ഋഷഭ് പന്തോ കാർത്തിക്കോ? സെമി ഫൈനലിൽ ആരിറങ്ങും ? വ്യക്തമാക്കി ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ

ടി20 ലോകകപ്പിലെ ഇന്ത്യയുടെ ഇതുവരെയുള്ള മത്സരങ്ങളിൽ ഗ്രൂപ്പ് സ്റ്റേജിലെ സിംബാബ്‌വെക്കെതിരായ അവസാന മത്സരത്തിൽ മാത്രമാണ് ഇന്ത്യൻ വിക്കറ്റ് കീപ്പർ ഋഷഭ് പന്തിന് കളിക്കാൻ അവസരം ലഭിച്ചത്. ആദ്യം കളിച്ച നാല് മത്സരങ്ങളിലും ദിനേശ് കാർത്തിക്കിനെ ആണ് ഇന്ത്യ വിക്കറ്റ് കീപ്പറായി പ്ലെയിംഗ് ഇലവനിൽ ഉൾപ്പെടുത്തിയത്. ഫിനിഷർ എന്ന നിലയിലാണ് ഇന്ത്യ കാർത്തിക്കിന് ടീമിൽ മുൻഗണന നൽകുന്നത്. സിംബാബ്‌വെക്കെതിരെ ലഭിച്ച അവസരത്തിൽ 5 പന്തിൽ 3 റൺസ് മാത്രമാണ് ഋഷഭ് പന്തിന് സ്കോർ ചെയ്യാൻ സാധിച്ചത്.

ഇനി ഇന്ത്യക്ക് മുൻപിലുള്ളത് നിർണായകമായ സെമി, ഫൈനൽ മത്സരങ്ങളാണ്. അതുകൊണ്ടുതന്നെ വരുന്ന മത്സരങ്ങളിൽ ഋഷഭ് പന്തിന് അവസരം നൽകുമോ എന്ന സംശയത്തിന് മത്സരത്തിന് മുന്നോടിയായി നടന്ന പ്രസ്‌ മീറ്റിൽ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ മറുപടി നൽകി. “പന്തിനും ഡികെക്കും ഇടയിൽ, കഴിഞ്ഞ മത്സരത്തിന് മുൻപ് ഞാൻ പറഞ്ഞിരുന്ന കാര്യങ്ങൾ തന്നെയാണ് എനിക്ക് ഇപ്പോഴും ആവർത്തിക്കാൻ ഉള്ളത്,” രോഹിത് ശർമ്മ പറയുന്നു.

“അന്ന് ഞാൻ പറഞ്ഞിരുന്നു, പെർത്തിൽ ഞങ്ങൾ കളിച്ച രണ്ട് ഗെയിമുകൾ ഒഴികെ ഈ ടൂറിൽ കളിക്കാൻ കഴിയാത്ത ഒരേ ഒരു വ്യക്തി ഋഷഭ് ആയിരുന്നു. അത് അനൗദ്യോഗിക പരിശീലന ഗെയിമുകൾ ആയിരുന്നു. എന്നാൽ അതിനുശേഷം അദ്ദേഹത്തിന്റെ ഒരു അവസരം ലഭിച്ചില്ല, അതുകൊണ്ടുതന്നെ അവനെ ഒരു അവസരം നൽകാൻ ഞങ്ങൾ തീരുമാനിച്ചു. അതുപോലെ സെമിയിൽ മാറ്റങ്ങൾ വരുത്തണമെങ്കിൽ, അല്ലെങ്കിൽ ഫൈനലിൽ, ഞങ്ങൾ അത് ചെയ്യുക തന്നെ ചെയ്യും,” രോഹിത് പറഞ്ഞു.

“പെട്ടെന്ന് ഒരാളെ ഗെയിം കളിപ്പിക്കുന്നത് അന്യായമായിരിക്കും, അതുകൊണ്ടാണ് ഞങ്ങൾ അവന് കഴിഞ്ഞ മത്സരത്തിൽ അവസരം നൽകിയത്. എന്നാൽ, സെമി, ഫൈനൽ എന്നിങ്ങനെയുള്ള നിർണായക ഗെയിമുകൾക്ക് എല്ലാവരും തയ്യാറായിരിക്കണം എന്ന് ഞങ്ങൾ ആദ്യം മുതൽ തന്നെ ഞങ്ങളുടെ കളിക്കാരോട് പറഞ്ഞിട്ടുണ്ട്. അവർ അതിനു തയ്യാറാകണം,” രോഹിത് ശർമ്മ കൂട്ടിച്ചേർത്തു. ഇന്ത്യ സെമിഫൈനൽ ഉറപ്പിച്ച ശേഷമുള്ള മത്സരത്തിലാണ് ഋഷഭ് പന്തിന് അവസര നൽകിയത്. അതേസമയം വരാനിരിക്കുന്ന നിർണായ മത്സരങ്ങളിൽ ഇന്ത്യ കാർത്തിക്കിനെ തന്നെ ഇറക്കാനാണ് കൂടുതൽ സാധ്യത.