ഇതിഹാസ താരമായി മാറാതെ അയാൾക്ക്‌ അവസാനമായി 😱ഈ കരിയർ അപൂർവ്വം

എഴുത്ത് :പ്രണവ് തെക്കേടത്ത്;കഴിവുള്ള ഒരുപാട് താരങ്ങളെ ഉത്പാദിപ്പിക്കുന്നതും പാതി വഴിയിൽ അവർ ഒന്നുമല്ലാതെ പോവുന്നതും പാകിസ്ഥാൻ ക്രിക്കറ്റിന് പുതുമയൊന്നുമല്ല, Losted talents എന്ന ഓമന പേരിൽ അവർ ഇന്നും ഇങ്ങനെ ക്രിക്കറ്റ്‌ ചരിത്രത്തിൽ നിറഞ്ഞു നിൽക്കുന്നതിന്റെ കാരണം ഒരിക്കൽ കളിക്കളത്തിൽ അവർ കാഴ്ചവെച്ച അമാനുഷിക പ്രകടനങ്ങൾ നമുക്ക് മറക്കാൻ സാധിക്കാത്തതുകൊണ്ടാണ്.

ബൗളിംങ് എന്നത് എനിക്കൊരു കലയായി തോന്നിയിരുന്നു, അയാൾ ആ ബോളിനെ തന്റെ ഇഷ്ടത്തിനനുസരിച്ചു രണ്ടു വശത്തേക്കും ചലിപ്പിക്കുമ്പോൾ അയാളൊരു മായാജാലക്കാരനോ എന്നും ചിന്തിച്ചിരുന്നു,അയാളിൽ നിന്നുൽഭവിക്കുന്ന ആ ബോളുകൾക്ക് മാത്രം വിക്കറ്റിൽ നിന്നും ലഭിക്കുന്ന ആ ചലനങ്ങൾ അയാൾ ലോകത്തിലെ മികച്ചവനിലേക്കുള്ള യാത്രയിലാണെന്നുള്ള ഒരു തോന്നൽ എന്നിലുണ്ടാക്കിയിരുന്നു.ആ അനായാസമായ ബോളിങ് ആക്ഷനും, ബോളിനെ രണ്ടു വശത്തേക്കും സീം ചെയ്യാൻ സാധിപ്പിക്കുന്ന ആ വിചിത്ര കഴിവുകളും, പക്ഷെ അഞ്ചു വർഷക്കാലം മാത്രമേ ആസ്വദിക്കാൻ സാധിച്ചിരുന്നുള്ളൂ, ബാറ്സ്മാന്മാരെ പുറത്താക്കാനുള്ള അയാളുടെ ആ സെറ്റ് അപ് പലപ്പോഴും ആ ബോളിങ്ങിനെ ഒരു കലയാക്കി മാറ്റുന്നതായിരുന്നു ഗ്ലെൻ മഗ്രാത്തിന്റെ ആ കൃത്യത പിന്നെ കണ്ടത് അയാളിലായിരുന്നു, വേഗതയല്ലായിരുന്നു ഒരിക്കലും അയാളുടെ ആയുധം, മഗ്രാത്തിനെ പോലെ ആ ലൈനും ലെങ്തും ആയിരുന്നു അയാളുടെ ശക്തി.

വെറും അഞ്ചു വർഷക്കാലം കളിക്കളത്തിൽ നിന്നിരുന്ന ആ ബൗളർക്കാണ് ഡിവില്ലിയേഴ്സും, പീറ്റെർസനും, കുകുമെല്ലാം, തന്റെ കരിയറിൽ തങ്ങൾ നേരിട്ട മികച്ച ബൗളർ എന്ന വിശേഷണം ചാർത്തിയിരുന്നത്,ഒരു ഇന്റർവ്യൂ സമയത്ത് ഇതേ ചോദ്യം ഉന്നയിച്ചപ്പോൾ പീറ്റേഴ്‌സൺ പറഞ്ഞ മറുപടി ഇതായിരുന്നു “The best bowler i faced was mohammad Asif by a country mile, the guy from pakistan who done for match fixing and stuff probably not a bad thing because he tormented lot of batters. Just his ability to make a batsman feel like the ball was accelerating of the wicket in different directions,”അതെ തന്റെ കരിയറിൽ അഞ്ചു പ്രാവശ്യം തന്നെ പുറത്താക്കിയ, നേരിട്ട ആദ്യ ബോളിൽ മൂന്ന് പ്രാവശ്യം തന്നെ പവിലിയനിലേക്കയച്ച അയാളെ അല്ലാതെ വേറെ ആരുടേ നാമം പറയുമല്ലേ പീറ്റേഴ്‌സൺ… മഗ്രാത്തിനെയും ലീയെയും ജോൺസണെയും എല്ലാം നേരിട്ടിരുന്ന ഒരാളാണ് ആസിഫിന്റെ നാമം പറഞ്ഞതെന്നുള്ളത് നമ്മളെ ഒരിക്കൽ കൂടി ഓർമ്മ പെടുത്തുകയാണ് ആരായിരുന്നു അല്ലെങ്കിൽ എന്തായിരുന്നു ആസിഫ് എന്ന ആ സത്യം.Wobbly സീമുമായി ബോളുകൾ വർഷിക്കാൻ എന്നെ പഠിപ്പിച്ചത് ആസിഫ് ആയിരുന്നെന്ന് ഒരിക്കൽ ആൻഡേഴ്സൺ എന്ന ഇതിഹാസം വെളിപ്പെടുത്തിയിരുന്നു, എനിക്ക് ബോള്ളിലുള്ള നിയന്ത്രണം നഷ്ടപെട്ടപ്പോഴൊക്കെ എന്നെ സഹായിച്ചത് ആസിഫിന്റെ ഉപദേശങ്ങളായിരുന്നെന്ന് ആമിറും തുറന്നു പറഞ്ഞിരുന്നു, അതെ അയാൾ ഗ്ലെൻ മഗ്രാത്തിന്റെ രണ്ടാം പതിപ്പാണെന്നുള്ള ചിന്തകൾ ജനിപ്പിച്ചയാൾ മറയുകയായിരുന്നു.

