427 റൺസ്‌ 29 സിക്സ് 😱വെടിക്കെട്ട് ടി :20 മാച്ചിൽ ജയവുമായി ഇംഗ്ലണ്ട് | Match Report

ഇംഗ്ലണ്ട് – ദക്ഷിണാഫ്രിക്ക ഒന്നാം ടി20 മത്സരത്തിൽ ഇംഗ്ലണ്ടിന് 41 റൺസിന്റെ ജയം. കൗണ്ടി ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ആദ്യം ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. തുടർന്ന് ആദ്യം ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 234 റൺസ് നേടി. കൂറ്റൻ വിജയലക്ഷം പിന്തുടർന്ന് ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് നിശ്ചിത ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 193 റൺസ് എടുക്കാനേ സാധിച്ചുള്ളൂ.

ആദ്യം ബാറ്റ്‌ ചെയ്ത ഇംഗ്ലണ്ടിനായി ക്യാപ്റ്റൻ ജോസ് ബട്ട്ലറും (22), ജെയ്സൺ റോയും (8) ആണ് ഇന്നിംഗ്സ് ഓപ്പൺ ചെയ്തത്, എന്നാൽ രണ്ടു പേരും നിരാശപ്പെടുത്തി. ലുങ്കി എൻഗിഡിയാണ്‌ ഇംഗ്ലീഷ് ഓപ്പണർമാരെ മടക്കിയത്. തുടർന്ന് ക്രീസിലെത്തിയ ഡേവിഡ് മലൻ (43), ജോണി ബെയർസ്റ്റോ (90), മൊയീൻ അലി (52) എന്നിവർ ഇംഗ്ലണ്ടിനായി വെടിക്കെട്ട് ബാറ്റിംഗ് പുറത്തെടുത്തതോടെയാണ് ഇംഗ്ലണ്ട് കൂറ്റൻ ടോട്ടൽ കണ്ടെത്തിയത്.

ഡേവിഡ് മലൻ 23 പന്തിൽ ഒരു ഫോറും 4 സിക്സും സഹിതം 43 റൺസ് നേടിയപ്പോൾ, 53 പന്തിൽ 3 ഫോറും 8 സിക്സും സഹിതമാണ് ബെയർസ്റ്റോ 90 റൺസ് നേടിയത്. 18 പന്തിൽ 2 ഫോറും 6 സിക്സും അടങ്ങുന്നതായിരുന്നു മൊയീൻ അലിയുടെ 52 റൺസ് പ്രകടനം. ദക്ഷിണാഫ്രിക്കക്കായി ലുങ്കി എൻഗിഡി 5 വിക്കറ്റ് വീഴ്ത്തി.

മറുപടി ബാറ്റിംഗിന് ഇറങ്ങിയ ദക്ഷിണാഫ്രിക്കൻ നിരയിൽ, ഓപ്പണർ റീസ ഹെൻഡ്രിക്സ് (57), ട്രിസ്റ്റൻ സ്റ്റബ്സ് (72) എന്നിവർ ഒഴികെ ആരും മികച്ച സംഭാവനകൾ ചെയ്യാതിരുന്നത് ദക്ഷിണാഫ്രിക്കയ്ക്ക് തിരിച്ചടിയായി. ഇംഗ്ലണ്ടിനായി റിച്ചാർഡ് ഗ്ളീസൺ 3-ഉം റീസ് ടോപ്ലെ, ആദിൽ റാഷിദ്‌ എന്നിവർ രണ്ടു വീതം വിക്കറ്റുകളും വീഴ്ത്തി. ഇംഗ്ലണ്ടിനായി ഓൾ റൗണ്ട് പ്രകടനം പുറത്തെടുത്ത മോയിൻ അലിയാണ് കളിയിലെ താരം.