അച്ഛന്റെ വഴിയേ മകനും!! കർണാടക ടീമിന്റെ നായകനായി 14കാരൻ പയ്യൻ

ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസവും നിലവിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനുമായ രാഹുൽ ദ്രാവിഡിന്റെ, രണ്ടാമത്തെ മകനും ക്രിക്കറ്റിലേക്ക് തന്റെ വരവറിയിച്ചു. രാഹുൽ ദ്രാവിഡിന്റെ രണ്ടാമത്തെ മകൻ അൻവയ് ദ്രാവിഡ് നിലവിൽ കർണാടക അണ്ടർ 14 ടീമിന്റെ ഭാഗമാണ്. ഇപ്പോഴിത, ആരംഭിക്കാനിരിക്കുന്ന സൗത്ത് സോൺ അണ്ടർ 14 ക്രിക്കറ്റ് ടൂർണമെന്റിനായി തയ്യാറെടുക്കുന്ന കർണാടക ടീമിന്റെ ക്യാപ്റ്റനായി അൻവയ് ദ്രാവിഡിനെ നിയോഗിച്ചിരിക്കുകയാണ്.

കർണാടക ജൂനിയർ ടീമിൽ സ്ഥിരതയാർന്ന ബാറ്റിംഗ് പ്രകടനം കൊണ്ട് അൻവയ് ദ്രാവിഡ് ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ കർണാടക അണ്ടർ 14 ടീമിന്റെ ക്യാപ്റ്റൻ ആയി അൻവയ് ദ്രാവിഡിനെ ചുമതലപ്പെടുത്തിയിരിക്കുന്നത്. അൻവയ് തന്റെ പിതാവിനെ പോലെ തന്നെ ഒരു വിക്കറ്റ് കീപ്പർ കൂടിയാണ്. മികച്ച വിക്കറ്റ് കീപ്പിങ്ങിന് ഒപ്പം തന്നെ, തന്റെ പ്രായപരിധിയിലുള്ള മേഖലയിൽ ഇതിനോടകം തന്നെ മികച്ച ബാറ്റിംഗ് പ്രകടനവും അൻവയ് നടത്തിയിട്ടുണ്ട്.

ഒരുസമയത്ത് ഏകദിന, ടെസ്റ്റ് ഫോർമാറ്റുകളിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ സ്ഥിരം വിക്കറ്റ് കീപ്പർ ആയിരുന്നു രാഹുൽ ദ്രാവിഡ്. പിന്നീട്, എംഎസ് ധോണി ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ വിക്കറ്റ് കീപ്പർ സ്ഥാനം ഏറ്റെടുത്തതോടെയാണ് രാഹുൽ ദ്രാവിഡ് സ്റ്റംപിന് പിറകിൽ നിന്ന് മാറിയത്. രാഹുൽ ദ്രാവിഡിന്റെ മൂത്ത മകനായ സമിത് ദ്രാവിഡും ക്രിക്കറ്റർ ആണ്. നേരത്തെ, കർണാടക അണ്ടർ 14 ടീമിന്റെ ഭാഗമായിരുന്ന സമിത് ദ്രാവിഡ്, 2019-20 സീസണിൽ രണ്ട് ഡബിൾ സെഞ്ചുറികൾ അടങ്ങുന്ന പ്രകടനം കാഴ്ചവച്ചിരുന്നു.

അതേസമയം, രാഹുൽ ദ്രാവിഡ് നിലവിൽ ന്യൂസിലാൻഡിനെതിരെ കളിക്കുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീമിനൊപ്പം ആണ്. ന്യൂസിലാൻഡിനെതിരെ ഹൈദരാബാദിൽ നടന്ന ആദ്യ ഏകദിന മത്സരത്തിൽ ഇന്ത്യ വിജയം നേടിയിരുന്നു. ശ്രീലങ്കക്കെതിരായ ഏകദിന പരമ്പര നേട്ടത്തിന് പിന്നാലെ ന്യൂസിലാൻഡിനെ നേരിടുന്ന ടീം ഇന്ത്യക്ക്, നാളെ (ശനിയാഴ്ച) റായ്പൂരിൽ നടക്കാനിരിക്കുന്ന മത്സരം കൂടി വിജയിക്കാൻ സാധിച്ചാൽ ന്യൂസിലാൻഡിനെതിരായ ഏകദിന പരമ്പരയും ഉറപ്പിക്കാൻ കഴിയും.

Rate this post