‘മാത്യു വേഡ് സിക്സ് അടിച്ചത് ഓർമ്മയുണ്ടോ’ ;കളിക്കിടെ പാകിസ്ഥാൻ പേസർ ഷഹീൻ അഫ്രീദിയെ പ്രകോപിതനാക്കി ബംഗ്ലാദേശ് ആരാധകർ

2021 ഐസിസി ടി20 ലോകകപ്പിൽ ഇന്ത്യയ്‌ക്കെതിരായ മത്സരത്തിലെ മികച്ച പ്രകടനത്തിന്റെ പേരിൽ ശ്രദ്ധേയനായ താരമാണ് പാകിസ്ഥാൻ പേസർ ഷഹീൻ അഫ്രീദി. തുടർന്ന് നടന്ന ഒരു മത്സരത്തിനിടയിൽ, ഫീൽഡിംഗിനിടെ ഇന്ത്യൻ ബാറ്റർമാരുടെ വിക്കറ്റുകൾ അനുകരിച്ച ഷഹീന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.എന്നാൽ, അപരാചിതരായി മുന്നേറിയിരുന്ന പാകിസ്ഥാനെ ഓസ്ട്രേലിയക്കെതിരെ നടന്ന സെമി ഫൈനൽ മത്സരത്തിൽ പരാജയപ്പെടുത്തിയതിൽ വലിയൊരു പങ്ക് ഷഹീൻ അഫ്രീദിയുടേതായിരുന്നു.

ഷഹീൻ എറിഞ്ഞ 19-ാം ഓവറിലെ അവസാന 3 പന്തുകൾ സിക്സർ പറത്തിയായിരുന്നു ഓസ്‌ട്രേലിയൻ വിക്കറ്റ് കീപ്പർ മാത്യു വെയ്‌ഡ് ഓസ്ട്രേലിയയെ വിജയത്തിലെത്തിച്ചത്. ലോകകപ്പിന് ശേഷം പാകിസ്ഥാൻ ഉഭയകക്ഷി പരമ്പര കളിക്കാനായി ബംഗ്ലാദേശിലേക്കാണ് പറന്നത്. മൂന്ന് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയിൽ മൂന്ന് മത്സരങ്ങളും വിജയിച്ച് പാകിസ്ഥാൻ പരമ്പര തൂത്തുവാരിയിരുന്നു. തുടർന്ന് നടന്ന ടെസ്റ്റ്‌ പരമ്പരയിലെ പുരോഗമിച്ചുകൊണ്ടിരിക്കുന്ന ആദ്യ ടെസ്റ്റ്‌ മത്സരം നാലാം ദിനം പിന്നിടുമ്പോൾ, പാകിസ്ഥാൻ വിജയം 10 വിക്കറ്റ് ശേഷിക്കേ 93 റൺസ് അകലെ ആണ്.

ചിറ്റാഗോങിലെ സഹൂർ അഹ്‌മദ്‌ ചൗദരി സ്റ്റേഡിയത്തിൽ പുരോഗമിക്കുന്ന ആദ്യ ടെസ്റ്റിന്റെ മൂന്നാം ദിനം ബംഗ്ലാദേശ് ആരാധകർ ഒന്നടങ്കം ഷഹീൻ അഫ്രീദിയുടെ നേരെ തിരിയുന്ന കാഴ്ച്ചയാണ് കണ്ടത്. ബൗണ്ടറി സേവ് ചെയ്യാൻ ഓടി വന്ന് ബൗണ്ടറി ലൈനോട് അടുത്തെത്തി അഫ്രീദി ഡൈവ് ചെയ്യുമ്പോൾ, സ്റ്റേഡിയത്തിൽ ഉണ്ടായിരുന്ന ഒരു വിഭാഗം കാണികൾ വെയ്ഡിന്റെ ഹാട്രിക് സിക്സിനെക്കുറിച്ച് ഓർമ്മിപ്പിക്കുന്നത് മൈക്കിൽ കേൾക്കാമായിരുന്നു. അഫ്രീദിയെ കാണുമ്പോഴേക്കും, വേഡ് വേഡ് എണ് ബംഗ്ലാദേശ് കാണികൾ അദ്ദേഹത്തെ പ്രകോപിതനാക്കാൻ വേണ്ടി വിളിച്ചുപറയുന്നുണ്ടായിരുന്നു.

എന്നാൽ, ഇതിന് ഷഹീൻ മറുപടി നൽകിയത് മത്സരത്തിന്റെ നാലാം ദിവസമാണ്. ടെസ്റ്റിന്റെ നാലാം ദിനം അഞ്ച് വിക്കറ്റ് വീഴ്ത്തി ബംഗ്ലദേശ് ആരാധകരുടെ ‘മാത്യൂ വേഡ്’ പരിഹാസങ്ങൾക്ക് പാകിസ്ഥാൻ പേസർ മറുപടി നൽകി. ഷഹീന്റെ ബൗളിംഗ് പ്രകടനത്തിൽ ബംഗ്ലാദേശ് രണ്ടാം ഇന്നിംഗ്സിൽ 157 റൺസിന് ഓൾഔട്ട്‌ ആയിരുന്നു.