ഇങ്ങനെയൊരു സൂപ്പർ ആൾറൗണ്ടറെ ആരാണ് ആഗ്രഹിക്കാത്തത് 😱പരിക്ക് ചതിച്ച കരിയർ

എഴുത്ത് :പ്രണവ് തെക്കേടത്ത്;പരിക്കുകൾ തകർത്ത ആ കരിയറിനോട് വിടപറയും മുൻപേ അദ്ദേഹം ഓർമ്മയിൽ സൂക്ഷിക്കാൻ ഒരുപാട് നല്ല മുഹൂർത്തങ്ങൾ സമ്മാനിച്ചിരുന്നു, മാനത്തെ ചുംബിക്കുന്ന കൂറ്റൻ സിക്സറുകളും കൃത്യത കൊണ്ട് ബാറ്സ്മാനെ വരിഞ്ഞു മുറുക്കുന്ന ആ ബോള്ളുകളുമായി കിവീസിന്റെ പ്രധാനിയായ ഓൾ റൗണ്ടർ ആയി അയാൾ വിലസിയിരുന്ന കാലത്ത്, ഒരു മത്സരം തന്റെ മികവിനാൽ വെട്ടിപിടിക്കാനുള്ള ആ കഴിവുകൾ പലപ്പോഴും അദ്ദേഹം പുറത്തെടുത്തിരുന്നു.

കിവികളുടെ അണ്ടർ 19 സെറ്റ് അപ്പിലൂടെ വളർന്നു വന്ന ആ ഓൾ റൗണ്ടർ 2001-2012 കാലയളവിലെ ന്യൂസീലൻഡ് ടീമിന്റെ അഭിവാജ്യ ഘടകമായിരുന്നു, ആദ്യ ചേഞ്ച്‌ ബോളറായി കളിയിലേക്ക് വരുമ്പോഴും, ടീമിന്റെ ആവശ്യത്തിനനുസരിച്ചു ബാറ്റുമായി ക്രീസിലേക്ക് നടന്നടുക്കുമ്പോഴും ഒറ്റക്ക് മത്സരം ജയിപ്പിക്കാനുള്ള ആ കഴിവുകൾ എതിർ ടീം നായകനെയും, ടീമിനേയും ഭീതിയിലാഴ്ത്തിയ ഒരു കാലമുണ്ടായിരുന്നു,തന്റെ ആ ഭീമമായ ശരീരം (1.98)പൂർണമായി തന്റെ നിയന്ത്രണത്തിലാണ് എന്നതിന്റ ഉത്തമ ഉദാഹരണമായിരുന്നു ഔട്ട് ഫീൽഡുകളിൽ അസാധ്യ മെയ്‌വഴക്കത്തോടെ അയാൾ പറന്നു കൈപിടിയിലാക്കിയ ബോളുകൾ ക്രിക്കറ്റ്‌ ലോകത്തോട് വിളിച്ചു പറഞ്ഞിരുന്നത്, ചെറുപ്പത്തിൽ സ്കൂൾ ഫുടബോൾ ടീമിലെ ഗോൾ കീപ്പർ ആയതിനാൽ ഔട്ട്‌ ഫീൽഡിൽ അത് തന്നെ ഒരുപാട് സഹായിച്ചിരുന്നേനും ഒരു ഇന്റർവ്യൂൽ അദ്ദേഹം പറയുകയുണ്ടായിരുന്നു.

അദ്ദേഹത്തിന്റെ ആ നീളം പലപ്പോഴും പിച്ചിൽ നിന്ന് എക്സ്ട്രാ ബൗൻസ് സ്വായത്തമാക്കാൻ അയാളെ സഹായിച്ചിരുന്നു, അരങ്ങേറ്റ നാളുകളിൽ കാത്തു സൂക്ഷിച്ച ആ വേഗത പിന്നീട് കൈമോശം വന്നെങ്കിലും, കൃത്യത കരിയറിലുടനീളം കാത്തു സൂക്ഷിച്ചു കൊണ്ട് പലപ്പോഴും ന്യൂസീലൻഡ് നായകന്മാർക്ക് അയാൾ ഒരുപാട് ബ്രേക്ക് ത്രൂകൾ സമ്മാനിച്ചിരുന്നു.2002ൽ ഇന്ത്യക്കെതിരെ ടെസ്റ്റ്‌ ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചപ്പോൾ സച്ചിന്റെ വിക്കെറ്റ് സ്വന്തമാക്കിയായിരുന്നു അദ്ദേഹം ആ കരിയറിന്റെ തുടക്കം ആഘോഷിച്ചത്, രണ്ടാം ടെസ്റ്റിൽ 6 വിക്കറ്റുകളും, ട്രിക്കി സ്കോർ പിന്തുടരുമ്പോൾ സ്വന്തമാക്കിയ 26 റൻസുകളും അദ്ദേഹത്തെ വളരെ പെട്ടെന്ന് തന്നെ കിവീസ് ടീമിലെ പ്രധാനപെട്ട മുഖങ്ങളിൽ ഒന്നാക്കി മാറ്റുകയും ചെയ്തു, തുടർന്ന് ഇന്ത്യക്കെതിരെ നടന്ന ഏകദിന സീരീസിലെ ആദ്യ മത്സരത്തിൽ തന്നെ അഞ്ചു വിക്കറ്റ് നേട്ടം ആഘോഷിച്ചു വരാനിരിക്കുന്ന കാലങ്ങളിൽ രണ്ടു ഫോര്മാറ്റിലും തന്നെ കാണാമെന്ന ശുഭ സൂചനയും അയാൾ പുറപ്പെടുവിച്ചു.

ഏകദിനങ്ങളിൽ പലപ്പോഴും ആ തകർന്നു പോവുന്ന ബാറ്റിംഗ് ഡിപ്പാർട്മെന്റിനെ കൗണ്ടർ അറ്റാക്കിലൂടെ താങ്ങി നിർത്താനുള്ളൊരു മിടുക്ക് പലപ്പോഴും ഓറം പ്രകടിപ്പിച്ചിരുന്നു 2003ൽ പൂനെയിൽ ഓസീസിനെതിരെ 68ന് 5 വിക്കെറ്റ് നഷ്ടമായി ന്യൂസീലൻഡ് പതറുമ്പോൾ സ്വന്തമാക്കിയ ആ 87 റണ്ണുകളും, 2007ൽ പെർത്തിൽ ഓസീസിന്റെ 344 റൺസ് പിന്തുടരുമ്പോൾ 72 ബോളിൽ സ്വന്തമാക്കിയ ആ സെഞ്ച്വറിയിലും ആ പോരാളിയുടെ പോരാട്ട വീര്യത്തിന്റെ ഉദാഹരണങ്ങളായിരുന്നു, ഓസീസിനെതിരെ ഇറങ്ങുമ്പോൾ ആ ബാറ്റ് പലപ്പോഴും പതിവിനെക്കാൾ മനോഹരമായി ബൗണ്ടറി ലൈനുകളെ ഇഷ്ടപെടുന്നതും ആ കാലത്തെ ചേതോഹരമായ ഓർമ്മകളായി നിറഞ്ഞിരുന്നു.