ഇതെന്താ കണ്ടം കളിയോ..? പന്ത് കുറ്റിക്കാട്ടിലേക്ക് അടിച്ചുവിട്ട് ഇംഗ്ലണ്ട് ബാറ്റർ! പിന്നാലെ പന്ത് തിരയാൻ നെതർലൻഡ്സ്‌ താരങ്ങൾ

ഇംഗ്ലണ്ട് – നെതർലൻഡ്സ് ഏകദിന പരമ്പരയിലെ ആദ്യ മത്സരം നെതർലൻഡ്സിലെ അംസ്റ്റൽവീൻ വിആർഎ ക്രിക്കറ്റ്‌ ഗ്രൗണ്ടിൽ പുരോഗമിക്കുകയാണ്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട്, ഒരു ഏകദിന അന്താരാഷ്ട്ര മത്സരത്തിൽ ഒരു ടീം നേടുന്ന ഏറ്റവും ഉയർന്ന സ്കോർ രേഖപ്പെടുത്തി ചരിത്രം കുറിച്ചിരിക്കുകയാണ്. 50 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 498 റൺസാണ് ഇംഗ്ലണ്ട് ബാറ്റർമാർ അടിച്ചുകൂട്ടിയത്.

റെക്കോർഡ് നേട്ടത്തിനൊപ്പം മത്സരത്തിൽ നടന്ന മറ്റൊരു രസകരമായ കാര്യവും ക്രിക്കറ്റ് ലോകത്ത് ശ്രദ്ധനേടി. ഇംഗ്ലണ്ട് ബാറ്റിംഗ് ഇന്നിംഗ്സിന്റെ ഒൻപതാം ഓവറിൽ, നെതർലൻഡ്സ് ക്യാപ്റ്റനും സ്പിന്നറുമായ പീറ്റർ സീലർ എറിഞ്ഞ ആദ്യ ബോൾ ഇംഗ്ലീഷ് ബാറ്റർ ഡേവിഡ് മലൻ ലോങ്ങ് ഓഫിലേക്ക് സിക്സ് പറത്തുകയായിരുന്നു. സ്റ്റേഡിയം കടന്നുപോയ പന്ത് ചെന്നുപതിച്ചതോ, സ്റ്റേഡിയത്തിനടുത്തുള്ള ഒരു കുറ്റിക്കാട്ടിൽ.

പിന്നീട്, പന്ത് കണ്ടെത്താനുള്ള തിരച്ചിലായിരുന്നു. മാച്ച് ഒഫീഷ്യൽസിന് പന്ത് കണ്ടെത്താനാകാതെ വന്നതോടെ, നെതർലൻഡ്സ്‌ കളിക്കാരും തിരച്ചിലിനെത്തി. ഒടുവിൽ, ഏറെ നേരത്തെ തിരച്ചിലിനുശേഷം ഒരു നെതർലൻഡ്സ്‌ കളിക്കാരന് തന്നെ പന്ത് ലഭിക്കുകയും ചെയ്തു. ഇതിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയ പ്രചരിക്കുന്നുണ്ട്. പന്ത് ലഭിച്ചതിനുശേഷം കളിക്കാരും മാച്ച് ഒഫീഷ്യൽസും ആഹ്ലാദിക്കുന്നതും വീഡിയോയിൽ കാണാം.

മത്സരത്തിലേക്ക് വന്നാൽ, ഫിൽ സാൾട്ട് (122), ഡേവിഡ് മലൻ (125), ജോസ് ബട്ട്ലർ (70 പന്തിൽ 162*), ലിയാം ലിവിങ്സ്റ്റൺ (22 പന്തിൽ 66*) എന്നിവരുടെ ബാറ്റിങ് കരുത്തിൽ ഇംഗ്ലണ്ട് 50 ഓവറിൽ 498 റൺസ് നേടുകയായിരുന്നു