ദിനേശ് കാർത്തിക് ഇന്ത്യൻ സെലക്ടർമാർക്ക് തലവേദനയാകും; വെറ്റെറൻ താരത്തിന്റെ പ്രകടനം വിലയിരുത്തി ദക്ഷിണാഫ്രിക്കൻ ഇതിഹാസം ഷോൺ പൊള്ളോക്ക്

2022 ഐപിഎൽ സീസൺ ഇതിനോടകം 15 മത്സരങ്ങൾ മാത്രമേ കഴിഞ്ഞിട്ടുള്ളുവെങ്കിലും, ടൂർണമെന്റ് ഇതിനകം തന്നെ വൈവിദ്ധ്യം നിറഞ്ഞ കാഴ്ച്ചകൾ ആരാധകർക്കായി സമ്മാനിച്ചു കഴിഞ്ഞു. തകർപ്പൻ ഫിനിഷുകൾ, ആധിപത്യ വിജയങ്ങൾ, ഉയർന്ന ടോട്ടലുകൾ എല്ലാം കണ്ട ഐപിഎൽ സീസണിൽ ചില യുവ താരങ്ങളുടെ പിറവിക്കും, ചില വെറ്റെറൻ താരങ്ങളുടെ തിരിച്ചുവരവിനും ആരാധകർ സാക്ഷികളായി.

തിലക് വർമ്മ, ആയുഷ് ബഡോണി തുടങ്ങിയ യുവതാരങ്ങൾ തങ്ങളുടെ വരവറിയിച്ച ഐപിഎൽ സീസണിൽ, വെറ്റെറൻ വിക്കറ്റ് കീപ്പർ ദിനേശ് കാർത്തിക്കിന്റെ തിരിച്ചുവരവിന് കൂടി ആരാധകർ സാക്ഷ്യം വഹിച്ചു. കഴിഞ്ഞ ദിവസം രാജസ്ഥാൻ റോയൽസിനെതിരെ നടന്ന മത്സരത്തിൽ 170 റൺസ് പിന്തുടരുന്നതിനിടെ 87/5 എന്ന നിലയിൽ നിന്ന് ആർസിബിയെ കരകയറ്റാൻ ഇന്ത്യൻ വെറ്ററൻ താരം ദിനേശ് കാർത്തിക്കും (23 പന്തിൽ 44*) ഷഹബാസ് അഹമ്മദും (26 പന്തിൽ 45) ഉജ്ജ്വലമായ പ്രകടനം പുറത്തെടുത്തിരുന്നു.

ടൂർണമെന്റിന്റെ നിലവിലെ പതിപ്പിൽ കളിച്ച മൂന്ന് ഇന്നിംഗ്സുകളിലും പുറത്തായിട്ടില്ലാത്ത 36-കാരനായ കാർത്തിക്, മൂന്ന് ഗെയിമുകളിൽ നിന്ന് യഥാക്രമം 32* (14 പന്തിൽ), 14* (7 പന്തിൽ), 44* എന്നീ സ്‌കോറുകൾ രേഖപ്പെടുത്തി. കാർത്തിക് തന്റെ ഫോം തുടരുകയാണെങ്കിൽ, അദ്ദേഹം തീർച്ചയായും ഇന്ത്യൻ ടീമിലേക്ക് തിരിച്ചുവരും എന്ന് മുൻ ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ ഷോൺ പൊള്ളോക്ക് വിശ്വസിക്കുന്നു.

“കാർത്തിക് ഇപ്പോൾ കളിക്കുന്ന രീതിയിൽ, ഈ ഫോം തുടർന്നാൽ, അത് ഇന്ത്യൻ ടീമിന്റെ സെലക്ഷൻ പാനലിന് തലവേദനയാവും. ഋഷഭ് പന്ത് വിക്കറ്റ് കീപ്പറുടെ റോളിൽ ഉണ്ടാവും എന്നതാണ് കാർത്തിക്കിന്റെ മുന്നിൽ നിൽക്കുന്ന ഏക തടസ്സം. എന്നിരുന്നാലും, കാർത്തിക്കിന്റെ ബാറ്റിംഗ് മികച്ചതാണെങ്കിൽ, അദ്ദേഹത്തിന് ഏത് റോൾ വേണമെങ്കിലും നൽകാവുന്നതാണ്. പക്ഷേ, ഈ ഘട്ടത്തിൽ അദ്ദേഹം പോലും ഇത് ചർച്ച ചെയ്യാൻ ആഗ്രഹിക്കുന്നുവെന്ന് ഞാൻ കരുതുന്നില്ല. അവൻ ഓരോ കളിയിലും ശ്രദ്ധ കേന്ദ്രീകരിക്കട്ടെ, അവന് തന്റെ പരമാവധി ചെയ്യാൻ കഴിയട്ടെ,” പൊള്ളോക്ക് പറഞ്ഞു.