“ഇനി നമ്മൾ സഞ്ജുവിനായി സംസാരിക്കണം “തുറന്ന് സമ്മതിച്ചു ദിനേശ് കാർത്തിക്ക്

മലയാളി വിക്കറ്റ് കീപ്പർ സഞ്ജു സാംസണ് ഇന്ത്യൻ ടീമിൽ അർഹിക്കുന്ന അവസരങ്ങൾ നൽകുന്നില്ല എന്ന വിമർശനം ക്രിക്കറ്റിന്റെ പല കോണുകളിൽ നിന്ന് നിരവധി പേർ ഉയർത്തിയിരുന്നു. ഇപ്പോൾ ഇന്ത്യൻ ടീമിൽ നിന്ന് തന്നെ ഈ സ്വരം ഉയർന്നു കേൾക്കുകയാണ്. വിക്കറ്റ് കീപ്പർ ദിനേശ് കാർത്തിക് ആണ് സഞ്ജു സാംസനെ എന്തുകൊണ്ട് ടീമിലേക്ക് പരിഗണിക്കുന്നില്ല എന്ന ചോദ്യം മുന്നോട്ടു വച്ചിരിക്കുന്നത്. സഞ്ജുവിനെ കുറിച്ച് നമ്മൾ സംസാരിക്കേണ്ടതുണ്ട് എന്നും അവൻ മികച്ച കളിക്കാരനാണ് എന്നും ദിനേശ് കാർത്തിക് പറഞ്ഞു.

കഴിഞ്ഞ ന്യൂസിലാൻഡിനെതിരായ ടി20 , ഏകദിന പരമ്പരകൾക്കുള്ള ഇന്ത്യൻ സ്‌ക്വാഡിൽ സഞ്ജു ഉണ്ടായിരുന്നുവെങ്കിലും, ആകെ ഒരു ഏകദിന മത്സരത്തിൽ മാത്രമാണ് സഞ്ജുവിന് കളിക്കാൻ അവസരം ലഭിച്ചത്. അവസരം ലഭിച്ച മത്സരത്തിൽ സഞ്ജു പക്വതയോടെ ബാറ്റ് ചെയ്തുവെങ്കിലും, തുടർന്നുള്ള മത്സരങ്ങളിൽ അദ്ദേഹത്തെ ബെഞ്ചിൽ ഇരുത്താനായിരുന്നു ഇന്ത്യൻ മാനേജ്മെന്റ് തീരുമാനിച്ചത്. ഇപ്പോൾ പുരോഗമിക്കുന്ന ബംഗ്ലാദേശിനെതിരായ പര്യടനത്തിൽ സഞ്ജുവിന് ഇന്ത്യൻ ടീമിൽ അവസരവും നൽകിയില്ല.

2023 ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ തയ്യാറെടുപ്പുകളെ കുറിച്ച് സംസാരിക്കുന്നതിനിടയിലാണ് ദിനേശ് കാർത്തിക് സഞ്ജു സാംസനെ കുറിച്ച് സംസാരിച്ചത്. “സഞ്ജു സാംസണെ കുറിച്ച് നമ്മൾ സംസാരിക്കേണ്ടത് ഉണ്ട്. എനിക്ക് ഏറ്റവും ഇഷ്ടമുള്ള കളിക്കാരിൽ ഒരാളാണ് സഞ്ജു. അവൻ വളരെ മികച്ച ഒരു കളിക്കാരൻ ആണ്. സഞ്ജുവിനെ ടീമിൽ ഉൾപ്പെടുത്തുന്നത് ഇന്ത്യൻ മധ്യനിരക്ക് ശക്തി പകരും. അടുത്ത ഓഗസ്റ്റ് 15 നുള്ളിൽ നമ്മൾ ഒരു ടീം കണ്ടെത്തേണ്ടതുണ്ട്. അതുകൊണ്ടുതന്നെ കൂടുതൽ താരങ്ങൾക്ക് ലഭ്യമായ അവസരങ്ങൾ നൽകി അവരുടെ കഴിവ് പരീക്ഷിക്കേണ്ടതുണ്ട്,” ദിനേശ് കാർത്തിക് പറഞ്ഞു .

ആകെ 11 അന്താരാഷ്ട്ര ഏകദിന മത്സരങ്ങൾ മാത്രമാണ് സഞ്ജു കളിച്ചിട്ടുള്ളത്. 11 മത്സരങ്ങളിൽ നിന്ന് 66 ശരാശരിയിൽ 107 സ്ട്രൈക്ക് റേറ്റോടെ 330 റൺസ് ആണ് സഞ്ജുവിന്റെ സമ്പാദ്യം. സഞ്ജു സാംസൺ , ഇഷാൻ കിഷൻ തുടങ്ങിയ വിക്കറ്റ് കീപ്പർമാർ എല്ലാം ലഭ്യമായിട്ടും, തുടർച്ചയായി ഫോം കണ്ടെത്തുന്നതിൽ പരാജയപ്പെടുന്ന റിഷഭ് പന്തിനാണ് ഇന്ത്യ വീണ്ടും വീണ്ടും അവസരങ്ങൾ നൽകുന്നത് എന്നത് ഇന്ത്യൻ ക്രിക്കറ്റ് ആരാധകരുടെ നീരസത്തിനും കാരണമായിട്ടുണ്ട്.

Rate this post