അരങ്ങേറ്റം രണ്ട് വിക്കെറ്റ്!! റെക്കോർഡും സ്വന്തം : ഇതിഹാസ നേട്ടവുമായി അർഷദീപ്

ഇന്ത്യ – ഇംഗ്ലണ്ട് ടി20 പരമ്പരയിലെ ഒന്നാം ടി20 മത്സരത്തിലെ ഇന്ത്യയുടെ തകർപ്പൻ ജയത്തിന് പിന്നാലെ, ഇന്ത്യയുടെ അരങ്ങേറ്റക്കാരനായ യുവ ഫാസ്റ്റ് ബൗളർ അർഷദീപ് സിംഗ് ചരിത്ര പുസ്തകത്തിൽ ഇടം നേടി. സതാംപ്ടണിൽ നടന്ന ടി20 മത്സരത്തിൽ, 50 റൺസിനാണ് ഇന്ത്യ ആതിഥേയരെ തകർത്തത്. ആദ്യം ബാറ്റ്‌ ചെയ്ത ഇന്ത്യ നിശ്ചിത ഓവറിൽ 198 റൺസ് നേടിയപ്പോൾ, മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് 148 റൺസിന് കൂടാരം കയറി.

മത്സരത്തിൽ, ഇന്ത്യയുടെ ബൗളിംഗ് ഓപ്പൺ ചെയ്തത് ഭൂവനേശ്വർ കുമാർ ആണ്. ആദ്യ ഓവറിൽ ഒരു റൺസ് മാത്രം വഴങ്ങിയ ഭുവി, ഇംഗ്ലണ്ട് നായകൻ ജോസ് ബട്ട്ലറുടെ (0) വിക്കറ്റും വീഴ്ത്തി ഇന്ത്യക്ക് ഗംഭീര ബ്രേക്ക് സമ്മാനിച്ചു. തുടർന്ന്, ഇന്ത്യക്ക് വേണ്ടി ടി20 അരങ്ങേറ്റം കുറിച്ച അർഷദീപ് സിംഗ് ആണ് ഇന്നിംഗ്സിന്റെ രണ്ടാം ഓവർ എറിയാനെത്തിയത്. രണ്ടാം ഓവറിൽ ഇംഗ്ലീഷ് ഓപ്പണർ ജെയ്സൺ റോയ്ക്കെതിരെ ബോൾ ചെയ്ത അർഷദീപ്, ഒരു റൺസ് പോലും വിട്ടു നൽകിയില്ല.

ഓവറിലെ നാലാം ബോളിൽ ലെഗ് ബൈ ആയി 2 റൺസ് പിറന്നതല്ലാതെ അർഷദീപിനെതിരെ റോയ്ക്ക് ഒരു റൺസ്‌ പോലും നേടാനായില്ല. ക്രിക്കറ്റിൽ ലെഗ് ബൈ ബൗളർ വഴങ്ങിയ റൺസ് ആയി കണക്കാക്കാത്തത് കൊണ്ട് തന്നെ, അർഷദീപിന്റെ ഓവർ ഒരു മൈഡൻ ഓവർ ആയി അവസാനിച്ചു. ഇതിന് പിന്നാലെയാണ് യുവ ബോളറെ തേടി റെക്കോർഡ് എത്തിയത്.

മുൻ ഇന്ത്യൻ ഓൾറൗണ്ടർ അജിത് അഗാർക്കറിന് ശേഷം ടി20 ഫോർമാറ്റിൽ അരങ്ങേറ്റ മത്സരത്തിൽ തന്നെ ആദ്യ ഓവർ മൈഡൻ എറിയുന്ന രണ്ടാമത്തെ താരമായി അർഷദീപ് സിംഗ് മാറി. കളിയിൽ 3.3 ഓവർ എറിഞ്ഞ അർഷദീപ് സിംഗ്, 18 റൺസ് വഴങ്ങി 2 വിക്കറ്റ് വീഴ്ത്തി. ടോപ്ലെ, പാർക്കിൻസൺ എന്നിവരുടെ വിക്കറ്റുകളാണ് യുവതാരം വീഴ്ത്തിയത്.