റിഷഭ് പന്തിനെ അപമാനിച്ച ഇംഗ്ലണ്ട് ക്രിക്കറ്റ്‌ ബോർഡിനെതിരെ ആഞ്ഞടിച്ച് ദിനേശ് കാർത്തിക്

പുരോഗമിക്കുന്ന എഡ്ജ്ബാസ്റ്റൺ ടെസ്റ്റിൽ തകർച്ചയുടെ പടുകുഴിയിലേക്ക് വീണ ഇന്ത്യയെ വിക്കറ്റ് കീപ്പർ റിഷഭ് പന്തും രവീന്ദ്ര ജഡേജയും ചേർന്നാണ് കരപിടിച്ച് കയറ്റിയത്. മത്സരത്തിന്റെ ആദ്യ ദിനം ഇന്ത്യയ്ക്കെതിരെ ഇംഗ്ലണ്ട് ആധിപത്യം പുലർത്തും എന്ന് തോന്നിപ്പിച്ചെങ്കിലും, മത്സരം ഇംഗ്ലണ്ടിന്റെ കയ്യിൽ നിന്ന് തട്ടിത്തെറിപ്പിച്ച് ഇന്ത്യയുടെ വരുതിയിലാക്കിയത് റിഷഭ് പന്തിന്റെ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനമാണ്.

ഇന്ത്യ ഒരു സമയത്ത് 98/5 എന്ന നിലയിലേക്ക് കൂപ്പുകുത്തിയപ്പോൾ, അവിടെ നിന്ന് ഇന്ത്യയെ 320/6 എന്ന നിലയിലേക്ക് ഉയർത്തിയത് റിഷഭ് പന്തും ജഡേജയും കെട്ടിപ്പടുത്ത കൂട്ടുകെട്ടാണ്. മത്സരത്തിൽ, 111 പന്തുകളിൽ നിന്ന് 19 ഫോറും 4 സിക്സും സഹിതം 146 റൺസ് നേടിയ പന്തിനെ പുറത്താക്കാൻ ഇംഗ്ലണ്ട് ബൗളർമാർ പതിനെട്ട് അടവും പയറ്റിയെങ്കിലും, ഒടുവിൽ ഇംഗ്ലണ്ടിന്റെ പാർട് ടൈം ബൗളർ ജോ റൂട്ട് ആണ് റിഷഭ് പന്തിനെ മടക്കിയത്.

റിഷഭ് പന്തിന്റെ വിക്കറ്റ് നേട്ടത്തിന് പിന്നാലെ, ഇംഗ്ലീഷ് ക്രിക്കറ്റ്‌ എന്ന ഇംഗ്ലണ്ട് ക്രിക്കറ്റ്‌ ബോർഡിന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ, അടിച്ചുപറത്തിയ റിഷഭ് പന്തിനെ ജോ റൂട്ട് പുറത്താക്കി എന്നാണ് ട്വീറ്റ് ചെയ്തത്. എന്നാൽ, ഈ ട്വീറ്റ് ഇന്ത്യൻ ദിനേശ് കാർത്തിക്കിനെ പ്രകോപിതനാക്കി.

മികച്ച ഇന്നിംഗ്സ് കാഴ്ച്ചവെച്ച പന്തിനെ താഴ്ത്തി കാണിക്കുന്ന രീതിയിലാണ് ഇംഗ്ലീഷ് ക്രിക്കറ്റിന്റെ ട്വീറ്റ് എന്ന കാര്യമാണ് ദിനേശ് കാർത്തിക്കിനെ ചൊടിപ്പിച്ചത്.അസാമാന്യമായ പ്രകടനം പുറത്തെടുത്ത റിഷഭ് പന്തിനെ കുറിച്ച് കുറച്ച് കൂടി മാന്യമായ രീതിയിൽ ട്വീറ്റ് ചെയ്യാമായിരുന്നു എന്നാണ് ദിനേശ് കാർത്തിക് ട്വീറ്റ് ചെയ്തത്.