മുഹമ്മദ്‌ ഷാമി ‘ടോ ർച്ചർ ഷാമി’ ആയ കഥ വെളിപ്പെടുത്തി മുൻ ഇന്ത്യൻ താരം ദിനേശ് കാർത്തിക്

ഓസ്ട്രേലിയക്കെതിരായ നാഗ്പൂർ ടെസ്റ്റിൽ ഇന്ത്യൻ നിരയിൽ സ്പിന്നർമാർ തിളങ്ങിയപ്പോൾ, ഫാസ്റ്റ് ബൗളർമാരിൽ മികച്ചു നിന്ന താരമാണ് മുഹമ്മദ് ഷാമി. ഒന്നാം ഇന്നിംഗ്സിൽ അപകടകാരിയായ ഓസ്ട്രേലിയൻ ഓപ്പണർ ഡേവിഡ് വാർണറെ തുടക്കത്തിൽ തന്നെ ബൗൾഡ് ചെയ്ത് പുറത്താക്കാൻ മുഹമ്മദ് ഷാമിക്ക് സാധിച്ചിരുന്നു. ബാറ്റർമാർ നേരിടാൻ എപ്പോഴും ബുദ്ധിമുട്ടുന്ന ഒരു ബൗളർ ആണ് മുഹമ്മദ് ഷാമി. എതിരാളികൾ മാത്രമല്ല, നെറ്റ്സിൽ ഷാമിയെ നേരിടാൻ തങ്ങളും ഏറെ കഷ്ടപ്പെടാറുണ്ട് എന്ന് തുറന്നു പറയുകയാണ് മുൻ ഇന്ത്യൻ താരം.

മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ ദിനേശ് കാർത്തിക് ആണ്, മുഹമ്മദ് ഷാമിയെ കുറിച്ചുള്ള അനുഭവം പങ്കുവെച്ചത്. തന്റെ കരിയറിൽ നെറ്റ്സിൽ താൻ നേരിടാൻ ഏറ്റവും വെറുത്ത ബൗളർ ആണ് മുഹമ്മദ് ഷാമി എന്ന് പറഞ്ഞ ദിനേശ് കാർത്തിക്, ഇത് തന്റെ മാത്രം അനുഭവം അല്ല എന്നും പറഞ്ഞു. “നെറ്റ്സിൽ ഞാൻ നമ്മുടെ ഒരുപാട് ബൗളർമാർക്കെതിരെ കളിച്ചിട്ടുണ്ട്. എന്നാൽ എന്റെ കരിയറിൽ ഞാൻ നെറ്റ്സിൽ നേരിടുന്നതിൽ ഏറ്റവും വെറുത്ത ബൗളർ മുഹമ്മദ് ഷാമി ആണ്,” ദിനേശ് കാർത്തിക് പറയുന്നു.

“അതുകൊണ്ട് തന്നെ ഞാൻ അദ്ദേഹത്തെ ടോർച്ചർ ഷാമി എന്നാണ് വിളിക്കാറുള്ളത്. എന്നാൽ ഇത് എന്റെ മാത്രം അനുഭവം അല്ല. ഞാൻ മറ്റുള്ളവരോട് ചോദിച്ചപ്പോൾ, വിരാട് കോഹ്ലി, രോഹിത് ശർമ എന്നിവർ എല്ലാം തന്നെ നെറ്റ്സിൽ ഷാമിയെ നേരിടാൻ ഇഷ്ടപ്പെടുന്നില്ല എന്ന് അറിയാൻ സാധിച്ചു. ഷാമിയുടെ സീം പൊസിഷനും, ലെങ്ത്തും ആണ് അദ്ദേഹത്തിന്റെ ഏറ്റവും പ്രധാനമായ കൈമുതൽ,” ദിനേശ് കാർത്തിക് പറഞ്ഞു.

“അദ്ദേഹത്തിന്റെ ബോളുകളിൽ അധികവും ബാറ്റർമാർ വിക്കറ്റ് കീപ്പർക്കോ സ്ലിപ്പിൽ നിൽക്കുന്ന ഫീൽഡർക്കോ ക്യാച്ച് നൽകി ആയിരിക്കും വിക്കറ്റ് നഷ്ടപ്പെടുത്തുക. എന്നാൽ, ഷാമിയുടെ ബോൾ ബാറ്റർമാർക്ക് പ്രയാസം സൃഷ്ടിക്കും എങ്കിലും, അദ്ദേഹത്തിന് അധികം വിക്കറ്റുകൾ ലഭിക്കുന്നില്ല എന്നത് അദ്ദേഹത്തെ നിർഭാഗ്യവാനാക്കുന്നു,” ദിനേശ് കാർത്തിക് പറഞ്ഞു. ടെസ്റ്റ്‌, ഏകദിന, ടി20 ഫോർമാറ്റുകളിൽ മുഹമ്മദ് ഷാമി മികച്ച പ്ലെയര്‍ ആണെങ്കിൽ പോലും, അദ്ദേഹത്തിന്റെ ഫിറ്റ്നസ് കണക്കിലെടുത്ത് സമീപകാലത്ത് അദ്ദേഹത്തെ ക്രിക്കറ്റിന്റെ കുട്ടി ഫോർമാറ്റിൽ നിന്ന് മാറ്റി നിർത്താറുണ്ട്.

Rate this post