ആരാധകരിൽ നിന്ന് ഒളിച്ച് രാഹുൽ ദ്രാവിഡ്‌ ; സിംപ്ലിസിറ്റിയുടെ പര്യായമായ ഇന്ത്യൻ ഇതിഹാസം

ഇന്ത്യൻ ക്രിക്കറ്റിൽ സിംപ്ലിസിറ്റിക്ക് ഒരു പര്യായമുണ്ടെങ്കിൽ അതാണ് മുൻ ഇന്ത്യൻ ബാറ്ററും നിലവിൽ ഇന്ത്യയുടെ മുഖ്യ പരിശീലകനുമായ രാഹുൽ ദ്രാവിഡ്‌. നിലവിൽ, ഐപിഎൽ 2022 സീസൺ പുരോഗമിക്കുന്നതിനാൽ, ഇന്ത്യയുടെ മുഖ്യ പരിശീലകൻ കളിക്കളത്തിന് പുറത്തുള്ള സമയം ആസ്വദിക്കുകയാണ്. അടുത്തിടെ ബംഗളൂരുവിൽ നടന്ന ഒരു പുസ്തക പ്രദർശന പരിപാടിയിൽ ദ്രാവിഡിനെ കാണാൻ ഇടയായി, അവിടെ താര ജാഡകളില്ലാതെ പ്രത്യക്ഷപ്പെട്ട ദ്രാവിഡിന്റെ ലാളിത്യവും താഴേത്തട്ടിലുള്ള സ്വഭാവവും ക്രിക്കറ്റ്‌ ലോകത്ത് സംസാരവിഷയമായി.

‘റിസ്റ്റ് അഷ്വേർഡ്’ എന്ന തന്റെ പുതിയ പുസ്തകത്തെക്കുറിച്ച് സംസാരിക്കാൻ മറ്റൊരു മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഗുണ്ടപ്പ വിശ്വനാഥ് പങ്കെടുത്ത ഒരു ബുക്ക് സ്റ്റോറിൽ നടന്ന പരിപാടിയിൽ ദ്രാവിഡ് പങ്കെടുത്തതായി കാശി എന്ന ട്വിറ്റർ ഉപയോക്താവാണ് വെളിപ്പെടുത്തിയത്. മുൻ ഇന്ത്യൻ നായകൻ മാസ്ക് ധരിച്ചിരുന്നതിനാൽ, അദ്ദേഹത്തിന്റെ സാന്നിധ്യം പരിപാടിയിൽ പങ്കെടുത്ത മറ്റാരും തിരിച്ചറിഞ്ഞുപോലും ഇല്ല എന്നതാണ് വാസ്തവം.

കാശിയുടെ അഭിപ്രായത്തിൽ, ദ്രാവിഡിന്റെ അടുത്തിരുന്ന പെൺകുട്ടിക്ക് പോലും അദ്ദേഹം ആരാണെന്ന് തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല എന്ന് മനസിലാക്കാം. “അദ്ദേഹം (ദ്രാവിഡ്‌) മാസ്ക് ധരിച്ച് ഒറ്റയ്ക്ക് നടന്നു, രാം ഗുഹയെ അഭിവാദ്യം ചെയ്തു, അത് ശരിക്കും രാഹുൽ ദ്രാവിഡ് ആണെന്ന് എനിക്കും സമീറിനും മനസ്സിലായി, അദ്ദേഹം സന്തോഷത്തോടെ അവസാന നിരയിൽ ഒരു ബഹളവുമില്ലാതെ ഇരുന്നു, അതിനാൽ അദ്ദേഹത്തിന്റെ അടുത്തിരുന്ന പെൺകുട്ടിക്ക്, അവൾ ആരോടൊപ്പമാണ് ഇരിക്കുന്നതെന്ന് പോലും മനസ്സിലായിട്ടുണ്ടാകില്ല,” കാശി പങ്കിട്ട ട്വിറ്റർ ത്രെഡിന്റെ ഒരു ഭാഗം പറയുന്നു.

“ഗുണ്ടപ്പ വിശ്വനാഥൻ അഭിവാദ്യം ചെയ്തപ്പോഴാണ് ദ്രാവിഡിന്റെ സാന്നിധ്യത്തെക്കുറിച്ച് ആളുകൾ അറിഞ്ഞത്. പിന്നീട് ഓട്ടോഗ്രാഫിനായി ആളുകൾ തിക്കും തിരക്കും കൂട്ടി. പരിപാടിയുടെ അവസാനം വിശ്വനാഥൻ നിർബന്ധിച്ചതിനെ തുടർന്ന് ദ്രാവിഡ്‌ മനസ്സില്ലാ മനസ്സോടെ വന്ന് ഒന്നാം നിരയിൽ ഇരുന്നു! അദ്ദേഹം അന്നേരം കൊണ്ട് ഏകദേശം 50 പുസ്തകങ്ങളിലെങ്കിലും ഓട്ടോഗ്രാഫ് നൽകിയിട്ടുണ്ടാവും,” ദ്രാവിഡിനെ നേരിട്ട് കണ്ട അനുഭവം ആരാധകൻ വെളിപ്പെടുത്തി.