കണ്ണിന് കുളിർമയേകുന്ന കാഴ്ച്ചകൾ, മലയും കാടും പുൽമേടുകളും നദികളും നിറഞ്ഞു നിൽക്കുന്ന ഫ്രെയിമുകൾ, മനോഹരമായ പശ്ചാത്തലസംഗീതം, അഭിനേതാക്കളുടെ തകർപ്പൻ അഭിനയം,ഇവയൊക്കെ ചേർന്നതാണ് ഹണ്ട് ഫോർ ദി വൈൽഡർ പീപ്പിൾ. ഹെയ്ദി, പീനട്ട് ബട്ടർ ഫാൽക്കൺ തുടങ്ങിയ ഫീൽ ഗുഡ് ചിത്രങ്ങൾ നമുക്ക് സമ്മാനിച്ചതെന്തോ അത് തന്നെയാണ് ഈ സിനിമയും നമുക്ക് സമ്മാനിക്കുന്നത്.(Hunt For The Wilderpeople,2016)
ഹരിതാഭമായ മലഞ്ചെരുവിൽ താമസിക്കുന്ന ഒറ്റപ്പെട്ടു ഹെക്കും ബെല്ലയും റിക്കി ബെക്കർ എന്ന അനാഥബാലനെ ദത്തെടുക്കുകയാണ്. ഒരല്പം വശപിശകുള്ള റിക്കി തുടക്കത്തിൽ തന്നെ അവിടുന്ന് ഓടിപോവാൻ ശ്രമിക്കുമെങ്കിലും പിന്നീട് അവൻ ആ പരിതസ്ഥിതിയോട് ഇണങ്ങി ജീവിക്കുന്നു. പിന്നീടൊരു പ്രത്യേകസാഹചര്യത്തിൽ കാട്ടിലേക്ക് ഓടിപോവുന്ന റിക്കിയിലൂടെയാണ് കഥ പുരോഗമിക്കുന്നത്. റിക്കിയും ഹെക്കും തമ്മിലുള്ള ബന്ധത്തിന്റെ കഥ കൂടിയാണ് സിനിമ.
ജോജോ റാബിറ്റിന്റെ സംവിധായകനായ ടൈക വൈറ്റിറ്റി അതിന് മുൻപ് സംവിധാനം ചെയ്ത സിനിമയാണ് ഹണ്ട് ഫോർ ദി വൈൽഡർ പീപ്പിൾ. കാടിന്റെ സൗന്ദര്യം ഒപ്പിയെടുക്കുന്നതിൽ സിനിമ എത്രത്തോളം മികവ് പുലർത്തിയിട്ടുണ്ട് എന്ന് സിനിമ കാണുമ്പോൾ നമുക്ക് മനസ്സിലാവുന്നു. മനോഹരമായ സിനിമാറ്റോഗ്രഫി തന്നെയാണ് സിനിമയുടെ ഏറ്റവും വലിയ മുതൽ കൂട്ട്. രംഗത്തിനിണങ്ങുന്ന പശ്ചാത്തലസംഗീതം കൂടി ചേരുമ്പോൾ സാങ്കേതിക പരമായി മികച്ച ഒരനുഭവം തന്നെയാണ് സിനിമ പ്രേക്ഷകന് നൽകുന്നത്.
അഭിനയത്തിന്റെ കാര്യത്തിൽ ഡെന്നിൻസണും സാം നീലും മോശമാക്കിയില്ല എന്ന് തന്നെ പറയാം. ഡെന്നിൻസണിന്റെ പല നർമ്മരംഗങ്ങളും മികച്ചു നിന്നു. ജോജോ റാബിറ്റിലെന്ന പോലെ കുട്ടികളുടെ നിഷ്കളങ്കത തന്നെയാണ് ഈ സിനിമയിലും സംവിധായകൻ ഉപയോഗപ്പെടുത്തിയിട്ടുള്ളത്.ന്യൂസിലാന്റിൽ നിന്നാണ് ഈയൊരു മനോഹര ചിത്രം പിറന്നിട്ടുള്ളത്.ഇംഗ്ലീഷ് ഭാഷയിൽ തന്നെയാണ് ഈ സിനിമ നമുക്ക് ലഭ്യമായിട്ടുള്ളത്. ഒരു മണിക്കൂറും 41 മിനിട്ട് ദൈർഘ്യമുള്ള ഈ സിനിമ മനസ്സ് നിറഞ്ഞ് സന്തോഷിക്കാനുള്ള ഒരു അവസരം നമുക്ക് നൽകുകയാണ്.ഫീൽഗുഡ് സിനിമ ഗണത്തിൽ നല്ലൊരു സ്ഥാനം തന്നെ ഈ സിനിമക്കുണ്ട്. നിരാശപ്പെടുത്തില്ല എന്നുറപ്പാണ്