2006ലെ കറാച്ചി ടെസ്റ്റിലായിരുന്നു അയാളിലെ ആ പ്രതിഭയുടെ ആ മിന്നലാട്ടം ലോകം ശ്രദ്ധിച്ചത്, ആർച്ച് റൈവൽസ് ആയ ഇന്ത്യയുടെ പേരുകേട്ട ആ ടോപ് ഓർഡറിനെ അയാൾ തകർത്തെറിഞ്ഞു പാകിസ്താനെ വിജയത്തിലേക്ക് നയിച്ചപ്പോൾ സെവാഗിനെയും, സച്ചിനെയും,ലക്ഷ്മണിനെയും ക്ലീൻ ബൗൾഡ് ചെയ്തത് ഒരിന്ത്യക്കാരനും അത്ര പെട്ടെന്ന് മറന്നെന്നു വരില്ല. അതിനുശേഷം കാൻഡിയിൽ ശ്രീലങ്കയെ തകർത്തെറിഞ്ഞു പുതിയ ഉയരങ്ങളിലേക്ക് കുതിച്ചു മുന്നേറുന്നതിന്റെ ഇടയിലായിരുന്നു ഡ്രഗ് ടെസ്റ്റിൽ പരാജയപെട്ടതിനെ തുടർന്ന് 2007ലെ വേൾഡ് കപ്പിൽ നിന്നയാൾ ഒഴിവാക്കപെട്ടത് അതിന് ശേഷം ദുബായ് എയർപോർട്ടിൽ ഡ്രഗ്സ് കൈവശം വച്ചതിനു യു എ ഇ ലേക്കുള്ള അയാളുടെ പിന്നീടുള്ള സന്ദർശനം വിലക്കിയതും വാർത്തകളിൽ നിറഞ്ഞിരുന്നു. ഒരർത്ഥത്തിൽ അയാൾ പതിയെ ക്രിക്കറ്റ്‌ വിട്ടു സഞ്ചരിക്കാൻ തുടങ്ങിയിരുന്നു.

വിവാദങ്ങൾക്കിടയിലും ആ റെഡ് ചെറി തന്റെ കയ്യിൽ കിട്ടിയപ്പോഴൊക്കെ അയാൾ എല്ലാവരേയും അത്ഭുതപെടുത്തിയിരുന്നു 2007ലെ സൗത്ത് ആഫ്രിക്കൻ പര്യടനവും, തുടർന്നുള്ള ന്യൂസീലൻഡ് ഓസ്ട്രേലിയ പര്യടനങ്ങളിലും അയാൾ വിക്കറ്റുകളുമായി നിറഞ്ഞു നിന്നിരുന്നു, 2010ലെ ഇംഗ്ലീഷ് പര്യടനത്തിൽ വെറും 20 ടെസ്റ്റുകളിൽ നിന്നയാൾ 100 വിക്കറ്റ് സ്വന്തമാക്കി ഏവരെയും അത്ഭുതപെടുത്തിയപ്പോൾ ലോകം ഉറപ്പിച്ചിരുന്നു വരും കാലങ്ങളിൽ അയാൾ അറിയപ്പെടുക ഇതിഹാസം എന്ന വിശേഷണത്തിൽ ആയിരിക്കുമെന്ന്. പക്ഷെ പണത്തിനോടുള്ള അമിതമായ ആഗ്രഹം അയാളിൽ ജനിച്ചപ്പോൾ തനിക്ക് ദൈവം തന്ന നൈസർഗികമായ ആ കഴിവുകളെ അയാൾ മറന്നു, 2010 ലോർഡ്‌സ് ടെസ്റ്റിൽ ഒത്തുകളിക്ക് കൂട്ടുനിന്നയാൾ തന്നെ താനാക്കി മാറ്റിയ ആ കളിയെ വഞ്ചിച്ചു, തന്നെ സ്നേഹിച്ചവരുടെ വെറുപ്പുകൾ സ്വന്തമാക്കി അയാൾ എങ്ങോട്ടോ മറഞ്ഞു.