചിന്തിച്ചു കാണില്ല,” ഹെസ്സൻ കൂട്ടിച്ചേർത്തു.