ബൗളറുടെ ആയുധം ‘ഷൂസ്’യെങ്കിൽ ബാറ്റ്സ്മാന് ആയുധം ബാറ്റ് തന്നെ..! അത് ഇനി കളിക്കാൻ ആയാലും വേണ്ടില്ല, ആഘോഷിക്കാൻ ആയാലും വേണ്ടില്ല

ക്രിക്കറ്റിനെ ‘മാന്യന്മാരുടെ കളി’ എന്ന് വിശേഷിപ്പിക്കുമെങ്കിലും, വീറും വാശിയും നിറഞ്ഞ മത്സരങ്ങളിൽ കളിക്കാരുടെ ഭാഗത്ത്‌ നിന്ന് ചില നിയന്ത്രണം വിട്ട പെരുമാറ്റങ്ങൾ സംഭവിക്കാറുണ്ട്. പലപ്പോഴും, ഇത്‌ കാണികൾക്ക് അസ്വസ്ഥത ഉണ്ടാക്കാറുണ്ടെങ്കിലും, ചില സന്ദർഭങ്ങളിൽ ഇത്തരം പ്രവർത്തികൾ ആരാധകരെ ആവേശത്തിൽ ആക്കാറുമുണ്ട്. നിയന്ത്രണം വിട്ട പെരുമാറ്റങ്ങൾ എന്നത് കൊണ്ട്, വഴക്കോ ലഹളയൊ അല്ല ഉദ്ദേശിക്കുന്നത്, തീർത്തും ആരോഗ്യപരമായ എന്നാൽ ആവേശകരമായ സെലിബ്രേഷനുകളും ഈ പരിധിയിൽ വരുന്നു.

കഴിഞ്ഞ ദിവസം ഇത്തരമൊരു സെലിബ്രേഷന് ലോക ക്രിക്കറ്റ്‌ പ്രേക്ഷകർ സാക്ഷ്യം വഹിക്കുകയുണ്ടായി. ഇപ്പോൾ, ലോക ക്രിക്കറ്റിൽ ശ്രദ്ധ നേടി മുന്നേറുന്ന, യൂറോപ്പ്യൻ ക്രിക്കറ്റ്‌ ലീഗിലാണ് സെലിബ്രേഷന് ആസ്പതമായ സംഭവം നടന്നത്. ലീഗിൽ കഴിഞ്ഞ ദിവസം നടന്ന ടൺബ്രിഡ്ജ് വെൽസും ഡ്രൂസും തമ്മിൽ നടന്ന മത്സരത്തിലാണ് അടിക്ക് തിരിച്ചടി എന്ന തരത്തിലുള്ള സെലിബ്രേഷൻ നടന്നത്.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ടൺബ്രിഡ്ജ് വെൽസിന് വേണ്ടി ക്രിസ് വില്യംസും മാർക്കസ് ഒറിയോർഡനും ക്രീസിൽ നിൽക്കുന്ന സമയം. ഇന്നിംഗ്സിലെ 8-ാമത്തെ ഓവർ എറിഞ്ഞ ഡ്രൂസിന്റെ വാഹിദ് അബ്ദുൽ, 8 റൺസ് എടുത്ത മാർക്കസ് ഒറിയോർഡനെ ക്ലീൻ ബൗള്ഡ് ചെയ്ത് ഇന്നിംഗ്സിൽ നിർണ്ണായക ബ്രേക്ക്‌ കൊണ്ടുവന്നു. വിക്കറ്റ് വീഴ്ത്തിയതിന്റെ ആഹ്ലാദക സൂചകമായി, വാഹിദ് തന്റെ ഷൂസ് ഊരി ഫോണിന്റെ മാതൃകയിൽ ഉപയോഗിച്ച്, മാർക്കസിനോട് ഗ്രൗണ്ടിൽ നിന്ന് കയറിപ്പോവാൻ ആംഗ്യം കാണിക്കുകയും ചെയ്തു.

ഈ രംഗങ്ങളെല്ലാം കണ്ട് കലിപൂണ്ട് നോൺ-സ്ട്രൈക്കിൽ നിന്നിരുന്ന ക്രിസ് വില്യംസ്‌, താൻ നേരിട്ട അടുത്ത രണ്ട് പന്തുകളും കൂറ്റൻ സിക്സറുകൾ പറത്തി, തന്റെ ബാറ്റ് ഒരു ഫോൺ മാതൃകയിൽ ഉപയോഗിച്ച് സെലിബ്രേഷൻ നടത്തിയാണ് വാഹിദിനോട് പകരം വീട്ടിയത്. മത്സരത്തിൽ ക്രിസ് വില്യംസ്‌ 27 പന്തിൽ 56 റൺസ് നേടി. ടി10 മത്സരത്തിൽ ടൺബ്രിഡ്ജ് വെൽസ്‌ ഡ്രൂസിനെ 50 റൺസിന് പരാജയപ്പെടുത്തി.