ഇന്ത്യൻ താരങ്ങൾക്ക് വിദേശ ലീഗുകളിൽ കളിക്കാൻ അനുവാദം നൽകുമോ? മറുപടി പറഞ്ഞ് ഇന്ത്യൻ പരിശീലകൻ രാഹുൽ ദ്രാവിഡ്‌

ലോകകപ്പ് സെമി ഫൈനലിലെ ഇംഗ്ലണ്ടിനെതിരായ പരാജയത്തെ മുൻനിർത്തി ഇന്ത്യൻ ടീമിനെ വിലയിരുത്തരുത് എന്ന് പരിശീലകൻ രാഹുൽ ദ്രാവിഡ്‌ പറഞ്ഞു. ആ ദിവസം ഇംഗ്ലണ്ടിന്റെത് ആയിരുന്നു എന്നും, സെമി ഫൈനൽ മത്സരത്തിൽ ഇംഗ്ലണ്ട് എല്ലാ മേഖലകളിലും ഇന്ത്യയെ നിഷ്പ്രഭരാക്കി എന്ന് പറഞ്ഞ പരിശീലകൻ, ആ മത്സരത്തെ മാത്രം വിലയിരുത്തി ഇന്ത്യൻ ടീം തകർച്ചയിലാണ് എന്ന് പ്രസ്താവിക്കാൻ ആകില്ല എന്ന് വ്യക്തമാക്കി.

“സെമി ഫൈനൽ മത്സരം മാത്രം വിലയിരുത്തി ഇന്ത്യൻ ടീം തകർച്ചയിലാണ് എന്ന് പറയാൻ സാധിക്കില്ല. തീർച്ചയായും അന്ന് ഇംഗ്ലണ്ട് എല്ലാ മേഖലകളിലും ഇന്ത്യയെക്കാൾ മികച്ച രീതിയിൽ കളിച്ചു. മുൻകൂട്ടി നിശ്ചയിച്ചതിലും 15-20 റൺസ് കുറവാണ് ഇന്ത്യക്ക് സ്കോർ ചെയ്യാൻ സാധിച്ചത്. എന്നിരുന്നാലും, ഹാർദിക് പാണ്ഡ്യ മികച്ച രീതിയിൽ ബാറ്റ് വീശി,” മാധ്യമങ്ങളെ കണ്ട രാഹുൽ ദ്രാവിഡ്‌ പറഞ്ഞു.

ഇന്ത്യൻ താരങ്ങളെ വിദേശ ഫ്രാഞ്ചൈസി ടൂർണമെന്റ്കൾ കളിക്കുവാൻ അനുവദിക്കുമോ എന്ന ജേണലിസ്റ്റിന്റെ ചോദ്യത്തിന്, അനുവദിക്കില്ല എന്ന് വ്യക്തമായി പറഞ്ഞ പരിശീലകൻ, അതിന് കൃത്യമായ വിശദീകരണവും നൽകി. “ഇന്ത്യക്ക് വളരെ തിരക്കേറിയ ആഭ്യന്തര ഷെഡ്യൂൾ ആണ് ഉള്ളത്. രഞ്ജി ട്രോഫി ഉൾപ്പെടെ നിരവധി ആഭ്യന്തര ടൂർണമെന്റുകൾ ഉണ്ട്. ഇന്ത്യൻ കളിക്കാരെ വിദേശ ലീഗുകളിൽ കളിക്കാൻ അനുവദിച്ചാൽ, ആഭ്യന്തര ക്രിക്കറ്റിൽ താരങ്ങളുടെ ലഭ്യത കുറയും,” രാഹുൽ ദ്രാവിഡ്‌ പറയുന്നു.

“അങ്ങനെ സംഭവിച്ചാൽ അത് ടെസ്റ്റ്‌ ക്രിക്കറ്റിനെ ബാധിക്കും. ഇപ്പോൾ, വെസ്റ്റ് ഇൻഡീസിന് സംഭവിച്ചത് നമ്മൾ കണ്ടതാണ്. ഇന്ത്യൻ കളിക്കാർ ആഭ്യന്തര മത്സരങ്ങൾ കളിച്ച് കഴിവ് തെളിയിക്കണം,” ദ്രാവിഡ്‌ പറഞ്ഞു. നിലവിൽ ഇന്ത്യൻ കളിക്കാർക്ക് വിദേശ ലീഗുകളിൽ കളിക്കാൻ അനുവാദമില്ല. എന്നിരുന്നാലും, ചെതേശ്വർ പൂജാര, ആർ അശ്വിൻ, ഇശാന്ത്‌ ശർമ്മ തുടങ്ങിയ താരങ്ങൾ ബിസിസിഐയുടെ പ്രത്യേക പെർമിഷൻ നേടി കൗണ്ടി ക്രിക്കറ്റിൽ കളിച്ചിരുന്നു. എന്നാൽ, എല്ലാ കളിക്കാർക്കും വിദേശു ലീഗുകളിൽ കളിക്കാൻ അനുവാദം നൽകിയാൽ അത് ഇന്ത്യയുടെ ആഭ്യന്തര ക്രിക്കറ്റിനെ ബാധിക്കും എന്ന കൃത്യമായ വീക്ഷണമാണ് പരിശീലകൻ നടത്തിയിരിക്കുന്നത്.