എന്തുകൊണ്ട് ദിനേശ് കാർത്തിക്കിന് മാത്രം പ്രത്യേക ഹെൽമെറ്റ് ; ഹെൽമെറ്റിലെ വിജയ രഹസ്യം
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പതിനഞ്ചാം സീസണിൽ തുടർച്ചയായ ഇന്നിംഗ്‌സുകളിൽ ഫിനിഷറുടെ റോൾ ഗംഭീരമായി നിർവഹിച്ച റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ വെറ്ററൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ ദിനേഷ് കാർത്തിക് ആണ് ഇപ്പോൾ ക്രിക്കറ്റ് ലോകത്ത് ചർച്ചാ വിഷയം. കളിച്ച മൂന്ന് ഇന്നിംഗ്‌സുകളിലും പുറത്താകാതെ 204.54 സ്‌ട്രൈക്ക് റേറ്റിൽ 90 റൺസ് നേടിയ കാർത്തിക് തന്റെ ടീമിനായി മത്സരങ്ങൾ വിജയിപ്പിച്ചു എന്ന് മാത്രമല്ല, ഐപിഎൽ 2022 ലെ ഏറ്റവും ഉയർന്ന സ്‌ട്രൈക്ക് റേറ്റിന്റെ (കുറഞ്ഞത് 50 റൺസ്) കാര്യത്തിൽ മൂന്നാമത്തെ മികച്ച ബാറ്ററായി മാറുകയും ചെയ്തു.
36-കാരനായ കാർത്തിക്കിന് അതിവേഗം റൺസ് നേടുന്നത് പുതുമയുള്ള കാര്യമല്ലെങ്കിലും, കൊൽക്കത്ത നൈറ്റ് റൈഡേഴ്സിലെ മോശം പ്രകടനത്തിന് ശേഷം അദ്ദേഹം ഫോമിൽ തിരിച്ചെത്തിയത് ആരാധകരെ ആവേശത്തിലാക്കി. കാർത്തിക്കിന്റെ ബാറ്റിംഗ് മികവിനോപ്പം അദ്ദേഹം എക്കാലത്തും ഉപയോഗിക്കുന്ന മറ്റു കളിക്കാരിൽ നിന്ന് വ്യത്യസ്തമായ പാരമ്പര്യേതര ഹെൽമെറ്റിലും ആരാധകരുടെ ശ്രദ്ധ ആകർഷിക്കുകയാണ്.കാർത്തിക് അത്തരമൊരു അസാധാരണ ഹെൽമെറ്റ് ധരിക്കുന്നതിന് പ്രത്യേക കാരണങ്ങളൊന്നുമില്ല എന്നതാണ് വസ്തുത.

എന്നിരുന്നാലും, ഈ ഹെൽമെറ്റിന്റെ ഭാരം കുറവാണ് എന്നത് ഒരു സാങ്കേതിക കാരണമാണ്. എങ്കിലും, ഉപകരണങ്ങളുടെ തിരഞ്ഞെടുപ്പ് കളിക്കാരുടെ വ്യക്തിഗത മുൻഗണനകളെ ആശ്രയിച്ചിരിക്കുന്നു. കാർത്തിക്കിന്റെ ബാറ്റിംഗ് ഹെൽമറ്റ് മാത്രമല്ല, മുൻകാലങ്ങളിൽ അദ്ദേഹത്തിന്റെ വിക്കറ്റ് കീപ്പിംഗ് ഹെൽമെറ്റും സഹ കീപ്പർമാരിൽ നിന്ന് വ്യത്യസ്തമായിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റിലും ഐപിഎല്ലിലും കാർത്തികിന്റെ വിക്കറ്റ് കീപ്പിംഗ് ഹെൽമറ്റ് ഒരു ബേസ്ബോൾ-ടൈപ്പ് ഫെയ്സ് പ്രൊട്ടക്ടർ ഗാർഡാണ്, ഇത് ക്രിക്കറ്റ് നിയമങ്ങളിൽ അനുവദനീയവുമാണ്.
കഴിഞ്ഞ സീസണിൽ നൈറ്റ് റൈഡേഴ്‌സിൽ (ഇപ്പോൾ സൺറൈസേഴ്‌സ് ഹൈദരാബാദ്) കാർത്തിക്കിന്റെ സഹതാരമായ അൺക്യാപ്ഡ് ഇന്ത്യൻ ബാറ്റർ രാഹുൽ ത്രിപാഠിയും സമാനമായ തരം ബാറ്റിംഗ് ഹെൽമറ്റ് ധരിക്കുന്നു. മുൻ ശ്രീലങ്കൻ ക്യാപ്റ്റൻ കുമാർ സംഗക്കാരയും മുൻ ഇംഗ്ലണ്ട് ബാറ്റർമാരായ ജെയിംസ് ടെയ്‌ലറും മൈക്കൽ കാർബെറിയും അത്തരം ഹെൽമെറ്റുകളെ പിന്തുണച്ചിരുന്നു.