നിലവിലെ ചാമ്പ്യന്മാർക്ക് പുറത്തേക്കുള്ള വഴിതെളിച്ച് ഇംഗ്ലണ്ട്

ടി20 ലോകകപ്പിലെ ഗ്രൂപ്പ്‌ 1-ലെ അവസാന മത്സരത്തിൽ ശ്രീലങ്കയെ പരാജയപ്പെടുത്തി ഇംഗ്ലണ്ട് സെമിഫൈനൽ പ്രവേശനം ഉറപ്പാക്കി. സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ, ടോസ് നേടിയ ശ്രീലങ്ക ആദ്യം ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക, ഓപ്പണർ പതും നിസ്സങ്കയുടെ (67) ബാറ്റിംഗ് കരുത്തിൽ നിശ്ചിത ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 141 റൺസ് നേടി.

മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇംഗ്ലണ്ടിനായി ഓപ്പണർ അലക്സ്‌ ഹെയിൽസ് (47), ഓൾറൗണ്ടർ ബെൻ സ്റ്റോക്സ്‌ (42*) എന്നിവർ തിളങ്ങി. ഇതോടെ രണ്ട് ബോൾ ശേഷിക്ക് ഇംഗ്ലണ്ട് വിജയലക്ഷ്യം മറികടന്നു. ടോപ് ഓർഡർ ബാറ്റിംഗ് നിര തിളങ്ങിയെങ്കിലും, മധ്യനിര തകർന്നത് ഇംഗ്ലണ്ടിന് നേരിയ ആശങ്ക പടർത്തി. എന്നിരുന്നാലും, ഓൾറൗണ്ടർ ബെൻ സ്റ്റോക്സ് ക്രീസിൽ തുടർന്ന് ഇംഗ്ലണ്ടിന് നിർണായക വിജയം സമ്മാനിച്ചു.

മത്സരത്തിൽ ഇംഗ്ലണ്ട് വിജയിച്ചതോടെ നിലവിലെ ചാമ്പ്യന്മാരായ ഓസ്ട്രേലിയ ഗ്രൂപ്പ് സ്റ്റേജിൽ നിന്ന് പുറത്തായി. ശ്രീലങ്കയ്ക്കെതിരായ വിജയത്തോടെ 5 കളികളിൽ നിന്ന് 3 ജയവും ഒരു തോൽവിയും ഒരു മത്സരം മഴ മൂലം ഉപേക്ഷിക്കുകയും ചെയ്തതോടെ, 7 പോയിന്റുമായി ഇംഗ്ലണ്ട് ഗ്രൂപ്പ്‌ 1-ൽ രണ്ടാം സ്ഥാനക്കാരായി ഫിനിഷ് ചെയ്തു. അതേസമയം ഓസ്ട്രേലിയയും 5 കളികളിൽ നിന്ന് 7 പോയിന്റ് നേടിയെങ്കിലും, നെറ്റ് റൺ റേറ്റ് ഓസ്ട്രേലിയക്ക് തിരിച്ചടിയായി.

ഇംഗ്ലണ്ടിന് +0.473 നെറ്റ് റൺ റേറ്റ് ഉള്ളപ്പോൾ, ഓസ്ട്രേലിയയുടെ നെറ്റ് റൺ റേറ്റ് -0.173 ആണ്. ഇതാണ് നിലവിലെ ടി20 ലോകകപ്പ് ചാമ്പ്യന്മാർക്ക് തിരിച്ചടിയായത്. ചാമ്പ്യന്മാർ സെമി കാണാതെ പുറത്തായപ്പോൾ, കഴിഞ്ഞ തവണത്തെ റണ്ണർഅപ്പ് ആയ ന്യൂസിലാൻഡ്, 5 കളികളിൽ നിന്ന് 7 പോയിന്റും +2.113 നെറ്റ് റൺ റേറ്റും നേടി ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരായി ഫിനിഷ് ചെയ്തു.